ആദിവാസി ഭവന നിര്‍മാണം: പരാതികളുയരുന്നു
മാനന്തവാടി: സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് ആദിവാസി കോളനികളില്‍ നിര്‍മിക്കുന്ന വീടുകള്‍ കരാര്‍ നല്‍കുന്നത് സംബന്ധിച്ച് കര്‍ശന നിര്‍ദേശങ്ങള്‍ നിലനില്‍ക്കുമ്പോഴും ജില്ലയിലെ ആദിവാസി ഭവന നിര്‍മാണ മേഖലയില്‍ നിന്നും വീണ്ടും പരാതികളുയരുന്നു.
ഓരോ പഞ്ചായത്തുകളിലും രൂപീകരിച്ച ട്രൈബല്‍ വര്‍ക്കേഴ്‌സ് സൊസൈറ്റികള്‍ മുഖേനയോ ഗുണഭോക്താക്കള്‍ നേരിട്ടോ മാത്രമേ ഭവന നിര്‍മാണ തുകകള്‍ അനുവദിക്കാവൂ എന്നായിരുന്നു ജില്ലാ കലക്ടറുടെ നേതൃത്വത്തിലെടുത്ത ഉന്നത ഉദ്യോഗസ്ഥരുടെ തീരുമാനം.
ട്രൈബല്‍ ഫണ്ട് ഉപയോഗിച്ച് സമ്പൂര്‍ണ ഭവന പദ്ധതി പ്രകാരമുള്ള വീടുകള്‍ക്ക് മൂന്നര ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ ഇന്ദിര ആവാസ് യോജന പദ്ധതി പ്രകാരം നിര്‍മിക്കുന്ന വീടുകള്‍ക്ക് മൂന്ന് ലക്ഷം രൂപയുമാണ് ഇപ്പോള്‍ അനുവദിക്കുന്നത്.
ഈ തുക ഉപയോഗിച്ച് 360 ചതുരശ്ര അടിയില്‍ വീട് നിര്‍മിക്കുന്നത് കരാറുകാരന് ലാഭകരമായതിനാല്‍ ഗുണഭോക്താക്കളെ സ്വാധീനിച്ച് നിരവധി പേര്‍ വീട് നിര്‍മാണത്തിനായി രംഗത്തെത്തുകയുണ്ടായി.
ഇത്തരത്തില്‍ ഏറ്റെടുത്ത വീടുകളുടെ നിര്‍മാണത്തെ കുറിച്ചാണ് വീണ്ടും പരാതികള്‍ ഉയരുന്നത്. വെള്ളമുണ്ട പഞ്ചായത്തിലെ കൊമ്മയാട് പടക്കോട്ട് കോളനിയിലെ സരോജിനിയുടെ വീട് നിര്‍മാണം നടന്നു കൊണ്ടിരിക്കെയാണ് ചുമരിടിഞ്ഞ് വീണത്. നിര്‍മാണഘട്ടത്തില്‍ ആവശ്യമായ സിമന്റ് ഉപയോഗിക്കാതെ കോണ്‍ഗ്രീറ്റ് ബെല്‍റ്റ് ഉള്‍പ്പടെ നിര്‍മിച്ചതാണ് ഇടിഞ്ഞു വീഴാന്‍ കാരണം. നിരവധി വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു സരോജിനിക്ക് വീടനുവദിക്കപ്പെട്ടത്.
വെള്ളമുണ്ട വാളാരംകുന്ന് പണിയ കോളനിയില്‍ 15 വീടുകള്‍ ഒരു കരാറുകാരനാണ് ഏറ്റെടുത്തത്. ഇതില്‍ നിര്‍മാണം ഭാഗികമായി പൂര്‍ത്തിയായതില്‍ നാലോളം വീടുകള്‍ ഇപ്പോള്‍ തന്നെ ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയിട്ടുണ്ട്. മഴ തുടങ്ങിയതോടെ താല്‍ക്കാലിക ഷെഡില്‍ താമസിക്കാന്‍ കഴിയാതെ വന്നതോടെ ഭാഗികമായി പണി പൂര്‍ത്തിയാക്കിയ വീടുകളിലേക്ക് ഇവര്‍ താമസം മാറിയിരിക്കുകയാണ്. പാറ്റയുടെ വീട് മൂന്ന് മാസം മുമ്പാണ് കോണ്‍ഗ്രീറ്റ് പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ മഴ പെയ്താല്‍ വെള്ളം വീടിനുള്ളില്‍ വീഴാന്‍ തുടങ്ങി. വേറെ ചില വീടുകളുടെയും അവസ്ഥയും ഇതു തന്നെയാണ്.
മുന്‍ പട്ടിക വര്‍ഗ വകുപ്പ് മന്ത്രിയുടെ നിര്‍ദേശ പ്രകാരം രൂപീകരിച്ച ട്രൈബല്‍ വര്‍ക്കേഴ്‌സ് സൊസൈറ്റികളുടെ പ്രവര്‍ത്തനം പല പഞ്ചായത്തുകളിലും കാര്യക്ഷമമല്ലാത്തതാണ് വീട് പണികള്‍ കരാറുകാരുടെ കൈകളിലെത്താന്‍ ഇടയാക്കുന്നത്.
സൊസൈറ്റികള്‍ രൂപീകരിക്കുന്നതിനായി ജില്ലയിലെ കമിറ്റഡ് സോഷ്യല്‍ വര്‍ക്കേഴ്‌സുമായിരുന്നു ചുമതല. ഇവര്‍ ഏതാനും മാസങ്ങള്‍ കരാര്‍ പുതുക്കാത്തതിനാല്‍ ചുമതലയുണ്ടായിരുന്നില്ല. ഇതിന് പുറമെ നേരത്തെയുണ്ടായിരുന്നവരില്‍ പലരും ജോലി ഉപേക്ഷിച്ച് പോവുകയും ചെയ്തു.
ഇതോടെ സൊസൈറ്റികളുടെ കോഡിനേഷന്‍ താളം തെറ്റി. പണി ഉപകരണങ്ങള്‍ വാങ്ങാന്‍ 50000രൂപ വീതം ഓരോ സൊസൈറ്റിക്കും നല്‍കിയതൊഴിച്ചാല്‍ മറ്റൊന്നും സര്‍ക്കാര്‍ ചെയ്തതുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."