എന്റെ പുസ്തകം, എന്റെ കുറിപ്പ്, എന്റെ എഴുത്തുപെട്ടി
പാലക്കാട് : എന്റെ പുസ്തകം, എന്റെ കുറിപ്പ്, എന്റെ എഴുത്തുപെട്ടി പദ്ധതിയുടെ ഭാഗമായി ജില്ലയിലെ യു.പി. സ്കൂളുകളിലും ലൈബ്രറികളുടെയും താലൂക്ക് കമ്മിറ്റികളുടെയും അധ്യാപകരുടെയും സഹായത്തോടെ എഴുത്തു പെട്ടികള്‍ സ്ഥാപിക്കാന്‍ ലൈബ്രറി കൗണ്‍സിലിന്റെ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ലൈബ്രറി കൗണ്‍സിലിന്റെ കീഴില്‍ ഈ വര്‍ഷം മുതല്‍ യു.പി. സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ വായനാശീലം വളര്‍ത്തുന്നതിനും, ആസ്വാദനകുറിപ്പ് തയ്യാറാക്കുന്നതിനുള്ള പരിശീലനം നല്‍കുന്നതിനും നടപ്പാക്കുന്ന ഒരു പദ്ധതിയാണ് 'എന്റെ പുസ്തകം, എന്റെ കുറിപ്പ്, എന്റെ എഴുത്തുപെട്ടി'. കുട്ടികള്‍ സ്കൂള്‍ ലൈബ്രറികളില്‍ നിന്നും വായനശാലകളില്‍ നിന്നും വായിക്കുന്ന ഇഷ്ടമുള്ള ഒരു പുസ്തകത്തെ കുറിച്ച് കുറിപ്പ് തയ്യാറാക്കി ഓരോ മാസവും എഴുത്തു പെട്ടിയില്‍ നിക്ഷേപിക്കണം.
മാസാവസാനം കിട്ടിയ കുറിപ്പുകള്‍ പരിശോധിച്ച് ഏറ്റവും നല്ല കുറിപ്പിന് എല്ലാ മാസാദ്യത്തിലും സ്കൂള്‍ അസംബ്ലിയില്‍ സമ്മാനം നല്‍കും. പദ്ധതി പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പിന് സ്കൂള്‍തലത്തില്‍ ഹെഡ്മാസ്റ്റര്, വിദ്യാരംഗം കലാവേദി കണ്‍വീനര്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം, തൊട്ടടുത്ത വായനശാല പ്രതിനിധി എന്നിവരെ ചേര്‍ത്ത് കമ്മിറ്റി രൂപീകരണം നടത്തും. യോഗത്തില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ടി കെ നാരായണദാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം കാസിം പദ്ധതി വിശദീകരണം നടത്തി. പി കെ സുധാകരന്, എം എം എ ബക്കര്‍, കെ എ വിശ്വനാഥന്, ടി എ കൃഷ്ണന്‍കുട്ടി, ഡോ. സി പി ചിത്രഭാനു, ജയകൃഷ്ണന്, മരിയ ജെറാര്‍ഡ്, യമുനാദേവി, സി കൃഷ്ണന്, പി എന്‍ മോഹനന്, കെ ചന്ദ്രന്, വി രവീന്ദ്രന്, സി വിജയന്, എം കെ സുരേന്ദ്രന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."