റേഷന്‍ കാര്‍ഡ് അപേക്ഷകരുടെ എണ്ണം പതിനായിരമായി
പറവൂര്‍: നാല് വര്‍ഷത്തിന് ശേഷം പുതിയ റേഷന്‍ കാര്‍ഡ് ഉള്‍പ്പടെയുള്ള നടപടികള്‍ക്കായി അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങിയതോടെ അപേക്ഷകരുടെ എണ്ണം പെരുകി. മുന്നാഴ്ച്ച ആയതോടെ അപേക്ഷകരുടെ എണ്ണം ഏകദേശം പതിനായിരമായി. റേഷന്‍കാര്‍ഡുമായി ബന്ധപ്പെട്ട അപേക്ഷ സമര്‍പ്പണം ആരംഭിച്ചതോടെ താലൂക്ക് സപ്ലൈ ഓഫിസില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഇക്കഴിഞ്ഞ 25 മുതലാണ് സപ്ലൈ ഓഫിസ് കേന്ദ്രീകരിച്ച് അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങിയത്. അന്ന് മാത്രം നാനൂറില്‍പരം അപേക്ഷകളാണ് ലഭിച്ചത്. താലൂക്ക് ഓഫിസ് നവീകരണം നടക്കുന്നതിനാല്‍ സൗകര്യാര്‍ത്ഥം തിരക്ക് നിയന്ത്രിക്കുന്നതിനും അപേക്ഷകര്‍ക്ക് എളുപ്പത്തില്‍ എത്തുന്നതിനുമായി പഞ്ചായത്ത് പ്രദേശങ്ങളില്‍ പ്രത്യക കേന്ദ്രങ്ങള്‍ തുറന്നിരുന്നു. അപേക്ഷകള്‍ 28 വരെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരിക്കുകയും ചെയ്തു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ആസ്ഥാന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചാണ് സൗകര്യമൊരുക്കിയത്.
പുതിയ കാര്‍ഡിനുള്ള അപേക്ഷ, റേഷന്‍ കാര്‍ഡിന്റെ താലൂക്ക് മാറ്റുന്നതിനുള്ള അപേക്ഷ ,അംഗങ്ങള്‍ക്കു താലൂക്ക് മാറ്റി പേരു ചേര്‍ക്കുന്നതിനുള്ള റിഡക്ഷന്‍ സര്‍ട്ടിഫിക്കറ്റ്, കാര്‍ഡില്‍ പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തല്‍, ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് എടുക്കല്‍,കാര്‍ഡില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള അപേക്ഷ, നോണ്‍ റിന്യുവല്‍, നോണ്‍ ഇന്‍ക്ലൂഷന്‍ സര്‍ട്ടിഫിക്കറ്റ് , സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് കാര്‍ഡ് മാറ്റല്‍, ജില്ലകളില്‍ നിന്ന് റേഷന്‍ കാര്‍ഡ് മാറ്റുന്നത് ഉള്‍പ്പടെയുള്ള അപേക്ഷകളാണ് അധികൃതര്‍ സ്വീകരിച്ചു വരുന്നത്. കൂടാതെമരണപ്പെട്ടവരുടെ പേരു നീക്കം ചെയ്യല്‍ എന്നീ നടപടികളും ഇതോടപ്പം നടക്കുന്നുണ്ട്. ഇത്തരത്തില്‍ ഏകദേശം പന്ത്രണ്ടോളം വിഭാഗങ്ങളിലായാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്.ഈ ഇനങ്ങളിലായി പതിനായിരത്തോളം അപേക്ഷകള്‍ ലഭിച്ചു കഴിഞ്ഞു. പത്ത് ഗ്രാമപഞ്ചായത്തുകളും രണ്ട് നഗരസഭകളും ഉള്‍പ്പെടുന്നതുമാണ് സപ്ലൈ ഓഫിസിന്റെ പരിധിയില്‍ വരുന്നത്.
പറവൂര്‍, ഏലൂര്‍ മുനിസിപാലിറ്റികള്‍ക്ക് പുറമെ ആലങ്ങാട്, വരാപ്പുഴ, കരുമാല്ലൂര്‍, കുന്നുകര, പുത്തന്‍വേലിക്കര, ചേന്ദമംഗലം,വടക്കേക്കര, ചിറ്റാറ്റുകര, ഏഴിക്കര, കോട്ടുവള്ളി പഞ്ചായത്ത് എന്നിവയും ഉള്‍പ്പെടും. അതേ സമയം നാല് മാസത്തിന് മുന്‍പ് പുതിയ റേഷന്‍ കാര്‍ഡിന് വേണ്ടി മാത്രം അപേക്ഷകള്‍ സ്വീകരിച്ചിരുന്നു.ഇതിന്‍മേലുള്ള നടപടിക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഏകദേശം അന്ന് നാലായിരത്തോളം അപേക്ഷകള്‍ ലഭിച്ചിരുന്നു. ഈ അപേക്ഷകര്‍ക്ക് ഇപ്പോള്‍ റേഷന്‍ കാര്‍ഡുകള്‍ നല്‍കി കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്ന അപേക്ഷകള്‍ക്ക് പുതിയ കാര്‍ഡുകള്‍ എന്ന് നല്‍കുമെന്ന് വ്യക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."