കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റ് സുശീല്‍ ഖന്നയുമായി ചര്‍ച്ച തുടങ്ങി
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയെ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറ്റാനുള്ള പാക്കേജ് തയാറാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നിയോഗിച്ച പ്രൊഫ. സുശീല്‍ ഖന്നയുമായി മാനേജ്‌മെന്റ് ചര്‍ച്ച തുടങ്ങി. ഡ്യൂട്ടി പരിഷ്‌കരണവും കോര്‍പ്പറേഷനെ ലാഭത്തിലാക്കുന്നകാര്യത്തിലുമാണ് പ്രധാനമായും ചര്‍ച്ച നടത്തുന്നത്.
അതേസമയം 25ന് യൂനിയനുകളുമായി ശമ്പള പരിഷ്‌കരണ ചര്‍ച്ച നടക്കും. ശമ്പള പരിഷ്‌കരണം സംബന്ധിച്ച ആവശ്യങ്ങള്‍ അറിയിക്കാന്‍ യൂനിയനുകളോട് മാനേജ്‌മെന്റ് നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ചര്‍ച്ചകള്‍ മുന്നോട്ടുപോകുക.
ശമ്പള പരിഷ്‌കരണ ചര്‍ച്ച ആരംഭിക്കുന്നതിനൊപ്പം സേവന പരിഷ്‌കരണവും നടത്തേണ്ടതുണ്ട്. സേവന പരിഷ്‌കരണം സംബന്ധിച്ച് ചര്‍ച്ച നടത്താനാണ് സുശീല്‍ ഖന്നയെ വിളിച്ചു വരുത്തിയത്.
കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് 2016 ഒക്ടോബറിലാണ് കൊല്‍ക്കത്ത ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ അധ്യാപകനായ സുശീല്‍ ഖന്നയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനായിരുന്നു നിര്‍ദേശമെങ്കിലും 2017 ഫെബ്രുവരിയില്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയതിനു ശേഷം ഇതുവരെ പൂര്‍ണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല.
ഇപ്പോഴത്തെ എം.ഡി ടോമിന്‍ തച്ചങ്കരി നടപ്പാക്കുന്ന മൂന്ന് മേഖലകളാക്കി കെ.എസ്.ആര്‍.ടി.സിയെ മാറ്റുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സുശീല്‍ ഖന്നയുടെ പ്രാഥമിക റിപ്പോര്‍ട്ടിലുണ്ടായിരുന്ന കാര്യങ്ങളായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."