വീടുകള്‍ വെള്ളത്തില്‍ മുങ്ങി ജനങ്ങള്‍ ദുരിതത്തില്‍
ചങ്ങനാശേരി: കാലവര്‍ഷം ശക്തമായതോടെ വിവിധ പ്രദേശങ്ങളില്‍ ജലനിരപ്പുയര്‍ന്നു. അനേകം വീടുകള്‍ വെള്ളത്തിലായി എസി റോഡില്‍ വെള്ളം കയറി.
ചങ്ങനാശേരി - ആലപ്പുഴ റോഡരികിലുള്ള എസി റോഡ്, എസി കോളനികള്‍, പായിപ്പാട് പഞ്ചായത്തിലെ പൂവം, നക്രാല്‍, പുതുവല്‍, അംബേദ്കര്‍ കോളനി, വാഴപ്പള്ളി പഞ്ചായത്തിലെ വെട്ടിത്തുരത്ത്, പറാല്‍ മേഖലകളിലുമാണ് ജലനിരപ്പുയര്‍ന്നത്. മണിമലയാറ്റില്‍ ജലനിരപ്പുയര്‍ന്നിട്ടുണ്ട്. കിഴക്കന്‍ വെള്ളത്തിന്റെ ഒഴുക്കും വര്‍ദിച്ചിട്ടുണ്ട്.
കൂടാതെ ഈ പ്രദേശത്തെ മൂന്നുറോളം വീടുകളില്‍ വെള്ളം കയറിയതോടെ ജനജീവിതം ദുരിതത്തിലായി. റവന്യു വകുപ്പ് ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ വെള്ളം കയറിയ പ്രദേശത്തുള്ളവര്‍ വീടുവിട്ട് ക്യാമ്പിലേക്ക് പോകാന്‍ വൈമനസ്യം കാട്ടുകയാണ്. വീടുവിട്ടു പോയി തിരികെ എത്തുമ്പോള്‍ വീട്ടിലുള്ള സാമഗ്രികള്‍ മോഷ്ടാക്കള്‍ കൊണ്ടു പോകാനിടയുള്ളതായും വിട്ടുപകരണങ്ങള്‍ നശിക്കാനിടയുള്ളതായും വീട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു.
ഇന്നലെ ഉണ്ടായ കനത്ത മഴയിലും കാറ്റിലുംപെട്ട് അനേകം വീടുകള്‍ക്ക് നാശനഷ്ടമുണ്ടായിട്ടുണ്ട്. വലിയ കാറ്റിലും മഴയിലും പെരുന്ന ഭാഗത്ത് മരംവീണു നാല്പാതി സുരേഷിന്റെ വീട് തകര്‍ന്നു. ഒരുമുറിയും അടുക്കളയും പൂര്‍ണ്ണമായും നശിച്ചു. ഏകദേശം 60000 രൂപയുടെ നഷ്ടം കണക്കാക്കുന്നു വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പനിയും സാംക്രമിക രോഗങ്ങളും പടരാന്‍ ഇടയുള്ളതിനാല്‍ ആരോഗ്യ വകുപ്പിന്റെ ശ്രദ്ധ സജീവമാകണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
മഴ മൂലം വീട്ടിലുള്ളവര്‍ക്ക് ജോലിക്ക് പോകാന്‍ സാധിക്കാത്തതിനാല്‍ വീടുകളില്‍ ഭക്ഷ്യസാധനങ്ങളുടെ ക്ഷാമം നേരിട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സൗജന്യ റേഷന്‍ വിതരണം ആരംഭിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.എസി റോഡിലും ഉള്‍പ്രദേശങ്ങളിലും വെള്ളം കയറിയതിനെതുടര്‍ന്ന് ജനജീവിതം ദുസ്സഹമായ നിലയിലാണ്.
ഇതേരീതിയില്‍ മഴ തുടരുകയാണെങ്കില്‍ എസി റോഡിലെ ഗതാഗതം പൂര്‍ണമായി നിര്‍ത്തിവെക്കേണ്ടിവരും. വെള്ളപ്പൊക്കം അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ ചങ്ങനാശേരി വില്ലേജ് ഓഫീസര്‍ എ.എം. ആന്റണി, സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ സലിം സദാനന്ദന്‍ എന്നിവരുടെ നേത്യത്വത്തുലുള്ള സംഘം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.കുറിച്ചി, നീലംപേരൂര്‍ ,പനച്ചിക്കാട് ഭാഗങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.കുറിച്ചിയിലെ ചാലച്ചിറ, ആനക്കുഴി,പാട്ടശ്ശേരി,ചാണകക്കുഴി ഭാഗങ്ങളിലും തുരുത്തിയില്‍ തൂപ്പുറം, വാലടി,കുമരങ്കരി ഭാഗങ്ങളിലെ നിരവധി വീടുകളിലും വെള്ളം കയറിയ നിലയിലാണ്. പനച്ചിക്കാട് പഞ്ചായത്തിലെ താഴ്ന്ന മേഖലകളില്‍ ജലനിരപ്പുയര്‍ന്ന നിലയിലാണ്.നീലംപേരൂര്‍ പഞ്ചായത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍ മുഴുവന്‍ വെള്ളത്തിലാണ്. കടുത്ത ശുദ്ധജല ക്ഷാമത്തിലാണ് ഇവിടുള്ളവര്‍. പല തുരുത്തുകളും പ്രദേശത്ത് ഒറ്റപ്പെട്ട നിലയിലാണ്. കൂടാതെ ഈ പ്രദേശത്തെ നിരവധി വീടുകളില്‍ വെള്ളം കയറിയതോടെ ജനജീവിതം ദുരിതത്തിലായി.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാറ്റിലും വലിയ നാശനഷ്ടങ്ങള്‍ പ്രദേശത്ത് ഉണ്ടായി. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. റവന്യു വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി വേണ്ട മുന്‍ കരുതലുകളും തുടര്‍ നടപടികളും സ്വീകരിച്ചു. പൊന്‍പുഴയില്‍ ഒരു വീട് പൂര്‍ണമായും തകര്‍ന്നു. ചെമ്പു ചിറയില്‍ വീടിന്റെ മുകളിലേയ്ക്കു മരം ഒടിഞ്ഞു വീണു കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കൂറ്റന്‍ തെക്കു മരങ്ങള്‍ പലയിടങ്ങളിലും ഒടിഞ്ഞു വീണ നിലയിലാണ്. മഴ കൂടുതല്‍ ശക്തമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷാ മുന്‍ കരുതലുകള്‍ എടുക്കുമെന്ന് കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് മനോജ് ജോര്‍ജ്ജ് മുളപ്പഞ്ചേരി അറിയിച്ചു.
വെള്ളം വീടുകളില്‍ കൂടി കയറിയതോടെ കൊച്ചു കുട്ടികള്‍ അടക്കമുള്ളവര്‍ അട്ട ശല്യം മൂലം വിഷമിക്കുന്ന നിലയിലാണ്. താഴ്ന്ന പ്രദേശങ്ങളില്‍ തുടര്‍ച്ചയായ മൂന്നാം തവണയാണ് വെള്ളം ഇറങ്ങിയതിനു ശേഷം വീണ്ടും കയറുന്നത്. ഇത് പ്രദേശത്ത് കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. കൂടുതല്‍ വെള്ളക്കെട്ട് ദിവസങ്ങളോളം ഉള്ളവര്‍ ക്യാമ്പുകളിലേക്ക് മാറണമെന്ന് ആരോഗ്യ വകുപ്പ് കര്‍ശനമായി നിര്‍ദേശിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."