ടി.പി രക്തസാക്ഷിദിനാചരണം; വടകര മേഖലയില്‍ കനത്ത സുരക്ഷ
വടകര: ഏപ്രില്‍ 30ന് ഒഞ്ചിയം രക്തസാക്ഷി ദിനാചരണവും മെയ് നാലിന് ടി.പി ചന്ദ്രശേഖരന്‍ രക്തസാക്ഷി ദിനവും വരുന്നതിനാല്‍ വടകര മേഖലയില്‍ പൊലിസ് സുരക്ഷ ശക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് ആര്‍.എം.പി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയും മെയ് നാലിന്റെ പ്രചാരണ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു.
ഇതിന്റെ പശ്ചാത്തലത്തില്‍ ഇനിയും അക്രമങ്ങളുണ്ടാകുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍്ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷയൊരുക്കുന്നത്.
നൂറോളം സായുധ സേനാംഗങ്ങള്‍, മലബാര്‍ സ്‌പെഷ്യല്‍ പൊലിസ്, ലോക്കല്‍ പൊലിസ് എന്നിവയടക്കം അഞ്ഞൂറോളം പൊലിസുകാരെയാണ് ഈ മേഖലയില്‍ അധികമായി വിന്യസിച്ചിരിക്കുന്നത്. ഒഞ്ചിയം ഏരിയയില്‍പ്പെടുന്ന നാല് പഞ്ചായത്തുകളായ അഴിയൂര്‍, ഏറാമല, ഒഞ്ചിയം, ചോറോട് എന്നിവടങ്ങളില്‍ ബോംബ് സ്‌ക്വാഡ് അടക്കമുള്ള പരിശോധനകള്‍ നടത്തും.
താരതമ്യേന സംഘര്‍ഷങ്ങള്‍ കുറവായിരുന്ന ചോറോടും കഴിഞ്ഞ ദിവസം ആര്‍.എം.പി ഓഫിസ് അക്രമിക്കപ്പെട്ടിരുന്നു. അന്നുതന്നെ രാത്രിയില്‍ സി.പി.എം പ്രടകനത്തിനിടെ അതേ ഓഫിസ് വീണ്ടും അക്രമിക്കപ്പെട്ടത് പൊലിസ് സാന്നിധ്യത്തിലുമാണ്. ഇതില്‍ കണ്ടാലറിയാവുന്നവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. കുന്നുമ്മക്കരയില്‍ അക്രമത്തിനിരയാക്കപ്പെട്ടവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകരെ അറസ്റ്റുചെയ്തിരുന്നു. ഒഞ്ചിയം ഏരിയയില്‍ പൊലിസ് പട്രോളിങ്ങ് കര്‍ശനമാക്കിയിട്ടുണ്ട്. ഒഞ്ചിയം രക്തസാക്ഷി മണ്ഡപം, വള്ളിക്കാട്ടെ ടി.പി സ്തൂപം എന്നിവിടങ്ങളിലും സുരക്ഷ ശക്തമാക്കി. ഉള്‍നാടുകളിലും പൊലിസ് റോന്തുചുറ്റുന്നുണ്ട്.
ഏപ്രില്‍ 30ന് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ആചരിക്കുന്ന ഒഞ്ചിയം രക്തസാക്ഷിദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പങ്കെടുക്കുന്നത്. മുഖ്യമന്ത്രിയായ ശേഷം പിണറായി വിജയന്‍ ഒഞ്ചിയത്ത് പങ്കെടുക്കുന്ന ആദ്യരാഷ്ട്രീയ പൊതുയോഗമാണ് നടക്കുന്നത്. മുഖ്യമന്ത്രിയുടെ വരവു പ്രമാണിച്ചും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
അന്നേ ദിവസംതന്നെ ആര്‍.എം.പി.ഐയുടെ നേതൃത്വത്തിലും ഒഞ്ചിയം പാലത്തിനു സമീപം രക്തസാക്ഷിദിനം ആചരിക്കുന്നുണ്ട്. ഇതില്‍ ആര്‍.എം.പി.ഐ തമിഴ്‌നാട് സെക്രട്ടറി ഗംഗാധറാണ് പങ്കെടുക്കുന്നത്. രക്തസാക്ഷി ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ശക്തമായ പരിശോധനകള്‍ നടത്തുമെന്ന് ഡിവൈ.എസ്.പി കെ സുദര്‍ശനന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."