അശ്രദ്ധമായ ഡ്രൈവിങ് ചോദ്യം ചെയ്ത യുവാവിന്റെ വീട് ഗുണ്ടാസംഘം ആക്രമിച്ചു
അന്തിക്കാട്: അശ്രദ്ധമായ ഡ്രൈവിങ് ചോദ്യംചെയ്ത യുവാവിന്റെ വീട് ഗുണ്ടാസംഘം ആക്രമിച്ചു. ആക്രമണത്തില്‍ വീട്ടമ്മയ്ക്കും അയല്‍വാസികള്‍ക്കും പരുക്കേറ്റു. അന്തിക്കാട് കല്ലിടവഴിക്ക് സമീപം വെളക്കേത്ത് മധുവിന്റെ വീടിന് നേരെ കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയായിരുന്നു ആക്രമണം.
മധുവിന്റെ ഭാര്യ ഐശ്വര്യ, ബഹളം കേട്ട് ഓടി വന്ന അയല്‍വാസി കരുമാരശ്ശേരി ഭാസ്‌കരന്‍ (63), ഭാര്യ പ്രമീള (50) എന്നിവര്‍ക്കാണ് പരുക്കേറ്റത്. മധു ഗള്‍ഫിലായതിനാല്‍ ഐശ്വര്യ, മകന്‍ അരുണ്‍ എന്നിവരാണ് വീട്ടില്‍ ഉണ്ടായിരുന്നത്.
ബൈക്കുകളിലെത്തിയ അക്രമിസംഘം ഗേറ്റ് തല്ലിത്തകര്‍ത്ത് കോംപൗണ്ടില്‍ പ്രവേശിക്കുകയും കാര്‍പോര്‍ച്ചില്‍ കിടന്ന കാര്‍ കമ്പിപ്പാര ഉപയോഗിച്ച് തല്ലിപ്പൊളിക്കുകയും ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തു. ശബ്ദം കേട്ട് ഉണര്‍ന്ന ഐശ്യര്യയും മകനും ജനല്‍പാളി തുറന്ന് നോക്കുന്നതിനിടയില്‍ കമ്പിപ്പാര കൊണ്ട് ജനാലയില്‍ കുത്തുകയും ഗ്ലാസ് തകര്‍ത്തതിന് ശേഷം ഇരുമ്പ് വടികൊണ്ട് ഇരുവരെയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
വിഷു തലേനാള്‍ രാത്രി എട്ടരയോടെ അന്തിക്കാട് സെന്ററില്‍ വെച്ച് അരുണ്‍ യാത്ര ചെയ്തിരുന്ന കാറിലേക്ക് ബൈക്കിലെത്തിയ സംഘം അശ്രദ്ധമായി ഡ്രൈവിങ് ചെയ്ത് ഇടിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനെ അരുണ്‍ ചോദ്യം ചെയ്തിരുന്നു. ഈ സംഘമാണ് ആക്രമണത്തിന്റെ പിറകിലെന്നാണ് സംശയിക്കുന്നതെന്ന് അരുണ്‍ പറഞ്ഞു.
അന്തിക്കാട് സി.ഐ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തി പരിശോധിച്ചു. പ്രതികളുടേതെന്ന് സംശയിക്കുന്ന വാച്ച് ഉള്‍പ്പെടെ സാധനങ്ങള്‍ സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് സി.ഐ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."