അറഫ ഉണര്‍ത്തുന്ന ചിന്തകള്‍
കൊവിഡ് പശ്ചാത്തലത്തില്‍ വളരെ കരുതലോടെ സഊദിയിലുള്ള ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അറഫാത്തില്‍ സംഗമിക്കുകയാണ്. കടുത്ത നിയന്ത്രണങ്ങളുടെ ഭാഗമായാണ് ഇത്തവണ പരിമിതമായ ആളുകളെ ഉള്‍പ്പെടുത്തി കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുള്ള ഹജ്ജ് നടക്കുന്നത്. ഹജ്ജിന്റെ പരമ പ്രധാനമായ കര്‍മമാണു അറഫാസംഗമം. മാനവിക മൂല്യം ഉയര്‍ത്തുന്ന വികാരമാണത്. എല്ലാവരുടെയും നാവില്‍നിന്ന് ഉയരുന്നത് ഒരേ മന്ത്രം. ഒരേ വേഷം. വലിയവനെന്നും ചെറിയവനെന്നും പണക്കാരനെന്നും പാവപ്പെട്ടവനെന്നുമെല്ലാമുള്ള വേര്‍തിരിവുകള്‍ മറന്ന് മാനവികതയുടെ ഉത്തമപ്രതീകം. തിരിച്ചറിവിന്റെ ദിനം കൂടിയാണത്. ഹസ്‌റത്ത് ഖലീലുല്ലാഹി ഇബ്‌റാഹിം നബിയുടെ വിളിക്കുത്തരം നല്‍കിയാണ് ലോക മുസ്‌ലിംകള്‍ വിശുദ്ധ അറഫയില്‍ സമ്മേളിക്കുന്നത്.
തിരുനബി(സ)യുടെ അറഫാ പ്രഭാഷണമാണ് ലോക ചരിത്രത്തിലെ ആദ്യത്തെ മനുഷ്യാവകാശ പ്രഖ്യാപനം. എ.ഡി 632ല്‍ ഹിജ്‌റ 10ാം വര്‍ഷമാണ് ആ ചരിത്ര പ്രഖ്യാപനം നടന്നത്. മനുഷ്യരിലോരോരുത്തരുടെയും ജീവനും സ്വത്തും അഭിമാനവും പവിത്രമാണെന്നും അവയെ കളങ്കപ്പെടുത്തരുതെന്നും നബി(സ) ശക്തമായി താക്കീത് നല്‍കി. മനുഷ്യവധം, കൊള്ള, കവര്‍ച്ച, വ്യക്തിഹത്യ തുടങ്ങിയവ ലോകം ഇന്നും അനുഭവിക്കുന്ന പ്രധാന പ്രശ്‌നങ്ങളാണ്. ജീവന്‍, സ്വത്ത്, അഭിമാനം എന്നിവയ്ക്ക് നിര്‍ബന്ധമായും സംരക്ഷണം നല്‍കുന്ന പ്രഖ്യാപനമായിരുന്നു തിരുദൂതര്‍ അവിടെ നടത്തിയത്. വര്‍ഗത്തിന്റെയും ഗോത്രത്തിന്റെയും പേരിലുള്ള ദുരഭിമാനക്കൊലകളും രക്തച്ചൊരിച്ചിലുകളും അവസാനിപ്പിച്ചേ പറ്റൂ എന്ന് ശക്തമായി ഉപദേശിച്ചു. വംശവെറിയുടെ മൂല തത്വത്തില്‍ ഊന്നി നിലകൊള്ളുന്ന രാഷ്ട്രീയ, സാമൂഹിക വ്യവസ്ഥകളെ പ്രവാചകന്‍ തകര്‍ത്തെറിഞ്ഞു. സാമ്പത്തിക ചൂഷണങ്ങളുടെ ആണിക്കല്ലായ പലിശയെ പിഴുതെറിഞ്ഞു. സമൂഹത്തില്‍ സാമ്പത്തികമായ അസന്തുലിതത്വം ഇല്ലായ്മ ചെയ്യണമെങ്കില്‍ ചൂഷണ മുക്തമായ സമ്പ്രദായങ്ങള്‍ അനിവാര്യമാണെന്ന് പ്രഖ്യാപിച്ചു. സമ്പത്തിനെ ധനികര്‍ക്കിടയില്‍ മാത്രം കറങ്ങുന്ന സംവിധാനമായി മാറ്റരുതെന്നായിരുന്നു പ്രവാചകരുടെ വീക്ഷണം. സാമ്പത്തിക ചൂഷണത്തിന്റെ അടിസ്ഥാനമായ പലിശയെയും മനുഷ്യാവകാശ ലംഘനത്തിന്റെ പരിധിയില്‍ അവിടുന്ന് പ്രഖ്യാപിച്ചതിന്റെ മഹത്വം ഈ ആധുനിക ലോകത്തിന് കൂടുതല്‍ സുവ്യക്തമാണ്. ഉള്ളവന്‍ കൂടുതല്‍ ഉള്ളവനാകുകയും ഇല്ലാത്തവന്‍ കൂടുതല്‍ ഇല്ലാതാകുകയും ചെയ്യുന്ന വ്യവസ്ഥിതിയെ നിരുത്സാഹപ്പെടുത്തുകയായിരുന്നു.
