മെഷിനുകള്‍ കൂട്ടത്തോടെ തകരാറില്‍; പേരാമ്പ്രയില്‍ ഇ.വി.എം വിവിപാറ്റ് മെഷിനുകളുടെ കമ്മിഷനിങ് വൈകുന്നു
പേരാമ്പ്ര: മെഷിനുകള്‍ കൂട്ടത്തോടെ തകരാറിലായത് പേരാമ്പ്ര അസംബ്ലി മണ്ഡലത്തിലെ ഇ.വി.എം വിവിപാറ്റ് മെഷിനുകളുടെ കമ്മിഷനിങ് വൈകുന്നു.
പേരാമ്പ്ര സി.കെ.ജി മെമ്മോറിയല്‍ ഗവ. കോളജില്‍ ഇന്നലെ രാവിലെ ആരംഭിച്ച കമ്മിഷനിങ്ങില്‍ വൈകിട്ട് നാല് മണിവരെയായി 174 ബൂത്തുകളിലേക്കുള്ള മെഷിനുകളില്‍ 50 ല്‍പരം മെഷീനുകള്‍ മാത്രമാണ് പൂര്‍ത്തിയായത്. കമ്മിഷനിങ്ങിനായി കൊണ്ടുവന്ന മെഷിനുകളില്‍ പലതും പ്രവര്‍ത്തന രഹിതമാണ്. ചില സ്ഥാനാര്‍ഥികളുടെ ചിഹ്നം ചെറുതാണെന്നും ചില മെഷിനുകളില്‍ ചിഹ്നം തെളിയുന്നില്ലെന്നും ഏജന്റ്മാര്‍ പരാതി പറയുന്നു. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം ദീര്‍ഘകാലമായി ഉപയോഗിക്കാതെ വച്ചതിനാലുള്ള തകരാറ് മാത്രമാണിതെന്നും ഇത്തരം തകരാറുകള്‍ പതിവാണെന്നും അസി. റിട്ടേണിങ് ഓഫിസര്‍ അറിയിച്ചു. ഇന്ന് വൈകിട്ട് മെഷീനുകളുടെ കമ്മിഷണിങ് പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഓരോ ഇ.വി.എംവിവിപാറ്റ് മെഷിനുകളുടെ കമ്മിഷനിങ് കേന്ദ്രങ്ങളിലും അധികമായി 30 മെഷീനുകള്‍ റിസര്‍വായി കരുതിയിട്ടുണ്ടെന്നും കമ്മിഷനിങ്ങില്‍ തകരാറ് കണ്ടെത്തിയ മെഷിനുകള്‍ തിരിച്ചയക്കുമെന്നും ജില്ലയിലെ ഇന്നലെ പരിശോധന നടക്കുന്ന മറ്റ് കേന്ദ്രങ്ങളെ അപേക്ഷിച്ച് പേരാമ്പ്രയില്‍ തകരാറുകള്‍ കുറവാണെന്നും അദ്ദേഹം പറഞ്ഞു.
ഓരോ മെഷീനിലും വിവി പാറ്റ് സംവിധാനത്തിലൂടെ 1000 മോപ്പ് വോട്ടുകള്‍ രേഖപ്പെടുത്തന്നതാണ് പരിശോധനക്ക് കൂടുതല്‍ സമയമെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."