കുഞ്ഞന്‍പിള്ള കൊലപാതകം: മൂന്നുപേര്‍ അറസ്റ്റില്‍
അടിമാലി: ഇരുമ്പുപാലം പതിനാലാംമൈല്‍ പെരുണൂച്ചാല്‍ കൊച്ചുവീട്ടില്‍ കുഞ്ഞന്‍പിള്ള(60)യെ മൃഗീയമായി കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസികളായ പിതാവും മകനും മരുമകനും അറസ്റ്റില്‍.
ഇരുമ്പുപാലം പതിനാലാംമൈല്‍ പെരുണൂച്ചാല്‍ മഠത്തില്‍ വിനോദ്(53), മകന്‍ വിഷ്ണു(23), വിനോദിന്റെ മകളുടെ ഭര്‍ത്താവ് പൊട്ടക്കല്‍ വിഷ്ണു(ചിക്കു-27) എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മെയ് 12 ന് വായ്ക്കലാംകണ്ടത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ കൊല്ലപ്പെട്ട നിലയിലാണ് കുഞ്ഞന്‍പിളളയെ കണ്ടെത്തിയത്. കഴുത്ത് വെട്ടി മാറ്റിയ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തില്‍ 27 മാരക മുറിവുകളും ഉണ്ടായിരുന്നു. സംഭവത്തെകുറിച്ച് പൊലിസ് പറയുന്നത്. കുഞ്ഞന്‍പിളളയുടെ മകന്‍ മനു കേസില്‍ പെട്ടിരുന്നു. ഈ കേസ് ഒത്തുതീര്‍പ്പാക്കാന്‍ വാദിഭാഗമായിരുന്ന വിനോദും കൊല്ലപ്പെട്ട കുഞ്ഞന്‍പിളളയും തമ്മില്‍ ധാരണയിലെത്തിയിരുന്നു.എന്നാല്‍ കുഞ്ഞന്‍പിളള ഒത്തുതീര്‍പ്പ് വ്യവസ്ഥ ലംഘിക്കുകയും സമൂഹത്തില്‍ മാനക്കേടുണ്ടാക്കുന്ന വിധത്തില്‍ പ്രചാരണം നടത്തുകയും ചെയ്തതായി പ്രതികള്‍ പറഞ്ഞതായി പൊലിസ് പറഞ്ഞു.
ഇതോടെ ഇരുകുടുംബങ്ങളും തമ്മില്‍ ഇതേച്ചൊല്ലി വൈരാഗ്യത്തിലായി. സംഭവത്തിന് ഒരുമാസം മുന്‍പ് പറഞ്ഞ വാക്ക് പാലിക്കാന്‍ കുഞ്ഞന്‍പിളളയോട് ആവശ്യപ്പെട്ടു. എന്നാല്‍ കുഞ്ഞന്‍പിളള ഒഴിഞ്ഞുമാറിയതോടെ വകവരുത്താന്‍ തീരുമാനിച്ചു. സംഭവത്തിന് മുന്‍പ് മൂന്ന് പ്രാവശ്യം കുഞ്ഞന്‍പിളളയെ വധിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പട്ടു. മെയ് 12 ന് രാവിലെ 7 ന് കുഞ്ഞന്‍പിളള വീട്ടില്‍ നിന്നും ഇരുമ്പുപാലത്തേക്ക് പോകുന്നത് കണ്ട ഇവര്‍ മൂവരും കുഞ്ഞന്‍പിളള കാണാതെ പിന്തുടരുകയും ആളോഴിഞ്ഞ സ്ഥലത്ത് വെച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. വെട്ട് കൊണ്ട കുഞ്ഞന്‍പിളള 50 മീറ്ററോളം ഒടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് വെട്ടി വീഴ്ത്തി. മരിച്ചെന്ന് മനസിലായിട്ടും പക തീരാതെ വന്നതാണ് കൂടുതല്‍ മുറിവുകള്‍ ശരീരത്ത് ഉണ്ടാക്കാന്‍ പ്രതികളെ പ്രേരിപ്പിച്ചത്. ഇതിന് ശേഷം വീട്ടിലെത്തി കുളിക്കുകയും തെളിവുകള്‍ നശിപ്പിക്കുകയും ചെയ്തു. സംഭവം പുറത്തറിഞ്ഞതോടെ ഇവര്‍ വീട്ടില്‍ നിന്ന് മാറി താമസിച്ചു.
1000 ലേറെ പേരെ ചോദ്യം ചെയ്തും വിശദമായ തെളിവെടുപ്പുകള്‍ നടത്തിയിട്ടും കൊലപാതകം തെളിയിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുകയും പൊലിസിനെതിരെ പ്രത്യക്ഷ സമരം ആരംഭിക്കുകയും ചെയ്തു. ഇതോടെ സംഭവത്തില്‍ പൊലിസ് പരാതിപ്പെട്ടി സ്ഥാപിച്ചു. ഇതില്‍ ലഭിച്ച കുറിപ്പുകളില്‍ നിന്നാണ് പ്രതികളേകുറിച്ച് വിവരം ലഭിച്ചത്. ശനിയാഴ്ച അടിമാലി സ്റ്റേഷനിലേക്ക് ഇവരെ വിളിച്ചുവരുത്തുകയും വിശദമായി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. കൊല്ലപ്പെട്ട സമയത്ത് കുഞ്ഞന്‍പിളളയുടെയും പ്രതികളുടെയും മൊബൈല്‍ സിഗ്‌നലുകള്‍ ഒരുദിശയില്‍ തന്നെയായിരുന്നത് കേസിന്റെ വഴിത്തിരിവായി.
ജില്ലാ പൊലിസ് മേധാവി കെ.ബി.വേണുഗോപാല്‍, മൂന്നാര്‍ ഡിവൈ.എസ്.പി. ഡി.ബി.സുനീഷ് ബാബു, അടിമാലി സി.ഐ. പി.കെ.സാബു എന്നിവരുടെ നേത്യത്വത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."