മദര്‍കെയര്‍ കമ്പനിയുടെ പ്രത്യേക തൊട്ടില്‍ ഖത്തര്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചു
ദോഹ: മദര്‍കെയര്‍ കമ്പനിയുടെ കുട്ടികള്‍ക്കായുള്ള പ്രത്യേകയിനം തൂക്കുതൊട്ടില്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചു. സാമ്പത്തിക വാണിജ്യമന്ത്രാലയമാണ് ഇതു സംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചത്. മദര്‍ കെയറിന്റെ 6477109 (ബീജ്), 7477115 (വൈറ്റ്) എന്നിവയാണ് പിന്‍വലിച്ചത്. ഇവയില്‍ ഏതാനും ചില ഉല്‍പ്പന്നങ്ങളില്‍ മെറ്റല്‍ ലോക്കിങ് ശരിയായ രീതിയിലല്ല സംവിധാനിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിന്‍വലിക്കാന്‍ നിര്‍ദേശിച്ചത്. മദര്‍കെയര്‍ കമ്പനിയുമായി സഹകരിച്ചാണ് മന്ത്രാലയം ഈ തീരുമാനം നടപ്പാക്കുന്നത്. ഉപഭോക്തൃസംരക്ഷണത്തിനായുള്ള മന്ത്രാലയത്തിന്റെ കര്‍മപദ്ധതിയുടെ ഭാഗമായാണിത്. ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെയും കുറവുകള്‍ പരിഹരിച്ച് നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായാണ് നടപടി. ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ നിന്നും തിരിച്ചുവിളിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തും. ഈ ഉല്‍പ്പന്നങ്ങള്‍ ആരെങ്കിലും വാങ്ങിയിട്ടുണ്ടെങ്കില്‍ ഉപയോഗം നിര്‍ത്തണമെന്നും വാങ്ങിയ ഷോപ്പുകളില്‍തന്നെ മടക്കി നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള വാണിജ്യ തട്ടിപ്പുകളോ ക്രമക്കേടുകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ മന്ത്രാലയത്തെ അറിയിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."