നാടിന്റെ നന്മയായി പ്രവാസി കൂട്ടായ്മ വെഡ്മ
വെള്ളാങ്ങല്ലൂര്‍: കരൂപ്പടന്നയിലെ പടിയത്ത് പുത്തന്‍കാട്ടില്‍ വീരാന്‍ ഹാജി മെമ്മോറിയല്‍ ആശുപത്രിയുടെ പ്രവര്‍ത്തനമേറ്റെടുത്ത് രണ്ട് വര്‍ഷം തികയുന്ന വേളയില്‍ നിര്‍ദ്ധനരായ വൃക്കരോഗികള്‍ക്ക് തികച്ചും സൗജന്യമായി ഡയാലിസിസ് ആരംഭിച്ചു കൊണ്ട് വെഡ്മ നാടിന്റെ നന്മയാകുന്നു. 18 വര്‍ഷം മുമ്പ് രൂപീകരിച്ച യു.എ.ഇയിലെ പ്രവാസി കൂട്ടായ്മയായ വെഡ്മ ഇതിനോടകം നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. ഇതിന്റെ ഭാഗമായി സാധാരണക്കാരുടെ ആശ്രയമായിരുന്ന, 2014 ല്‍ പ്രവര്‍ത്തനം നിര്‍ത്തിയ കരൂപ്പടന്നയിലെ ആശുപത്രി ഏറ്റെടുത്ത് പ്രവര്‍ത്തനം പുനരുജ്ജീവിപ്പിക്കാന്‍ തീരുമാനിച്ചു.
സമീപ പ്രദേശങ്ങളിലെ സാധാരണ ജനങ്ങള്‍ക്ക് താങ്ങാവുന്ന ചിലവില്‍ ചികിത്സ ലഭ്യമാക്കുക എന്നതായിരുന്നു ലക്ഷ്യം. 2015 മെയ് ഒന്നിന് പടിയത്ത് പുത്തന്‍കാട്ടില്‍ വീരാന്‍ ഹാജി മെമ്മോറിയല്‍ ആശുപത്രി വെഡ്മ ഏറ്റെടുത്ത് പ്രവര്‍ത്തനം തുടങ്ങി. ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന വരുമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു തന്നെയാണ് വിനിയോഗിക്കുന്നത്. ആശുപത്രി ഏറ്റെടുത്ത് രണ്ടു വര്‍ഷം തികയുന്ന വേളയിലാണ് സൗജന്യ ഡയാലിസിസ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി ഒരു മൊബൈല്‍ ഡയാലിസിസ് യൂണിറ്റും സജ്ജമാണ്. ആശുപത്രിയില്‍ എത്തി ഡയാലിസിസ് നടത്താവുന്ന സംവിധാനമാണ് ആദ്യഘട്ടത്തില്‍ ഒരുക്കുന്നത്. സൗജന്യ ഡയാലിസിസിനായുള്ള അപേക്ഷകള്‍ പരിശോധിക്കാനായി നാട്ടിലെ രാഷ്ട്രീയ, സാമൂഹ്യ, വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ഒരു കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. ചുരുങ്ങിയ രീതിയില്‍ പ്രവര്‍ത്തനം തുടങ്ങി പിന്നീട് കൂടുതല്‍ വിപുലമായ സംവിധാനങ്ങള്‍ ഒരുക്കാനാണ് സംഘടന ഉദ്ദേശിക്കുന്നത്. നിലവില്‍ 96 അംഗങ്ങളുള്ള സംഘടനക്ക് 16 ഭാരവാഹികള്‍ ആണുള്ളത്. ടി.എം സുബൈര്‍ (പ്രസിഡന്റ്), പി.എം അല്‍ത്താഫ് (ജനറല്‍ സെക്രട്ടറി), സൗജന്യ ഡയാലിസിസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് കെ.എസ് മജീദ് 9995903637, പി.എസ് അഷറഫ് 9495465182.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."