ഓപറേറ്റര്‍മാരെ ലഭിച്ചില്ല; ജലവിമാന പദ്ധതി അവതാളത്തില്‍
നീലേശ്വരം: സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയ്ക്കു കുതിപ്പേകുമായിരുന്ന ജലവിമാന പദ്ധതി അവതാളത്തില്‍. ഇതിനാവശ്യമായ ഓപറേറ്റര്‍മാരെ ലഭിക്കാത്തതാണു കാരണം. മുന്‍ഗണനാ സര്‍ക്യൂട്ടില്‍ ഉള്‍പ്പെട്ട അഷ്ടമുടി, പുന്നമട, ബേക്കലിന്റെ ഭാഗമായി കോട്ടപ്പുറം എന്നിവിടങ്ങളിലാണു ഇതു ആദ്യ ഘട്ടത്തില്‍ തുടങ്ങാനിരുന്നത്. അഷ്ടമുടി, പുന്നമട എന്നിവിടങ്ങളില്‍ പദ്ധതിക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന നടപടികള്‍ ഇതിനകം തന്നെ പൂര്‍ത്തീകരിച്ചിട്ടുണ്ട്.
ഫ്‌ളോട്ടിങ് ജെട്ടി, റണ്‍വേ, യാത്രക്കാര്‍ക്ക് ഇറങ്ങാനുള്ള വാട്ടര്‍ഡ്രോം എന്നിവയും സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായുള്ള എക്‌സറേ മെഷിന്‍, മെറ്റല്‍ ഡിറ്റക്ടര്‍, സ്‌ഫോടക വസ്തുക്കള്‍ തിരിച്ചറിയുന്നതിനുള്ള ഉപകരണങ്ങള്‍ എന്നിവയും സ്ഥാപിച്ചു കഴിഞ്ഞു. കോട്ടപ്പുറത്താകട്ടെ അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തിയായിട്ടുമില്ല.
ആവശ്യമായ എല്ലാ അനുമതികളും രേഖകളും ലഭ്യമായിട്ടുള്ള ജലവിമാനങ്ങളുമായി ഓപറേറ്റര്‍മാര്‍ മുന്നോട്ടുവരാത്തതാണു നിലവിലെ പ്രതിസന്ധിക്കു കാരണം. സേവനസന്നദ്ധരായി ഓപറേറ്റര്‍മാര്‍ രംഗത്തു വന്നാല്‍ മാത്രമേ പദ്ധതി ആരംഭിക്കാന്‍ കഴിയൂ. 2013ല്‍ പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞിരുന്നു. എന്നാല്‍ ഉള്‍നാടന്‍ മത്സ്യബന്ധനത്തിനു തടസമാകുമെന്ന പരാതി ഉയര്‍ന്നതിനാല്‍ സര്‍വിസ് ആരംഭിക്കാന്‍ കഴിഞ്ഞില്ല.
തുടര്‍ന്നു നടന്ന പഠനത്തിന്റെ ഭാഗമായി ആശങ്കകള്‍ പരിഹരിച്ചെങ്കിലും സര്‍വിസ് ആരംഭിച്ചില്ല. പദ്ധതിക്കായി ഒരുക്കിയ അടിസ്ഥാന സൗകര്യങ്ങള്‍, ഉപകരണങ്ങള്‍ മുതലായവയുടെ സുരക്ഷയ്ക്കായി കേരളാ പൊലിസിനു കീഴിലുള്ള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിനേയും നിയോഗിച്ചിട്ടുണ്ട്.
കോട്ടപ്പുറത്ത് ഇതിന്റെ ഭാഗമായി സ്ഥാപിച്ച ഉപകരണങ്ങള്‍ മൂന്നു വര്‍ഷമായി തുരുമ്പെടുക്കുകയാണ്. റണ്‍വേ തയാറാക്കുന്നതിന്റെ ഭാഗമായി പുഴയില്‍ സ്ഥാപിച്ച അടയാളങ്ങളില്‍ പലതും കാലവര്‍ഷത്തിലും മറ്റും ഇതിനകം തന്നെ ഒഴുകിപ്പോയി. ഇവയുടെ സുരക്ഷയ്ക്കായി മൂന്ന് എസ്.ഐ.എസ്.എഫ് ജീവനക്കാരും ഇവിടെയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."