പാപക്കറകൾ കഴുകി പുതു ജീവിതത്തിലേക്ക് ഹാജിമാർ; ഹജ്ജിന് നാളെ സമാപനമാകും
മക്ക: അറഫയിൽ പാപമോചനം തേടി ഉള്ളുരുകി പ്രാർത്ഥിച്ചും മുസ്‌ദലിഫയിൽ ഒരു രാത്രി അന്തിയുറങ്ങിയും പിശാചിന്റെ സ്‌തൂപത്തിൽ കല്ലെറിഞ്ഞും പുതു ജീവിതത്തിലേക്ക് കാലെടുത്ത് വെച്ച് ഈ വർഷത്തെ ഹജ്ജിനു നാളെ പരിസമാപ്‌തിയാകും. പരിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്ക് നാളെ പരിസമാപ്‌തിയിലേക്ക് കടക്കുമ്പോൾ വിശ്വാസികൾ പ്രസവിച്ച കുഞ്ഞു പോലെ പരിശുദ്ധമായാണ് തിരിച്ചു പോകുക. വെള്ളിയാഴ്ച്ച ജംറയിലെ ആദ്യ ദിന കല്ലേറും മക്കയിലെത്തി ഇഫാദത്തിന്റെ ത്വവാഫും നിർവഹിച്ചാണ് ഹാജിമാർ മക്കയിൽ നിന്നും വീണ്ടും മിനയിലേക്ക് തിരിച്ചത്. കൊവിഡ് പ്രോട്ടോകോൾ പ്രകാരമുള്ള കർശന നിയന്ത്രണങ്ങളോടെയായിരുന്നു കർമ്മങ്ങൾ.
കല്ലേറ് കർമ്മങ്ങൾക്കും ത്വവാഫിനും കർശനമായ നിയന്ത്രണങ്ങൾ അധികൃതർ നടപ്പിലാക്കിയിരുന്നു. അണുവിമുക്തമാക്കിയ കല്ലുകൾ ഒരുക്കിയും സാമൂഹിക അകലം പാലിക്കാൻ പ്രത്യേകം അടയാളങ്ങളും കുറഞ്ഞ ആളുകളുടെ ഗ്രൂപ്പുകളെ തയ്യാറാക്കിയും കയറാനും ഇറങ്ങാനും പ്രത്യേക കവാടങ്ങളും അടക്കം കൂടിച്ചേരലുകൾ ഒഴിവാക്കാനായി മുഴുവൻ സംവിധാനങ്ങളും സജീകരിച്ചിരുന്നു.
വ്യാഴാഴ്ച്ച നടന്ന അറഫ ദിന ചടങ്ങുകൾക്ക് ശേഷം മുസ്ദലിഫയിലേക്ക് നീങ്ങിയ ഹാജിമാർ ഇവിടെ രാത്രി താമസിച്ച് വെള്ളിയാഴ്ച്ച രാവിലെയാണ് മിനയിലെത്തിയത്. ഇവിടെ നിന്നും പുറപ്പെട്ട തീർത്ഥാടകർ ജംറത്തുൽ അഖബയിലെത്തി ആദ്യ കല്ലേറ് കർമം നടത്തിയ ശേഷം മക്കയിലെ ഹറമിലെത്തി ‘ത്വവാഫുൽ ഇഫാദ’യും നിർവഹിച്ചാണ് ടെന്റുകളുടെ നഗരിയിലേക്ക് തിരിച്ചത്. തുടർന്ന് ശനിയാഴ്ച്ച രണ്ടാം കല്ലേറ് ദിനത്തിൽ ഹാജിമാർ പിശാചിന്റെ പ്രതീകങ്ങളായ ജംറതുൽ ഊല, ജംറതുൽ വുസ്ത്വാ, ജംറതുൽ അഖബ എന്നീ സ്‌തൂപങ്ങളിൽ ഏഴു വീതം കല്ലെറിയൽ ചടങ്ങു പൂർത്തിയാക്കി. ഇന്നത്തെ കല്ലേറ് കർമ്മം കൂടി പൂർത്തിയായാൽ മടങ്ങാൻ ഉദ്ദേശിക്കുന്നവർ മഗ്‌രിബ് നിസ്‌കാരത്തിന് മുൻപായി മിനാ താഴ്വരയിൽ നിന്ന് യാത്രയാകും. അല്ലാത്തവർ അന്ന് കൂടി മിനായിൽ കഴിച്ചുകൂട്ടി നാളെ കല്ലേറിനു ശേഷം മഗ്‌രിബിനു മുൻപ് മടങ്ങും. എന്നാൽ, ഈ വർഷം ആയിരത്തിലധികം വരുന്ന ഹാജിമാർ അധികൃതരുടെ കർശന നിയന്ത്രണത്തിലാണെന്നതിനാൽ അധികൃതരുടെ നിർദേശനത്തിനനുസരിച്ചു മാത്രമായിരിക്കും മിനായിൽ നിന്നും പുറപ്പെടുകയുള്ളൂ.
