സഊദിയില്‍ സായുധ സംഘം സ്വദേശിയെ കൊലപ്പെടുത്തി ഒരാളെ തട്ടികൊണ്ടു പോയി : ഭീകരാക്രമാണെന്നു സംശയം
ദമാം: സഊദിയില്‍ കിഴക്കന്‍ പ്രവിശ്യയിലെ ശീഈ അനുകൂലികള്‍ തിങ്ങി പാര്‍ക്കുന്ന മേഖലയില്‍ സായുധ സംഘം സഊദി പൗരനെ കൊലപ്പെടുത്തുകയും ഒരാളെ തട്ടിക്കൊണ്ടു പോകുകയും ചെയ്തു. സംഭവത്തിന് പിന്നില്‍ തീവ്രവാദികളാണെന്നാണ് സംശയിക്കുന്നത്. ആക്രമണത്തില്‍ ഇരയായവരില്‍ ഒരാളുടെ ഉടമസ്ഥതിയിലുള്ള കൃഷിയിടത്തിലെ ഇസ്തിറാഹയില് മുഖം മൂടി ധരിച്ചെത്തിയ സംഘമാണ് ആക്രമണം നടത്തിയത്.
സംഭവത്തെക്കുറിച്ചു ഇന്നലെ കാലത്തു അഞ്ചു മണിക്കാണ് വിവരം ലഭിച്ചതെന്ന് കിഴക്കന്‍ പ്രവിശ്യ പൊലിസ് വക്താവ് കേണല്‍ സിയാദ് അല്‍ റഖീത്തി പറഞ്ഞു. പ്രതികളെ പിടികൂടുന്നതിനും തട്ടികൊണ്ടുപോയ സ്വദേശിയെ കണ്ടെത്തുന്നതിനും അധികൃതര്‍ അന്വേഷണം ശക്തമാക്കി. എന്നാല്‍ ആക്രമണത്തിനിരയായത് സുരക്ഷാ ഭടന്മാരാണെന്നും കൃഷിയിടത്തില്‍ ഭീകരര്‍ക്ക് വേണ്ടി നടത്തിയ തിരച്ചിലിനിടെയാണ് തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യം സഊദി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. തീവ്രവാദ ആക്രമണങ്ങളും മറ്റും ഈ മേഖലയില്‍ ഇപ്പോള്‍ തുടര്‍ക്കഥയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."