പുലിമുട്ട് മുറിച്ചതോടെ തീരം കടലെടുക്കുന്നു: നാട്ടുകാര്‍ ഭീതിയില്‍
എം.എം.അന്‍സാര്‍
കഴക്കൂട്ടം: പെരുമാതുറ മുതലപ്പൊഴി തുറമുഖത്ത് അദാനി നിര്‍മാണം പൂര്‍ത്തിയാക്കി വരുന്ന വാര്‍ഫിന് സമീപം സുരക്ഷാ ഭിത്തി ഇല്ലാത്തത് കാരണം തീരം കടലെടുക്കുന്നു. ഓരോ ദിവസവും ഇതിന്റെ അളവ് കൂടി കൂടി വന്നതോടെ ജനം ഭീതിയിലും ആശങ്കയിലുമായിട്ടുണ്ട്. ഏകദേശം ഒരു വര്‍ഷത്തോട് അടുക്കുകയാണ് വാര്‍ഫിന്റെ നിര്‍മാണം തുടങ്ങിയിട്ട്. നിര്‍മാണ പ്രവര്‍ത്തനം അവസാന ഘട്ടത്തിലാണ്. തുറമുഖത്തിന്റെ ഏറ്റവും പ്രധാനമായ പെരുമാതുറ ഭാഗത്തെ പുലിമുട്ട് ഒരു ഭാഗം മുറിച്ച് മാറ്റി കൂറ്റന്‍ ബാര്‍ജിനും കപ്പലുകള്‍ക്കും വാര്‍ഫിന് സമീപത്തേക്ക് പ്രവേശിക്കാനുള്ള സൗകര്യം ഒരുക്കിയതോടെ പുലിമുട്ടിന് ഇടതവശത്തെ തീരം കടല്‍ കയറി തുടങ്ങിയത്. ആദ്യമൊക്കെ ചെറിയ രീതിയിലാണ് വെള്ളം കയറി തീരം നഷ്ട്ടപ്പെട്ടതെങ്കില്‍ വാര്‍ഫിന് മുന്നില്‍ ഡ്രഡ്ജിങ് തുടങ്ങിയതോടെയാണ് തീരത്ത് അമിതമായി വെള്ളം കയറി തുടങ്ങിയത്. ഇത് പരിസരവാസികളില്‍ ഭീതി ഉളവാക്കിയിട്ടുണ്ട്.
വാര്‍ഫ് നിര്‍മാണം തുടങ്ങുന്നതിന് മുന്‍പ് തന്നെ വാര്‍ഫിന് ചുറ്റാകെ സുരക്ഷാ ഭിത്തി നിര്‍മിക്കുമെന്ന് അദാനി നാട്ടുകാര്‍ക്ക് ഉറപ്പ് കൊടുത്തിരുന്നു. എന്നാല്‍ വാര്‍ഫിന് തെക്ക് വശവും പടിഞ്ഞാറ് വശവും പുലിമുട്ട് മുറിച്ച് മാറ്റിയ കരിങ്കല്ല് കൊണ്ട് ചെറിയ തോതില്‍ സുരക്ഷാ ഭിത്തി നിര്‍മിച്ചിട്ടുണ്ടെങ്കിലും കിഴക്ക് വഷം തുറന്ന് കിടക്കുന്ന അവസ്ഥയാണ്. ഇത് കാരണമാണ് കടല്‍വെള്ളം കരയിലോട്ട് കയറി കൊണ്ടിരിക്കുന്നത്. നേരത്തെ തന്നെ സുരക്ഷാ ഭിത്തി നിര്‍മിച്ച് കൊണ്ട് പുലിമുട്ട് പൊളിച്ച് മാറ്റിയിരുന്നെങ്കില്‍ തീരത്ത് വെള്ളം കയറുന്നത് തടയാമായിരുന്നു. എന്നാല്‍ അദാനിയില്‍ നിന്നും വാര്‍ഫിന്റെ നിര്‍മാണ ചുമതല ഏറ്റെടുത്തിരിക്കുന്ന കമ്പനി പ്രതിനിധികള്‍ പറയുന്നത് ഈ ഭാഗത്ത് സുരക്ഷാ ഭിത്തി ഉടന്‍ നിര്‍മിക്കുമെന്നാണ്. പക്ഷേ കടല്‍വെള്ളം കയറി തീരം കടലെടുത്ത് കൊണ്ടിരിക്കുന്ന ഈ അവസ്ഥ തുടരുന്നതാണ് ഇപ്പോഴും കാണാന്‍ കഴിയുന്നത്. ഇനിയും ഇതിന് പരിഹാരം കാണാതെ ഡ്രഡ്ജിങ് തുടര്‍ന്നാല്‍ തീരം കൂടുതലായി നഷ്ട്ടപ്പെടുന്ന അവസ്ഥയിലേക്ക് നീങ്ങും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണത്തിന് ആവശ്യമായ കുറ്റന്‍ പാറകള്‍ ജില്ലയിലെ വിവിധ കോറികളില്‍ നിന്നും മുതലപ്പൊഴിയിലെത്തിച്ച ശേഷം ഇവിടെ നിന്നും കടല്‍ മാര്‍ഗം വിഴിഞ്ഞെത്തെത്തിക്കുന്നതിനാണ് ഏകദേശം 50 കോടിയോളം ചിലവഴിച്ച് കൊണ്ടു വാര്‍ഫ് നിര്‍മാണം അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നത്. പെരുമാതുറയുടെ അനന്തമായ ടൂറിസ സാധ്യതയെ കുഴിച്ച് മൂടി കൊണ്ട് കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ അനുവദിച്ച മൂന്ന് കോടി രൂപയുടെ ടൂറിസം പദ്ധതി നടപ്പിലാക്കേണ്ട സ്ഥലത്താണ് വാര്‍ഫ് നിര്‍മാണം പുരോഗമിക്കുന്നത്. ഇതിനെതിരേ നാട്ടുകാരുടെ ശക്തമായ പ്രതിഷേധങ്ങളെ പൊള്ളയായ വാഗ്ദാനങ്ങള്‍ കൊണ്ടാണ് അധികൃതര്‍ അവസാനിപ്പിച്ചത്. വാര്‍ഫ് നിര്‍മാണത്തോടൊപ്പം അതിന് പുറകിലായി ടൂറിസം പദ്ധതി തുടങ്ങുമെന്ന് വകുപ്പ് മന്ത്രിയും ഫിഷറീസ് മന്ത്രിയും സമരക്കാര്‍ക്ക് ഉറപ്പ് കൊടുത്തിരുന്നു.എന്നാല്‍ ഇതൊന്നും നടന്നില്ലന്ന് മാത്രമല്ല ഇപ്പോള്‍ വാര്‍ഫ് നിര്‍മാണത്തിന്റെ ഭീതിയില്‍ തങ്ങള്‍ക്ക് ഇവിടെ നിന്നും മാറി പോകേണ്ട അവസ്ഥയുണ്ടാകുമോ എന്ന ഭീതിയിലാണ് പ്രദേശത്തെ മത്സ്യത്തൊഴിലാളികളും നാട്ടുകാരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."