വ്യാപാരികളുടെ ആരോപണം അടിസ്ഥാന രഹിതമെന്ന് ഭരണസമിതി
സുല്‍ത്താന്‍ ബത്തേരി: നഗരസഭക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ ഉന്നയിച്ച ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും നഗരസഭ ഭരണസമിതിയെ വിരട്ടി വരുതിയിലാക്കാനുള്ള നീക്കം നടക്കില്ലെന്നും ഭരണസമിതി അംഗങ്ങള്‍.
മാലിന്യ നിക്ഷേപത്തിന്റെ പേരിലും അന്യായമായി കടകളില്‍ പരിശോധന നടത്തിയും വ്യാപാരികളെ ദ്രോഹിക്കുന്ന നഹരസഭാ നിലപാലിടില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഈമാസം 26ന് കടകടച്ച് നഗരസഭാ ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് യൂനിറ്റ് ഭാരവാഹികള്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് വിശദീകരണവുമായി നഗരസഭാ ഭരണ സമിതി രംഗത്തെത്തിയത്.
പ്ലാസ്റ്റിക് നിരോധനം, മാലിന്യ സംസ്‌കരണം,ടൗണ്‍ ശുചിത്വം, ട്രാഫിക് പരിഷ്‌കരണം തുടങ്ങിയവയെല്ലാം വ്യാപാരികളും നഗരസഭയും സംയുക്തകമായി യോഗം ചേര്‍ന്നെടുത്ത തീരുമാനങ്ങളാണ്. മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്നതിനാല്‍ ടൗണില്‍ മാലിന്യം നിക്ഷേപിക്കരുതെന്ന് വ്യാപാര സംഘടനകളും കച്ചവടക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനിച്ചതാണ്. എന്നാല്‍ ഇതിന് വിപരീതമായി ചിലര്‍ ടൗണ്‍ ശുചീകരിച്ചതിന് ശേഷവും റോഡില്‍ മാലിന്യം നിക്ഷേപിക്കുന്നുണ്ട്. ഇവര്‍ക്കെതിരേയാണ് നഗരസഭ നടപടി സ്വീകരിച്ചത്.
കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടത്തിയ ഇരുപത്തി രണ്ടു ഹോട്ടലുകളില്‍ ഒന്‍പതു ഹോട്ടലുകളില്‍ നിന്നും പഴകിയതും ഉപയോഗ ശ്യൂന്യമായതുമായ ഭക്ഷ്യ ധാന്യങ്ങള്‍ ആരോഗ്യ വിഭാഗം പിടികൂടിയിരുന്നു. നക്ഷത്ര പദവിയുള്ള ഹോട്ടലുകള്‍ പോലും വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്നത് കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ല. ആരുടേയും ഭീഷണിക്ക് വഴങ്ങി പരിശോധന നിര്‍ത്തില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
തുടര്‍ന്നും നിയമാനുസൃത വ്യാപാര ലൈസെന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നതും വ്യത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ കേരളം മുനിസിപ്പാലിറ്റീസ് ആക്ട് 447 പ്രകാരം അടച്ചുപൂട്ടല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും നഗരസഭ അധികൃതര്‍ പറഞ്ഞു. നഗരസഭാ ചെയര്‍മാന്‍ ടി.എല്‍ സാബു, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ജിഷ ഷാജി, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ സി.കെ സഹദേവന്‍, എല്‍സി പൗലോസ്, ബാബു അബ്ദുറഹിമാന്‍, പി.കെ സുമതി, വത്സാ ജോസ്, സോബിന്‍ വര്‍ഗീസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."