പുതിയങ്ങാടിയില്‍ വന്‍മരം കടപുഴകി: ഒഴിവായത് വന്‍ ദുരന്തം
സ്വന്തം ലേഖകന്‍
കോഴിക്കോട്: കോഴിക്കോട്-കണ്ണൂര്‍ ദേശീയപാത പുതിയങ്ങാടിയില്‍ റോഡിലേക്ക് കൂറ്റന്‍ മരം വീണു. ഓടിക്കൊണ്ടിരിക്കുകയായിരുന്ന രണ്ട് കാറുകള്‍ക്കു മുകളിലേക്കാണ് മരം പതിച്ചതെങ്കിലും വന്‍ ദുരന്തം ഒഴിവായി. ഇന്നലെ ഉച്ചയ്ക്ക് 11.30ഓടെയാണ് അപകടം സംഭവിച്ചത്. തുടര്‍ന്ന് ദേശീയപാതയില്‍ എട്ട് മണിക്കൂറോളം ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. ഇതേതുടര്‍ന്ന് വാഹനങ്ങള്‍ ബൈപാസ് വഴിയും പുതിയാപ്പ വഴിയുമാണ് കടത്തിവിട്ടത്. വിവിധ ആവശ്യങ്ങള്‍ക്കായി കോഴിക്കോട് നഗരത്തിലേക്ക് പുറപ്പെട്ടവരാണ് ഏറെ പ്രയാസപ്പെട്ടത്.
കാര്‍ യാത്രക്കാരായ ദമ്പതികള്‍ ഉള്‍പ്പെടെ ആറുപേര്‍ക്കാണ് നിസാര പരുക്കേറ്റത്. കാറുകള്‍ ഭാഗികമായി തകര്‍ന്നു. കാല്‍നട യാത്രക്കാരും ഇരുചക്ര വാഹനങ്ങളും കുറവായതിനാല്‍ വന്‍ അപകടം ഒഴിവായി. കാര്‍ യാത്രക്കാരായ ദമ്പതികള്‍ക്കും മുറിച്ച മരത്തിന്റെ ചില്ല മാറ്റുന്നതിനിടെ തെറിച്ചുവീണ് സമീപത്തുണ്ടായിരുന്ന നാലുപേര്‍ക്കുമാണു പരുക്കേറ്റത്. ഇവരെ കോഴിക്കോട് ബീച്ച് ആശുപത്രിയിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
രണ്ടു വാഗണര്‍ കാറുകളും ഒരു മാരുതി 800 കാറുമാണ് തകര്‍ന്നത്. ഇതോടൊപ്പം സമീപത്തു നിര്‍ത്തിയിട്ട കാറുകള്‍ക്കും മരക്കൊമ്പ് പൊട്ടിവീണ് കേടുപറ്റി. വലിയ ചില്ലകള്‍ തെറിച്ച് സമീപത്തെ കടകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. മധ്യഭാഗം റോഡിലേക്കു പൊട്ടി കൂറ്റന്‍മരം കടപുഴകി വീഴുകയായിരുന്നു. അതേസമയം കാറുകള്‍ക്ക് പിറകിലായി കെ.എസ്.ആര്‍.ടി.സി ബസ് ഇതുവഴി വരുന്നുണ്ടായിരുന്നു. അപകടം നടന്നയുടനെ ഡ്രൈവര്‍ ബ്രേക്കിട്ടതിനാല്‍ വന്‍ദുരന്തം ഒഴിവായി.
കാറിലുണ്ടായിരുന്ന വടകര മണിയൂര്‍ പതിയാരക്കര സ്വദേശി അനുശ്രീ, ഭര്‍ത്താവ് ചിത്രാദേവ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. മരത്തിന്റെ വലിയ ഭാഗം കാറിന്റെ ഡോറിനോടു ചേര്‍ന്ന് കിടന്നതിനാല്‍ കാറിന്റെ മുന്‍സീറ്റിലുണ്ടായിരുന്ന സ്ത്രീയെ ഏറെ പ്രയാസപ്പെട്ടാണു പുറത്തെത്തിച്ചത്. ഹൈഡ്രോളിക് മെഷിന്‍ ഉപയോഗിച്ച് മരം മുറിച്ചുമാറ്റാതെ ഡോര്‍ തുറക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നുവെന്ന് അഗ്‌നിശമന സേനാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മറ്റു കാറുകളില്‍ ഉണ്ടായിരുന്നുവര്‍ നാട്ടുകാരുടെ സഹായത്തോടെ പുറത്തെത്തി.
നാട്ടുകാരും അഗ്നിശമന സേനയും പൊലിസും സംയുക്തമായാണു മരം മുറിച്ചുനീക്കിയത്. ഇതിനിടെ എടക്കാട് സ്വദേശി ബാലന്റെ കൈ മുറിഞ്ഞു. ഇവരെ ആശുപത്രിയിലാക്കി. അതേസമയം മരം മുറിച്ചുനീക്കുന്നതിനിടെ കൂടിനിന്നവര്‍ക്കു മേല്‍ വീണ്ടും മരം പൊട്ടിവീണത് ആശങ്കയുണ്ടാക്കി. ഇതില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു. പുതിയങ്ങാടി സ്വദേശികളായ ഫസല്‍, അസീസ് എന്നിവര്‍ക്കാണു പരുക്കേറ്റത്. ഇവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.
ഗതാഗത തടസം അനുഭവപ്പെട്ടതിനാല്‍ കണ്ണൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ബീച്ച് വഴി വെങ്ങാലിയിലേക്കു കടത്തിവിട്ടു. കോഴിക്കോട്ട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ബൈപാസ് വഴിയും തിരിച്ചുവിട്ടു. രാത്രി 7.30 ഓടെയാണ് ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കാനായത്. എട്ടു മണിക്കൂറോളം എടുത്താണ് മരം പൂര്‍ണമായും മുറിച്ചുനീക്കിയത്. ഇടക്കിടെ പെയ്ത കനത്തമഴയും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. എസ്.ടി.ഒ അജിത്കുമാറിന്റെ നേതൃത്വത്തില്‍ മീഞ്ചന്ത, ബീച്ച്, വെള്ളിമാട്കുന്ന് അഗ്നിശമന സേനയില്‍ നിന്നു ഓരോ യൂനിറ്റുകള്‍ രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി.
താമരശ്ശേരി താലൂക്ക് ആശുപത്രിക്ക്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."