ഫ്രഞ്ച് കിസ്
മോസ്കോ: ക്രൊയേഷ്യയെ രണ്ടിനെതിരേ നാലു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഫ്രാന്‍സ് 21 ാമത് ലോകകപ്പില്‍ ചാംപ്യന്മാരായി. മോസ്കോയിലെ ലുഷ്നിക്കി സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തിലായിരുന്നു ഫ്രാന്‍സിന്റെ ആധികാരിക ജയം. ഇതോടെ ഫ്രാന്‍സിന് രണ്ട് ലോകകപ്പ് കിരീടങ്ങളായി. 1998ലായിരുന്നു ഫ്രാന്‍സ് ഇതിന് മുമ്പ് ലോകകപ്പ് ജേതാക്കളായത്. ക്രൊയേഷ്യയുടെ കന്നി ലോകകപ്പ് ഫൈനലായിരുന്നു.
ഇന്നലത്തെ ലോകകപ്പ് നേട്ടത്തോടെ ലോക കിരീടം യൂറോപ്പിലേക്കെത്തുന്നത് 12ാമത്തെ തവണയായി. വിവിധ വന്‍കരകളില്‍നിന്ന് പങ്കെടുത്ത 32 ടീമുകളില്‍നിന്ന് യൂറോപ്പില്‍നിന്നുള്ള ക്രൊയേഷ്യയും ഫ്രാന്‍സും തമ്മിലായിരുന്നു കലാശപ്പോരാട്ടം നടന്നത്. കപ്പ് നേടാനുറച്ചുവന്ന വമ്പന്മാര് പാതിവഴിയില്‍ നാട്ടിലേക്കു തിരിച്ചതോടെയാണ് ക്രൊയേഷ്യ ചരിത്രത്തിലാദ്യമായി ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചത്. ചരിത്രത്തിലാദ്യമായി ബെല്‍ജിയം മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു. ബ്രസീല്‍, അര്‍ജന്റീന, സ്പെയിന്, പോര്‍ച്ചുഗല്‍, ജര്‍മനി, ഇംഗ്ലണ്ട് എന്നിങ്ങനെയുള്ള വമ്പന്മാര്ക്കു തുടക്കത്തില്‍ തന്നെ അടിപതറി. 18-ാം മിനുട്ടില്‍ മാരിയോ മാന്‍സൂക്കിച്ചിന്റെ സെല്‍ഫ് ഗോളിലൂടെ ഫ്രാന്‍സ് മുന്നിലെത്തി. എന്നാല്‍ അധികം വൈകും മുമ്പെ 18-ാം മിനുട്ടില്‍ ഇവാന് പെരിസിച്ച് ഗോള്‍ മടക്കി സമനില പിടിച്ചു. 38-ാം മിനുട്ടില്‍ പെരിസിച്ചിന്റെ കൈയില്‍ സ്വന്തം ബോക്സില്‍ നിന്ന് പന്ത് തട്ടിയതോടെ റഫറി പെനാല്‍റ്റി വിധിച്ചു. പെനാല്‍റ്റിയെടുത്ത ഗ്രിസ്മാന് പന്ത് ലക്ഷ്യത്തിലെത്തിച്ച് ലീഡ് ഉയര്‍ത്തി. 59-ാം മിനുട്ടില്‍ പോള്‍ പോഗ്ബ വീണ്ടും ഫ്രാന്‍സിന്റെ ലീഡുയര്‍ത്തി. ഇതോടെ ഫ്രാന്‍സ് രണ്ട് ഗോളിന്റെ വ്യക്തമായ ലീഡുമായി കളംവാണ് കളിച്ചു. 65-ാം മിനുട്ടില്‍ കിലിയര്‍ എംബാപ്പെയുടെ ഗോള്‍ കൂടി വന്നതോടെ ഫ്രാന്‍സിന് മൂന്ന് ഗോളിന്റെ ലീഡായി. ഗോള്‍ മടക്കാനുള്ള ശ്രമങ്ങള്‍ക്കിടെ ഫ്രാന്‍സ് കീപ്പര്‍ ലോറിസിന്റെ പിഴവില്‍ നിന്ന് ലഭിച്ച പന്ത് ഗോളാക്കി മാറ്റി ഒരു ഗോള്‍ കൂടി തിരിച്ചടിച്ചു സ്കോര്‍ 4-2 എന്ന നിലയിലെത്തിച്ചു. അവസാന വിസില്‍ മുഴങ്ങുമ്പോള്‍ 4-2 ജയവുമായി ഫ്രാന്‍സ് ലോകകപ്പ് ചാംപ്യന്മാരായി ലുഷ്നിക്കിയില് ആഹ്ലാദ നൃത്തം ചവിട്ടി. ഇതോടെ 33 ദിവസം നീണ്ടുനിന്ന ഫുട്ബോള്‍ കാര്‍ണിവലിനു വര്‍ണാഭമായ അന്ത്യം. ഇനി 2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തറില്‍ ലോകകപ്പ് മാമാങ്കത്തിനായി ഫുട്ബോള്‍ ലോകം വീണ്ടും ഒത്തുകൂടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."