ഒറ്റപ്പെട്ടുപോയ കല്യാണിയ്ക്കിനി സ്നേഹ ഭവനില്‍ അന്തിയുറങ്ങാം
ഏറ്റുമാനൂര്‍:ഇരുട്ടുമുറിയില്‍ ഒറ്റപ്പെട്ടു പോയ കല്യാണിയ്ക്ക് മോചനം. ആരും നോക്കാനില്ലാതെ വാടകവീട്ടിലെ മുറിയില്‍ അവശനിലയില്‍ കിടന്ന പേരൂര്‍ പുത്തന്‍പറമ്പില്‍ കല്യാണി(90)യെ പിങ്ക് പോലീസ് എത്തി കോട്ടയം പുത്തനങ്ങാടിയിലുള്ള സ്നേഹഭവനിലേക്ക് മാറ്റുകയായിരുന്നു.
മകന് ചന്ദ്രബാബുവിനോടും മരുമകളോടുമൊപ്പമാണ് കല്യാണി താമസിച്ചിരുന്നുത്. മത്സ്യ വ്യാപാരിയായ മകന് പുറത്തു പോകുമ്പോള്‍ അമ്മയെ അടച്ചിട്ടിട്ട് പോകുകയായിരുന്നുവെന്നാണ് പറയുന്നത്. മരുമകള്‍ കാലിന് സുഖമില്ലാതെ ബന്ധുവീട്ടിലായിരുന്നുവത്രേ. എന്നാല്‍ വര്‍ഷങ്ങളായി കല്യാണിയുടെ നില ഇങ്ങനെതന്നെയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. വീട്ടുടമ കഴിഞ്ഞ ദിവസം എത്തിയപ്പോഴാണ് കല്യാണിയുടെ ദുരവസ്ഥ മനസിലാകുന്നത്. ഒട്ടും വെളിച്ചം കയറാത്ത മുറിയില്‍ ഒരു പ്ലാസ്റ്റിക് കട്ടിലില്‍ ഏകയായി ഇരിക്കുന്ന കല്യാണിയെ കണ്ട വീട്ടുടമ സന്തോഷ് പോലീസിനെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് പിങ്ക് പോലീസ് എത്തിയപ്പോള്‍ കണ്ടത് മലമൂത്രവിസര്‍ജ്യങ്ങള്‍ക്കിടയില്‍ തീരെ അവശനിലയിലായ കല്യാണിയെയാണ്. തുടര്‍ന്ന് ഇവര്‍ കോട്ടയം പുത്തനങ്ങാടി സ്നേഹഭവനുമായി ബന്ധപ്പെടുകയും ഇന്നലെ ഉച്ചയോടെ കല്യാണിയെ പേരൂരില്‍ നിന്ന് മാറ്റുകയുമായിരുന്നു.മകനും മകളുമുണ്ടെങ്കിലും ആരും ഇല്ലാത്ത അവസ്ഥയായിരുന്നു കല്യാണിയുടേതെന്ന് പിങ്ക് പോലീസ് പറഞ്ഞു. ചെറിയ ഓര്മ്മകുറവുണ്ടായിരുന്നു. പേരൂര്‍ കണ്ടംചിറയ്ക്ക് സമീപം ഭജനമഠത്തിനടുത്താണ് ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്നത്.
കനത്ത മഴ തുടരുമ്പോഴും ഇരുട്ടുമുറിയിലേക്ക് വെളിച്ചം എത്തിച്ച് കല്യാണിയുടെ മുഷിഞ്ഞ വസ്ത്രങ്ങള്‍ ഒക്കെ മാറ്റിയ ശേഷമാണ് കല്യാണിയേയും കൊണ്ട് പോലീസ് സംഘം പേരൂരില്‍ നിന്നും പോയത്. ബേബിമോള്‍, ശിശിര, സാനിയ എന്നിവരടങ്ങുന്ന സംഘമാണ് കല്യാണിയെ രക്ഷിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."