ഉപഭോഗം 90 ദശലക്ഷം യൂനിറ്റിലേക്ക്: വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന കെ.എസ്.ഇ.ബി നിര്‍ദേശം സര്‍ക്കാര്‍ തള്ളി
തൊടുപുഴ: വൈദ്യുതി ബോര്‍ഡിന്റെ കണക്കുകൂട്ടലുകള്‍ തകിടംമറിച്ച് സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം 90 ദശലക്ഷം യൂനിറ്റിലേക്ക്. ചൂട് കൂടുന്നതിനൊപ്പം ദിവസവും റെക്കോഡ് തിരുത്തി ഉപഭോഗം കുതിക്കുകയാണ്. ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറില്‍ 88.1029 ദശലക്ഷം യൂനിറ്റായിരുന്നു ഉപഭോഗം. ഇത് സര്‍വകാല റെക്കോര്‍ഡാണ്. ഒറ്റ ദിവസം കൊണ്ട് 12.39 ലക്ഷം യൂനിറ്റിന്റെ വര്‍ധന. ഈ നിലതുടര്‍ന്നാല്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം അനിവാര്യമാകും. ഇതിനിടെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന കെ.എസ്.ഇ.ബി നിര്‍ദേശം സര്‍ക്കാര്‍ തള്ളി. വൈദ്യുതി നിയന്ത്രണത്തിന് ഇപ്പോള്‍ തടസമായി നില്‍ക്കുന്നത് തെരഞ്ഞെടുപ്പാണ്. പോളിങ് ദിനമായ 23 ന് ശേഷം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നാണ് സൂചന.
തെരഞ്ഞെടുപ്പ് സീസണില്‍ പരമാവധി 85 ദശലക്ഷം യൂനിറ്റ് വരെ പ്രതിദിന ഉപഭോഗമാണ് കെ.എസ്.ഇ.ബി കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ മാര്‍ച്ച് 26 ന് തന്നെ ഉപഭോഗം 85 ദശലക്ഷം യൂനിറ്റ് പിന്നിട്ടു. പിന്നീട് കൂടിയും കുറഞ്ഞും നിന്ന ഉപഭോഗം കഴിഞ്ഞ മൂന്ന് ദിവസമായി കുത്തനെ ഉയരുകയാണ്. ഇതോടെ ആഭ്യന്തര ഉല്‍പാദനവും ഉയര്‍ത്തി. 25.2391 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലത്തെ ആഭ്യന്തര ഉല്‍പ്പാദനം. 62.8638 ദശലക്ഷം യൂനിറ്റ് പുറത്തുനിന്നും എത്തിച്ചു. ഈ സാഹചര്യത്തില്‍ കേന്ദ്ര വിഹിതത്തില്‍ കാര്യമായ കുറവ് വന്നാല്‍ പ്രതിസന്ധി ഉറപ്പാണ്. കേന്ദ്ര വിഹിതം 1600 മെഗാവാട്ട് ആണെങ്കിലും 1200 മെഗാവാട്ട് മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്. കല്‍ക്കരി ക്ഷാമം മൂലം താപവൈദ്യുതി നിലയങ്ങളില്‍ ഉല്‍പ്പാദനം കുറഞ്ഞതാണ് കേന്ദ്ര വിഹിതം കുറയാന്‍ കാരണം. കോഴിക്കോട് ഡീസല്‍ നിലയം അടക്കം പ്രവര്‍ത്തിപ്പിച്ചാണ് ആവശ്യമായ വൈദ്യുതി കണ്ടെത്തുന്നത്. 3.431 ദശലക്ഷം യൂനിറ്റായിരുന്നു കോഴിക്കോട് ഡീസല്‍ നിലയത്തിലെ ഇന്നലത്തെ ഉല്‍പ്പാദനം. ഇടുക്കി 11.475 ദശലക്ഷം യൂനിറ്റ്, ശബരിഗിരി 5.361, ഇടമലയാര്‍ 1.0888, ഷോളയാര്‍ 0.8619, പള്ളിവാസല്‍ 0.4383, കുറ്റ്യാടി 1.9124, പന്നിയാര്‍ 0.2504, നേര്യമംഗലം 0.4401, ലോവര്‍പെരിയാര്‍ 0.568, പൊരിങ്ങല്‍കുത്ത് 0.421, ചെങ്കുളം 0.348, കല്ലട 0.2159, മലങ്കര 0.0753 ദശലക്ഷം യൂനിറ്റ് എന്നിങ്ങനെയായിരുന്നു പ്രധാന പദ്ധതികളില്‍ നിന്നുള്ള ഇന്നലത്തെ ഉല്‍പ്പാദനം.
1544.981 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് എല്ലാ അണക്കെട്ടുകളിലുമായി അവശേഷിക്കുന്നത്. മൊത്തം സംഭരണശേഷിയുടെ 38 ശതമാനമാണിത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസത്തേക്കാള്‍ 116.822 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം കുറവാണിപ്പോള്‍.
ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയില്‍ സംഭരണശേഷിയുടെ 40 ശതമാനം വെള്ളമാണ് നിലവിലുള്ളത്. പമ്പ- 37, ഷോളയാര്‍-30, ഇടമലയാര്‍-28, മാട്ടുപ്പെട്ടി-36, കുറ്റ്യാടി-44, തരിയോട്-22, ആനയിറങ്കല്‍-32, പൊന്മുടി-43, കല്ലാര്‍കുട്ടി-52, പൊരിങ്ങല്‍കുത്ത്-23, ലോവര്‍ പെരിയാര്‍-61 ശതമാനം എന്നിങ്ങനെയാണ് മറ്റ് അണക്കെട്ടുകളിലെ ജലനിരപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."