ക്വാളിറ്റി കണ്‍ട്രോള്‍ ലാബുകളുടെ പ്രവര്‍ത്തനം അവതാളത്തില്‍: ഫണ്ടില്ലാതെന്ത് ക്വാളിറ്റി കണ്‍ട്രോള്‍..?
മലപ്പുറം: കേന്ദ്ര സഹായത്തോടെ പ്രവര്‍ത്തിക്കുന്ന പ്രാദേശിക ക്വാളിറ്റി കണ്‍ട്രോള്‍ ലാബുകളുടെ പ്രവര്‍ത്തനം അവതാളത്തില്‍. ജീവനക്കാര്‍ക്കു ശമ്പളം നല്‍കുന്നതിനും പരിശോധന നടത്തേണ്ട സ്ഥലങ്ങളിലേക്കുള്ള വാഹന സൗകര്യത്തിനും മതിയായ ഫണ്ട് അനുവദിക്കാത്തതാണ് പ്രാദേശിക ക്വാളിറ്റി കണ്‍ട്രോള്‍ ലാബുകളുടെ പ്രവര്‍ത്തനം അവതാളത്തിലാകാന്‍ കാരണം.
ലാബുകളിലെ താല്‍ക്കാലിക ജീവനക്കാര്‍ക്കു മാസങ്ങളായി ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്നു പലരും ജോലി ഉപേക്ഷിച്ചിരിക്കുകയാണ്. മലപ്പുറത്ത് രണ്ടും മഞ്ചേരി, നിലമ്പൂര്‍, പെരിന്തല്‍മണ്ണ, പരപ്പനങ്ങാടി എന്നിവിടങ്ങളില്‍ ഒരോന്നു വീതവുമാണ് ക്വാളിറ്റി കണ്‍ട്രോള്‍ ലാബുകള്‍ പ്രവര്‍ത്തിക്കുന്നത്. ജലജന്യ രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്ന ഈ ഘട്ടത്തിലും ഇത്തരം ലാബുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതു വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ബാക്ടീരിയോളജിസ്റ്റ്, കെമിസ്റ്റ്, ലാബ് അസിസ്റ്റന്റ്, സാംപ്ലിങ് അസിസ്റ്റന്റ് എന്നിങ്ങനെ നാലു ജീവനക്കാരാണ് ഓരോ ലാബുകളിലുമുണ്ടായിരുന്നത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി 2017 ഒക്ടോബറിലും 2018 മാര്‍ച്ചിലും ജോലിയില്‍ പ്രവേശിച്ചവരാണിവര്‍. ബാക്ടീരിയോളജിസ്റ്റ്, കെമിസ്റ്റ് എന്നിവര്‍ക്ക് 15,000 രൂപ, ലാബ് അസിസ്റ്റന്റിന് 10,000, സാംപ്ലിങ് അസിസ്റ്റന്റിന് 8,000 രൂപ എന്നിങ്ങനെയാണ് ശമ്പളം.
ജല അതോറിറ്റിയുടെ ജില്ലാ ലാബിനു പുറമേ കേന്ദ്ര സഹായത്തോടെ പ്രത്യേക പദ്ധതിയായാണ് ലാബുകള്‍ തുടങ്ങിയത്.
വേതന കുടിശ്ശിക എന്നു ലഭിക്കുമെന്നതു സംബന്ധിച്ച് അധികൃതര്‍ക്കു വ്യക്തമായ ഉത്തരമില്ല. മഞ്ചേരിയില്‍ നാലുപേരില്‍ ഒരാള്‍ മാത്രമായതോടെ അവരെ മലപ്പുറത്തേക്കു മാറ്റി. ഇതോടെ മഞ്ചേരിയിലെ പരിശോധന നിലച്ചു. പെരിന്തല്‍മണ്ണയില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം ലഭിച്ചവരുടെ കാലാവധി കഴിഞ്ഞു. മറ്റിടങ്ങളിലും രണ്ടു പേര്‍ വീതമാണുള്ളത്.
പഞ്ചായത്തുകളുടെയും നരസഭകളുടെയും ആവശ്യമനുസരിച്ചു കിണറുകള്‍, കുളങ്ങള്‍ എന്നിവിടങ്ങളില്‍നിന്നു സാംപിളുകള്‍ ശേഖരിച്ചാണ് പരിശോധന നടത്തുന്നത്. ഓരോ ലാബിലും മാസം 250 സാംപിളുകള്‍ പരിശോധിക്കണം. വെള്ളത്തില്‍നിന്നു വിവിധ രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്ന ഈ ഘട്ടത്തില്‍ വെള്ളത്തിന്റെ ഗുണനിലവാരം കണക്കാക്കുന്നതിന് ഇത്തരം ലാബുകളുടെ കാര്യക്ഷമമായ പ്രവര്‍ത്തനം അനിവാര്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."