വാര്‍ഫ് നിര്‍മാണം; പൈലിങ് തുടങ്ങി
കോവളം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വാര്‍ഫ് നിര്‍മാണത്തിന്റെ ഭാഗമായുള്ള പൈലിങ് ജോലികള്‍ തുടങ്ങി. പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ പൈലിങ് വിജയമെന്ന് കണ്ടതോടെയാണ് പൂര്‍ണതോതിലുള്ള പൈലിങ് ആരംഭിച്ചത്.
ഇതിന്റെ ഭാഗമായുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളുടെ വേഗം കൂട്ടാനായി പുതിയ ഒരു ജാക്കപ്പ് ബാര്‍ജ് കൂടി നാളെ വിഴിഞ്ഞത്ത് എത്തും. ഡോള്‍ഫിന്‍ എന്ന കൂറ്റന്‍ ടഗ്ഗിലാണ് ഗുജറാത്തിലെ മുദ്രാ പോര്‍ട്ടില്‍ നിന്നുള്ള ബാര്‍ജിനെ വിഴിഞ്ഞത്തേക്ക് കൊണ്ടുവരുന്നത്. ബാര്‍ജ് രാവിലെ തുറമുഖത്തടുക്കും. പരീക്ഷണ പൈലിങില്‍ ഏര്‍പ്പെട്ടിരുന്ന ജാക് അപ്പ് ബാര്‍ജ് ഉപയോഗിച്ചാണ് ഇപ്പോള്‍ പൈലിങ് നടത്തുന്നത്.
പുതിയ ബാര്‍ജ് കൂടി എത്തുന്നതോടെ എണ്ണൂറ് മീറ്റര്‍ നീളത്തിലും നാനൂറ് മീറ്റര്‍ വീതിയിലും നിര്‍മിക്കുന്ന വാര്‍ഫിന്റെ പൈലിങ് അടക്കമുള്ള നിര്‍മാണത്തിന് വേഗത വര്‍ധിക്കും.
പൈലിങ് പൂര്‍ത്തിയാകുന്നതോടെ ആരംഭിക്കുന്ന ജെട്ടിയുടെ നിര്‍മാണോദ്ഘാടനം ആഘോഷമാക്കാനുള്ള തയാറെടുപ്പുകളും നടന്നുവരുന്നുണ്ട്.കടലിന്റെ പ്രതികൂല കാലാവസ്ഥ കാരണം ശാന്തി സാഗര്‍ പന്ത്രണ്ട്, ശാന്തി സാഗര്‍ പത്ത് എന്നിങ്ങനെ രണ്ട് കൂറ്റന്‍ യന്ത്രങ്ങള്‍ രാപ്പകള്‍ അദ്ധ്വാനിച്ചിട്ടും കടല്‍ കുഴിച്ചുള്ള മണല്‍ത്തട്ടിന്റെ എഴുപത് ശതമാനം മാത്രമേ ഇതുവരെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുള്ളൂ.
കടല്‍ ക്ഷോഭിച്ച നിലയിലായതിനാല്‍ ശാന്തി സാഗര്‍ പന്ത്രണ്ടിനെ തല്ക്കാലം പണി നിര്‍ത്തി കൊല്ലം തുറമുഖത്തേക്ക് മാറ്റുമെന്ന് അധികൃതര്‍ പറഞ്ഞു. 2015 നവംബര്‍ 24ന് തുറമുഖ നിര്‍മാണം ആരംഭിച്ചത് മുതല്‍ ശാന്തി സാഗര്‍ പന്ത്രണ്ട് കടല്‍ കുഴിക്കലില്‍ ഏര്‍പ്പെട്ട് വരികയായിരുന്നു.കടല്‍ ക്ഷോഭം രൂക്ഷമായാല്‍ ശാന്തി സാഗര്‍ 10 ന്റെ പ്രവര്‍ത്തനവും കുറച്ചു ദിവസത്തേക്കെങ്കിലും നിറുത്തിവെക്കേണ്ടി വരുമെന്ന് ആശങ്കയും അധികൃതര്‍ക്കുണ്ട്. മണ്‍സൂണ്‍ ആരംഭിക്കുന്നതോടെ വിഴിഞ്ഞത്തെ മത്സ്യബന്ധന സീസണിലെ തിരക്കും നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ വേഗതയെ ബാധിച്ചേക്കും.
തുടക്കത്തില്‍ നിര്‍മാണം ആരംഭിക്കുമെന്ന് പറഞ്ഞിരുന്നതിനെക്കാല്‍ രണ്ട് മാസത്തോളം വൈകിയാണ് വാര്‍ഫ് നിര്‍മാണത്തിന്റെ െൈപലിങ് ജോലികള്‍ തുടങ്ങിയിരിക്കുന്നത്. നിര്‍മാണത്തിനാവശ്യമായ കൂടുതല്‍ യന്ത്രസാമഗ്രികളും തൊഴിലാളികളും വിഴിഞ്ഞത്ത് എത്തിക്കഴിഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."