വെള്ളിയാഴ്ചയിലെ ജംറയിലെ ആദ്യ ദിന കല്ലേറിനു ശേഷം തല മുണ്ഡനം ചെയ്തു ഇഹ്‌റാമിൽ നിന്നും മുക്തരായ ഹാജിമാർ ഇഹ്‌റാം വസ്ത്രമായ രണ്ടു കഷണം വെള്ള തുണികൾ മാറ്റി വെച്ച് സാധാരണ വസ്ത്രം ധരിച്ചിരുന്നു. കൊവിഡ് മഹാമാരി ഭീഷണിക്കിടെ ഏറ്റവും സുപ്രധാന കർമ്മങ്ങളായ മിന താമസവും അറഫ സംഗമവും ആദ്യ ദിവസത്തെ കല്ലേറും സുഗമമായി പര്യവസാനിച്ചതിന്റെ ആശ്വാസത്തിലാണ് സഊദി ഭരണ കൂടവും ഹജ്ജ്, ഉംറ മന്ത്രാലയവും. പഴുതടച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളും മുന്നൊരുക്കങ്ങളുമായിരുന്നു നടത്തിയിരുന്നത്.
നിലവിൽ മിനയിലെ ‘അബ്റാജ് മിന’കെട്ടിടത്തിൽ കഴിയുന്ന തീർത്ഥാടകർ വരും ദിവസങ്ങളിൽ ഹജ്ജിലെ ബാക്കി കർമങ്ങൾ കൂടി പൂർത്തിയാക്കി മടങ്ങും. ഞായർ (ദുൽഹജ് 12), തിങ്കളാഴ്ച (ദുൽഹജ് 13 ) യോടെ മൂന്നു ജംറകളിൽ ഏഴു വീതം കല്ലെകളെറിഞ്ഞാണ് മടങ്ങുക. ഇതോടെ ഈ വർഷത്തെ ഹജ്ജിനു പരിപൂർണ്ണ സമാപനമാകും. നിലവിൽ ഇത് വരെ ഹാജിമാർക്കിടയിൽ ആരോഗ്യ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. കൊവിഡ് ലക്ഷണങ്ങൾ കണ്ടെത്തുന്നവരെയും ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരെയും ഐസൊലേഷൻ ചെയ്യാനും പ്രത്യേകം സുശ്രൂഷിക്കാനും ഉതകുന്ന സംവിധാനങ്ങൾ പുണ്യ നഗരികളിൽ സജ്ജീകരിച്ചിരുന്നു. ഹജ്ജ് കഴിഞ്ഞു പുണ്യ സ്ഥലനങ്ങളിൽ നിന്നും വിടപറയുന്ന തീർത്ഥാടകർ നിശ്ചിത ദിവസം നിർബന്ധിത ക്വാറന്റൈനിൽ കഴിയണമെന്നും നിർദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."