തിരുമിറ്റക്കോട് ഐശ്വര്യശ്രീ ചരിത്രമെഴുതുന്നു
കൂറ്റനാട്: തിരുമിറ്റക്കോട് പഞ്ചായത്തിലെ ഐശ്വര്യശ്രീ കുടുംബശ്രീ കൂട്ടായ്മ കേരളത്തിനുതന്നെ മാതൃകയാകുന്നു. വൈവിധ്യ പ്രവര്‍ത്തനങ്ങളിലൂടെയാണിവര്‍ സംസ്ഥാന ശ്രദ്ധ നേടിയത്. കേരളത്തിലെ നഗര ദരിദ്ര വിഭാഗങ്ങളുടെ, പ്രത്യേകിച്ച് സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമവും ഉന്നമനവും ലക്ഷ്യമിട്ട് 1992 മുതല്‍ ആലപ്പുഴയിലും 1994 മുതല്‍ മലപ്പുറത്തും കമ്മ്യൂണിറ്റി ഡെവലപ്പ്‌മെന്റ് സൊസൈറ്റി (സി.ഡി.എസ്) രൂപീകരിച്ചിരുന്നു. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് ദാരിദ്ര്യ നിര്‍മാര്‍ജന പ്രക്രിയ കുടുംബശ്രീ എന്ന പേരില്‍ ആരംഭിച്ചത്. തുടക്കത്തില്‍ നഗരസഭാ സി.ഡി.എസ് സംവിധാനവും നഗര ദാരിദ്ര്യ നിര്‍മാര്‍ജന പരിപാടികളും ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. 2000 ജൂണ്‍ മാസത്തോടെ ഒന്നാംഘട്ടമായ 262 പഞ്ചായത്തുകളില്‍ പദ്ധതി പ്രവര്‍ത്തനം തുടങ്ങി.
2002 മാര്‍ച്ചില്‍ കേരളം മുഴുവന്‍ കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു. ആ ഘട്ടത്തിലാണ് തിരുമിറ്റക്കോട് പഞ്ചായത്തിലെ വടക്കേ വെള്ളടിക്കുന്നില്‍ ഐശ്വര്യശ്രീ എന്ന പേരില്‍ കുടുംബശ്രീ യൂനിറ്റ് രൂപീകരിച്ചത്. അന്ന് 19 വനിതകളാണ് അംഗങ്ങളായി ചേര്‍ന്നത്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ സ്ത്രീകളുടെ കൂട്ടായ്മയിലൂടെ അവര്‍ക്ക് സ്വയം പര്യാപ്തത നേടിയെടുക്കുവാന്‍ പ്രാപ്തരാക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ചുമതല കമ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റിക്കായിരുന്നു. സ്ത്രീകളുടെ കൂട്ടായ്മയിലൂടേ സ്വയം സഹായ സംഘങ്ങള്‍ രൂപവത്കരിച്ച്, ഏതെങ്കിലും ചെറുകിട സംരംഭങ്ങള്‍ വഴി അവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഒരു നിശ്ചിത വരുമാനം ഉണ്ടാക്കി നല്‍കി അവരേക്കൂടി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാന്‍ ഐശ്വര്യശ്രീ കുടുംബശ്രീക്ക് കഴിഞ്ഞിട്ടുണ്ട്.
തുടക്കത്തില്‍ കൊണ്ടാട്ടം, അച്ചാര്‍, സോപ്പ് പൊടി, കുട, ബാഗ് എന്നിവ നിര്‍മിച്ച് വീടുകള്‍ തോറും ചെന്ന് വില്‍പന നടത്തി. 15 പേരാണ് ഇതില്‍ പങ്കാളികളായത്. വരുമാനം വര്‍ധിച്ചതോടെ 2005 ല്‍ വടക്കേ വെള്ളടിക്കുന്നില്‍ സ്ഥലം വാങ്ങി ചെറിയൊരു കെട്ടിടം പണിതു. 2007 ല്‍ അംഗങ്ങള്‍ക്ക് കാസര്‍ഗോഡ് നടന്ന പരിശീലന കളരിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത് വഴിത്തിരിവായി. പൂരകപോഷകാഹാരമുണ്ടാക്കാന്‍ പരിശീലനം ലഭിച്ചതിനെ തുടര്‍ന്ന് 2008ല്‍ വിവിധ ഭക്ഷ്യോ ല്പന്നങ്ങളുടെ നിര്‍മാണവും വിപണനവും തുടങ്ങി. നെല്ലറ പുട്ടുപൊടി, ചെമ്പ പുട്ടുപൊടി, ഇടിയപ്പം, റാഗി പൊടി, ചോളപ്പൊടി എന്നിവ തയ്യാറാക്കി വിതരണം ചെയ്തു. ഇതിനു പുറമെ സാമൂഹ്യ ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ തൃത്താല, പട്ടാമ്പി ബ്ലോക്കുകളില്‍ അംഗന്‍വാടികള്‍ക്ക് അമൃതം പൂരക പോഷകാഹാരം നല്‍കി വരുന്നുണ്ട്.
ഏറ്റവും പുതിയ ഉല്‍പന്നമായ അമൃതം കുക്കീസ് ബിസ്‌ക്കറ്റ് പാലക്കാട് ജില്ലയിലുടനീളം ഇവര്‍ വിറ്റുവരുന്നുണ്ട്. വര്‍ഷം തോറും ഒന്നര കോടി രൂപയുടെ വിറ്റുവരവുണ്ട്. പൂര്‍ണ്ണമായും യന്ത്രവല്‍ക്കരണം നടപ്പാക്കിയതിനാല്‍ ഉല്‍പാദന നേട്ടവും അധ്വാന ലാഭവുമുണ്ട്. ഓരോരുത്തര്‍ക്കും മാസം തോറും ഏഴായിരം രൂപ കൂലി ഇനത്തില്‍ ലഭിക്കുന്നുണ്ട്. 2009 ല്‍ 1500 ചതുരശ്രയടി വിസ്തൃതിയില്‍ പുതിയൊരു കെട്ടിടം നിര്‍മിച്ചതിനാല്‍ അമൃതം ന്യൂട്രിക്‌സിന്റെ ഉല്പാദനവും സംഭരണവും വിപണനവും നടത്താന്‍ സൗകര്യമുണ്ട്.
ഓരോ അംഗത്തിനും പ്രതിമാസം ഏഴായിരം രൂപ വേതനമെന്ന നിലയില്‍ ലഭിക്കുന്നുണ്ട്. മികച്ച സംരംഭകത്വ അവാര്‍ഡ് ഐശ്വര്യ ശ്രീക്ക് ലഭിച്ചിട്ടുണ്ട്. യൂണിറ്റിന് ലഭിക്കുന്ന വരുമാനത്തില്‍ നിന്ന് ഒരു വിഹിതം പാവങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കുന്നുണ്ടെന്ന് തിരുമിറ്റക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റും കുടുംബശ്രീ സ്ഥാപകാംഗവുമായ സുഹ്‌റ പറഞ്ഞു. ഏറ്റവും പിന്നാക്ക പ്രദേശമായിരുന്ന വെള്ളടിക്കുന്നില്‍ ഉദിച്ചുയര്‍ന്ന വെള്ളിനക്ഷത്രമാണ് ഇന്ന് ഐശ്വര്യശ്രീ കൂട്ടായ്മ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."