സ്ത്രീകളുടെ അവകാശത്തെ സംസ്ഥാപിക്കുന്നതായിരുന്നു നബി(സ)യുടെ അറഫാ പ്രഭാഷണം. പുരുഷന് സ്ത്രീക്കുമേല്‍ അവകാശമുള്ളതുപോലെ സ്ത്രീക്ക് പുരുഷന്റെമേലും അവകാശമുണ്ട് എന്നതായിരുന്നു ആ പ്രഖ്യാപനം. സ്ത്രീകളെ അടിമകളായും ഭോഗവസ്തുവായും കണ്ടിരുന്ന കാലമായിരുന്നു അതെന്ന് ഓര്‍ക്കണം. അറഫാ പ്രഭാഷണം കാലങ്ങള്‍ കഴിഞ്ഞിട്ടും സ്മരിക്കപ്പെടുന്നതിന്റെ ഹേതുകം അത് മനുഷ്യരാശിയുടെ അടിത്തറ പാകുന്നതായിരുന്നു എന്നതാണ്.
കപടദേശീയതയും സങ്കുചിതത്വവും തകര്‍ത്തെറിയുകയാണ് അറഫ. അതിരുകളുടെയും പൗരത്വത്തിന്റെയും പോരാട്ടങ്ങള്‍ ഇന്നും നടക്കുകയാണ്. ദേശീയതയ്ക്ക് മാനവികതയ്ക്ക് യോജിക്കാത്ത വിശകലനങ്ങളാണ് നല്‍കപ്പെടുന്നത്. മണ്ണിനേക്കാള്‍ പ്രസക്തി മനുഷ്യനാണെന്ന് അവിടുന്ന് ഊന്നിപ്പറഞ്ഞു. പിറന്ന നാട്ടില്‍ പോലും ജീവിക്കാന്‍ അവകാശമില്ലാതെ അഭയാര്‍ഥികളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നെട്ടോട്ടമോടേണ്ടി വരുന്ന ജനതയുടെ എണ്ണം പെരുകുന്നു. പൗരത്വം നിഷേധിക്കുകയും സ്വാതന്ത്ര്യത്തിന് വിലങ്ങുകള്‍ തീര്‍ക്കുകയും ചെയ്യുന്ന പ്രവണതകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ വാര്‍ത്താ പ്രാധാന്യം നഷ്ടപ്പെട്ടു എന്നല്ലാതെ ഇന്ത്യയില്‍ പോലും പൗരത്വ വിഷയങ്ങള്‍ എങ്ങുമെത്തിയില്ല എന്ന് നാം ഓര്‍ക്കണം. അവിടെയാണ് പ്രവാചകന്റെ മാനവികതയും മഹത്വവും മനസിലാകുക.
അറഫാദിനം അല്ലാഹു ആദരിച്ച ദിനമാണ്. പിശാച് ഏറ്റവും കൂടുതല്‍ അസ്വസ്ഥനാകുന്ന ദിനം കൂടിയാണ് അതെന്ന് നബി(സ) പറഞ്ഞത് കാണാം: അറഫ ദിവസത്തെക്കാള്‍ പിശാച് നീചനും നിസാരനും നിന്ദ്യനുമാകുന്ന മറ്റൊരു ദിനമില്ല. അറഫയില്‍ സംഗമിക്കുന്നവര്‍ക്കുള്ള പ്രപഞ്ചനാഥന്റെ അനുഗ്രഹ വര്‍ഷവും പാപമോക്ഷം നല്‍കിയുള്ള അവന്റെ കടാക്ഷവും കാണുമ്പോള്‍ സഹിക്കവയ്യാത്തതുകൊണ്ടാണത്'. അറഫാ മണലാരണ്യത്തിലെ ഹാജി മാത്രമല്ല, എല്ലാ ദേശങ്ങളിലെയും വിശ്വാസികള്‍ ദുല്‍ഹിജ്ജ ഒന്‍പതിന് അറഫാ ദിനമായി പരിഗണിച്ച് വ്രതമനുഷ്ഠിക്കുന്നു. ഈ ദിനം പ്രാര്‍ഥനയ്ക്ക് ഉത്തരം ലഭിക്കുന്ന ദിനമാണ്. ദോഷങ്ങള്‍ എത്രതന്നെയുണ്ടായാലും എത്ര ഭീകരമായിരുന്നാലും അല്ലാഹുവിന്റെ കാരുണ്യത്താല്‍ അവന്‍ പൊറുത്തു തരുന്നു. നബി(സ) പറയുന്നു: പ്രാര്‍ഥനകളില്‍ ഏറ്റവും നല്ലത് അറഫാദിനത്തിലെ പ്രാര്‍ഥനയാണ്. ഞാനും മുന്‍കാല പ്രവാചകന്മാരും പറഞ്ഞതില്‍ ഏറ്റവും നല്ലത് അല്ലാഹു ഏകനാണ്, അവനു പങ്കുകാരനില്ല, അവനാണ് സ്തുതി, അവന്‍ സര്‍വശക്തനാണ് ' എന്നതാണ്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വിശ്വാസികള്‍ കൂടുതല്‍ പ്രാര്‍ഥനാനിരതരാകേണ്ട കാലമാണിതെന്ന് ഓര്‍ത്ത്, അവസരം നഷ്ടപ്പെടുത്തരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."