സി.പി.എമ്മിന്റെ ബി.ജെ.പി വിരുദ്ധത കാപട്യം: കെ.എം ഷാജി
വടകര: ഒരൊറ്റ മണ്ഡലത്തില്‍ പോലും ബി.ജെ.പിയുമായി മുഖാമുഖം മത്സരിക്കാത്ത സി.പി.എം എങ്ങനെ ബി.ജെ.പിയെ എതിര്‍ക്കുമെന്ന് കെ.എം ഷാജി എം.എല്‍.എ. ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോരാട്ടമെന്നിരിക്കെ നിലനില്‍പിന് വേണ്ടി മാത്രമാണ് സി.പി.എം മത്സരിക്കുന്നത്.
യു.ഡി.എഫ് വടകര മുനിസിപ്പല്‍ കമ്മിറ്റി താഴെ അങ്ങാടി സീതി സാഹിബ് മൈതാനിയില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിയെ എതിര്‍ക്കാന്‍ പറയുന്ന കാര്യങ്ങളൊക്കെ സി.പി.എമ്മിനും ബാധകമാണ്. നിരവധി രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് കണ്ണൂര്‍ ജില്ലയിലെ സി.പി.എം കാരണക്കാരാണ്. കൊലപാതകങ്ങളില്‍ സാക്ഷികളും പ്രതികളുമായവര്‍ ദൂരൂഹ സാഹചര്യത്തില്‍ മരണപ്പെടുന്ന സംഭവങ്ങളില്‍ നിന്ന് സി.പി.എമ്മിന് ഒഴിഞ്ഞ് മാറാന്‍ കഴിയില്ലെന്നും ഷാജി പറഞ്ഞു.
രാജ്യം കണ്ട മാന്യനായ പ്രധാനമന്ത്രിമാരില്‍ ഒരാളായിരുന്നു മന്‍മോഹന്‍ സിങ്. എന്നാല്‍ അമാന്യനായ പ്രധാനമന്ത്രി എന്ന വിശേഷണമാണ് നരേന്ദ്ര മോദിക്ക് ചേരുകയെന്നും കെ.എം ഷാജി അഭിപ്രായപ്പെട്ടു. വടകര ടൗണ്‍ മുസ്‌ലിം ലീഗ് പ്രസിഡന്റ് പ്രൊഫ. കെ.കെ മഹമൂദ് അധ്യക്ഷനായി. മരിയാപുരം ശ്രീകുമാര്‍, കാവില്‍ പി. മാധവന്‍, എം.സി വടകര, കോട്ടയില്‍ രാധാകൃഷ്ണന്‍, എന്‍.പി അബ്ദുല്ല ഹാജി, പുറന്തോടത്ത് സുകുമാരന്‍, കളത്തില്‍ പീതാംബരന്‍, പി.എസ് രഞ്ജിത്കുമാര്‍, എം. ഫൈസല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."