കടവുകളില്‍ സൗകര്യങ്ങളില്ല; മത്സ്യത്തൊഴിലാളികള്‍ ദുരിതത്തില്‍
നീലേശ്വരം: ജില്ലയിലെ കടവുകളില്‍ ആവശ്യത്തിനു സൗകര്യങ്ങളില്ല. ഇതു മത്സ്യത്തൊഴിലാളികളുടെ ദുരിതം ഇരട്ടിപ്പിക്കുകയാണ്. കവ്വായി, തേജസ്വിനി, ചന്ദ്രഗിരി പുഴകളില്‍ മാത്രം ആയിരത്തോളം കടവുകളാണുള്ളത്.
ഓരോ കടവിലും നൂറിനും ഇരുന്നൂറിനും ഇടയില്‍ മത്സ്യത്തൊഴിലാളികള്‍ ജോലി ചെയ്യുന്നുമുണ്ട്. കോണ്‍ക്രീറ്റ് പടവുകളും ആവശ്യത്തിനു വിളക്കുകളുമാണ് ഇവിടങ്ങളില്‍ പ്രധാനമായും വേണ്ടത്. ഇവ ഇല്ലാത്തതു മൂലം ഊന്നുവല കെട്ടിയും ഒഴുക്കുവലയിട്ടും ചെറുതോണികളില്‍ മത്സ്യബന്ധനം നടത്തുന്നവരാണ് ഏറെയും ബുദ്ധിമുട്ട് അനുഭവിക്കുന്നത്.
വലയില്‍ കുടുങ്ങുന്ന മത്സ്യങ്ങളെ വലയ്ക്കു കേടുകൂടാതെ അഴിച്ചെടുക്കണമെങ്കില്‍ നല്ല വെളിച്ചം ആവശ്യമാണ്. കൂടാതെ കയറ്റി അയക്കാനുള്ള ഞണ്ടുകളെ കേടുകൂടാതെ അഴിച്ചെടുക്കാനും വെളിച്ചമില്ലാതെ കഴിയില്ല.
നിലവില്‍ സ്വന്തമായി ഹെഡ് ലൈറ്റും മറ്റും ഉപയോഗിച്ചാണ് മത്സ്യത്തൊഴിലാളികള്‍ ജോലി ചെയ്യുന്നത്. മഴക്കാലത്ത് ഇവരുടെ ദുരിതം ഇരട്ടിക്കും. നീലേശ്വരം അഴിത്തലയിലുള്ള അഞ്ചു കടവുകളില്‍ സൗകര്യമേര്‍പ്പെടുത്താന്‍ കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ തുക നീക്കിവച്ചിരുന്നെങ്കിലും അതു നടപ്പായിരുന്നില്ല. ഇത്തവണ തുകയും വകയിരുത്തിയിട്ടില്ല.
ഇവിടെ മാത്രം ഇരുന്നൂറോളം തൊഴിലാളികളുണ്ട്. കടവുകളില്‍ ആവശ്യമായ സൗകര്യമേര്‍പ്പെടുത്തണമെന്നതു വര്‍ഷങ്ങളായുള്ള ആവശ്യമാണ്.
എന്നാല്‍ മാറിമാറി വരുന്ന സര്‍ക്കാരുകളോ പ്രാദേശിക ഭരണകൂടങ്ങളോ ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാറില്ലെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."