ദുരന്തമുഖം തുറന്ന് കറന്തക്കാട് ജങ്ഷന്
കാസര്‍കോട്: അപായസൂചനാ ബോര്‍ഡുകളും ദിശാബോര്‍ഡുകളും കൃത്യമായില്ലാത്തതിനാല് ദിവസേന ചെറുതും വലുതുമായ അപകടങ്ങള്‍ പതിവാകുകയാണ് കറന്തക്കാട് ജങ്ഷനില്‍. ഇന്നലെ രാവിലെ ക്രിക്കറ്റ് പരിശീലനത്തിന് ബൈക്കില്‍ പോവുകയായിരുന്ന എരിയാല്‍ ബ്ലാര്‍ക്കോട് സ്വദേശിയും ഇവൈസിസി ക്ലബിന്റെ ക്രിക്കറ്റ് താരവുമായ അഹ്റാസ് (22) ദാരുണമായി മരണപ്പെട്ടതും കറന്തക്കാട് റോഡിലെ അപായസൂചനകളില്ലാത്തതിനാലാണെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
നേരായ ദിശയില്‍ ബൈക്കില്‍ സഞ്ചാരിക്കുകയായിരുന്ന അഹ്റാസിന്റെ ബൈക്കില്‍ ദിശ തെറ്റിച്ചുവന്ന കാറിടിച്ചാണ് മരണം സംഭവിച്ചതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ദേശീയപാത കറന്തക്കാട് റെയില്‍വേ സ്റ്റേഷന്, പുതിയ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള റോഡുകള്‍ കൂടിച്ചേരുന്ന സ്ഥലമാണ്. നിരവധി വാഹനങ്ങള്‍ തലങ്ങും വിലങ്ങും പായുന്ന റോഡ് കൂടിച്ചേരുന്ന സ്ഥലത്ത് ഡ്രൈവര്‍മാര്‍ക്ക് കാണത്തക്ക രീതിയില്‍ അപായസൂചനാ ബോര്‍ഡുകളോ ദിശാ സൂചക ബോര്‍ഡുകളോ ഇല്ല. ചെറുതും വലുതുമായ നിരവധി അപകടങ്ങള്‍ നടന്നിട്ടും ഇത്തരം ബോര്‍ഡുകള്‍ സ്ഥാപിക്കാനോ വാഹന പരിശോധന കര്‍ശനമാക്കാനോ അധികൃതരും തയാറായിട്ടില്ല. മംഗളുരു ഭാഗത്തുനിന്നുള്ള റോഡുകളും പുതിയ ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന് ഭാഗത്തുനിന്നുള്ള റോഡുകളും കൂടിച്ചേരുന്ന ജങ്ഷനില്‍ അടിയന്തിരമായി അപായസൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് പരിസരവാസികളും ഡ്രൈവര്‍മാരും ആവശ്യപ്പെടുന്നു.
പാതിവഴിയില്‍ പൊലിഞ്ഞത് യുവക്രിക്കറ്റ് താരം
കാസര്‍കോട്: ഇന്നലെ രാവിലെ കറന്തക്കാട് ദേശീയപാതയില്‍ ഉണ്ടായ വാഹനാപകടത്തില്‍ പൊലിഞ്ഞത് യുവക്രിക്കറ്റ് താരത്തിന്റെ ജീവന്. കാസര്‍കോട് ജില്ലയിലും ദുബൈയിലും ക്രിക്കറ്റ് മാച്ചുകളില്‍ പങ്കെടുത്തിരുന്ന എരിയാല്‍ ബ്ലാര്‍ക്കോട് സ്വദേശിയും ഇ.വൈ.സി.സി ക്ലബിന്റെ ക്രിക്കറ്റ് താരമായ അഹ്റാസിന്റെ (22) വിയോഗം വിശ്വസിക്കാനാകാതെ വിതുമ്പുകയാണ് ഏരിയാല്‍ ഗ്രാമം.
കാസര്‍കോട് നഗരവും ഏരിയാല്‍ ഗ്രാമവും ഇന്നലെ ഉണര്‍ന്നത് അഹ്റാസിന്റെ ഇപകട മരണവാര്‍ത്തയറിഞ്ഞാണ്. ക്രിക്കറ്റ് പരിശീലനത്തിനായി ഗ്രൗണ്ടിലേക്ക് ബൈക്കില്‍ പോകവേയാണ് അഹ്റാസ് സഞ്ചരിച്ച ബൈക്കില്‍ ദിശതെറ്റിച്ച് വന്ന കാറിടിക്കുന്നത്. തല്‍ക്ഷണം മരണപ്പെട്ട അഹ്റാസിന്റെ മൃതദേഹം ഉടനെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചു. മരണവിവരമറിഞ്ഞ് അഹ്റാസിന്റെ നാട്ടുകാരും സുഹൃത്തുക്കളും ആശുപത്രിയിലേക്ക് ഒഴുകിയെത്തി.
മികച്ച ക്രിക്കറ്റ് താരമായ അഹ്റാസ് ഒരു മാസം മുന്‍പ് ദുബൈയില്‍ മത്സരത്തില്‍ പങ്കെടുത്ത് നാട്ടിലെത്തിയതായിരുന്നു. കാസര്‍കോട് ഐവ സില്‍ക്സില്‍ ജീവനക്കാരനായിരുന്നു.
അഹ്റാസിന്റെ മരണത്തില്‍ ദുഃഖസൂചകമായി ഐവ സില്‍ക്സ് ചൊവ്വാഴ്ച പ്രവര്‍ത്തിച്ചില്ല. ഏവരോടും നല്ല നിലയില്‍ പെരുമാറുന്ന അഹ്റാസ് നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. എരിയാല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."