താഴത്തങ്ങാടിയില്‍ ഓരുമുട്ട് നിര്‍മാണത്തിന് തുടക്കം
കോട്ടയം: താഴത്തങ്ങാടിയില്‍ ഓരുമുട്ട് നിര്‍മാണം ആരംഭിച്ചു. തണ്ണീര്‍ മുക്കം ബണ്ട് തുറക്കുന്നതിന് മുമ്പ് ഓരുമുട്ട് നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ മാസം 20ന് ബണ്ട് തുറക്കുമന്നാണ് നിലവിലെ സൂചന.
തണ്ണീര്‍മുക്കം ബണ്ട് തുറക്കുമ്പോള്‍ മീനച്ചിലാറ്റിലേക്ക് ഉപ്പുവെള്ളം കയറുന്നത് തടയാനാണ് ഓരുമുട്ട് നിര്‍മിക്കുന്നത്. താഴത്തങ്ങാടി കുളപ്പുരക്കടവില്‍ എല്ലാ വര്‍ഷവും മുട്ട് സ്ഥാപിക്കാറുണ്ടെങ്കിലും ഇത്തവണ വൈകിയാണ് സ്ഥാപിച്ചത്. മുട്ടിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ രണ്ടാഴ്ചയോളം സമയമെടുക്കും. എന്നാല്‍ ബണ്ട് 20ന് തുറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഓരുമുട്ട് നിര്‍മാണത്തിന് ജലസേചന വകുപ്പ് മാസങ്ങള്‍ക്ക് മുമ്പേ തന്നെ നടപടികള്‍ ആരംഭിച്ചിരുന്നെങ്കിലും കരാറുകാരെ ലഭിക്കാതിരുന്നതാണ് വൈകാന്‍ കാരണം. 19 ലക്ഷം രൂപയാണ് ഓരുമുട്ട് സ്ഥാപിക്കാനായി വകയിരുത്തിയിരിക്കുന്നത്. കുമരകം തിരുവാര്‍പ്പ് പഞ്ചായത്തുകളില്‍ ജലവിതരണം നടത്തുന്ന കുളപ്പുരക്കടവിലെ പമ്പിങ് സ്റ്റേഷനിലേക്ക് ഉപ്പുവെള്ളം എത്താതാരിക്കാനാണ് പ്രധാനമായും ഓരുമുട്ട് സ്ഥാപിക്കുന്നത്. ഇതിന് പുറമേ മീനച്ചിലാറിന്റെ തീരത്തൂള്ള നിരവധി കുടിവെള്ള പദ്ധതികളുടെ ജലസ്രോതസ്സുകളിലേക്ക് ഉപ്പുവെള്ളം കലരുന്നതും തടയാന്‍ ഓരുമുട്ട് സഹായകരമാണ്. ഉപ്പുവെള്ളം കലരുന്നത് മീനച്ചിലാറ്റിലുള്ള ശുദ്ധജല മത്സ്യങ്ങളുടെ നാശത്തിനും കാരണമാകും. അതേസമയം യഥാസമയം ഓരുമുട്ട് പൊളിച്ച് നീക്കാത്തത് പലപ്പോഴും പ്രദേശവാസികളുടെ പ്രതിഷേധത്തിനും ഇടയാക്കി. ആറ്റിലെ നീരൊഴുക്ക് നിലച്ച് മലിന ജലം കെട്ടിക്കിടക്കുന്നതു മൂലമുള്ള ആരോഗ്യഭീഷണി ഉയര്‍ത്തുക ഉള്‍പ്പടെയുള്ള കാര്യങ്ങളാണ് പ്രതിഷേധത്തിന് കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."