കുഞ്ഞാമിന വധം ഇരിക്കൂറില്‍ നാളെ ഹര്‍ത്താല്‍
ഇരിക്കൂര്‍: ഇരിക്കൂര്‍ സിദ്ദിഖ് നഗറിലെ വീട്ടമ്മ മെരടന്‍ കുഞ്ഞാമിന കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷമായിട്ടും പൊലിസ് ഇരുട്ടില്‍തപ്പുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 30നാണ് കുഞ്ഞാമിനയെ സ്വന്തം ക്വാര്‍ട്ടേഴ്‌സില്‍ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ഇതേ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഇതര സംസ്ഥാനക്കാരായ മൂന്നംഗ കുടുംബത്തെ അന്നുതന്നെ കാണാതാവുകയും ചെയ്തു. ഈ സംഘത്തില്‍ ഒരുമലയാളിയുണ്ടെന്ന സംശയവും ഉയര്‍ന്നിരുന്നു. ഇവരില്‍ ഒരാളെയെങ്കിലും പിടികൂടാന്‍ കഴിഞ്ഞാല്‍ കേസിന്റെ ചുരുള്‍ അഴിയുമായിരുന്നു.
മോഷണത്തിനായാണ് സ്ത്രീയെ വെട്ടിക്കൊന്നതെന്നായിരുന്നു പൊലിസിന്റെ ആദ്യ നിഗമനം. അന്വേഷണ സംഘം നാലോളം സംസ്ഥാനങ്ങളില്‍ തെളിവെടുപ്പിന് പോയി. തമിഴ്‌നാട്ടിലെ കാഞ്ചീപുരം, ഗുജറാത്തിലെ സൂറത്ത്, രാജസ്ഥാനിലെ അജ്മീര്‍, മഹാരാഷ്ട്രയിലെ റായ്ഗഢ് എന്നിവിടങ്ങളിലാണ് അന്വേഷണം നടത്തിയത്. രണ്ടുതവണ റായ്ഗഢിലെ ഒരു ഹോട്ടലില്‍ സംഘം വാടകയ്ക്ക് താമസിച്ചിരുന്നതായി വിവരം കിട്ടിയിരുന്നു. അതിനുശേഷം ഇവര്‍ എങ്ങോട്ടു പോയെന്നതിനെക്കുറിച്ച് വിവരമൊന്നും കിട്ടിയില്ല. കൊലപാതകം അന്വേഷിക്കാന്‍ ഇരിക്കൂര്‍ എസ്.ഐ, മട്ടന്നൂര്‍ സി.ഐ, ഇരിട്ടി ഡിവൈ.എസ്.പി എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. മട്ടന്നൂര്‍ സി.ഐയുടെ നേതൃത്വത്തില്‍ ജില്ലാ പൊലിസിന്റെ സ്‌പെഷ്യല്‍ ക്രൈം സ്‌ക്വാഡ് പിന്നീട് അന്വേഷണം ഏറ്റെടുത്തു. പ്രതികളുടേതെന്ന് സംശയിക്കുന്നവരുടെ ഫോട്ടോ സംഘടിപ്പിക്കാന്‍ കഴിഞ്ഞതാണ് ഒരു വര്‍ഷക്കാലത്തെ അന്വേഷണ പുരോഗതി. ഇവരുടെ ഫോണ്‍ നമ്പര്‍ കണ്ടെത്താനായെങ്കിലും ഇത് ഉപയോഗത്തിലില്ലാത്തതിനാല്‍ ഈ ശ്രമവും വിഫലമായി.
മകന്‍ ഉമറും ഡി.വൈ.എഫ്.ഐ കമ്മിറ്റിയും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. മാത്രമല്ല സ്ഥലം എം.എല്‍.എ പോലും കുഞ്ഞാമിന വധക്കേസ് തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ആക്ഷേപം. കേസ് സി.ബി.ഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് നാളെ ഇരിക്കൂര്‍ പഞ്ചായത്തില്‍ ഹര്‍ത്താല്‍ നടത്താന്‍ മുസ്‌ലിം ലീഗ് കമ്മിറ്റി തീരുമാനിച്ചു. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."