അജന്യ വീണ്ടും ക്ലാസ് മുറിയിലെത്തി
കോഴിക്കോട്: മരണത്തിനും ജീവിതത്തിനും ഇടയിലെ ഏതാനും നാളുകള്‍ക്കു ശേഷം അജന്യ വീണ്ടും ക്ലാസ്മുറിയിലെത്തി. നിപാ വൈറസ് ബാധയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് മാസത്തോളമായി ചികിത്സയിലും വിശ്രമത്തിലുമായി അജന്യ ക്ലാസില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ക്ലാസ്മുറിയില്‍ തിരിച്ചെത്തുമ്പോഴും അവളുടെ മുഖത്തു നിറചിരി തന്നെയായിരുന്നു. കോഴിക്കോട് ഗവണ്‍മെന്റ് നഴ്‌സിങ് കോളജിലെ സഹപാഠികളും അധ്യാപകരും അജന്യയെ സ്വീകരിച്ചു. അമ്മയ്‌ക്കൊപ്പമാണ് അജന്യ ആദ്യ ദിനം എത്തിയത്.
നിപാ ബാധിച്ചപ്പോള്‍ ധൈര്യം പകര്‍ന്ന് മനസുകൊണ്ട് ഒപ്പമുണ്ടായിരുന്ന കൂട്ടുകാര്‍ക്കും അവളുടെ തിരിച്ചുവരവ് സന്തോഷത്തിന്റേതായിരുന്നു.
നഴ്‌സിങ് പരിശീലനത്തിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിയപ്പോഴായിരുന്നു അജന്യക്ക് നിപാ വൈറസ് ബാധിച്ചത്. മരുന്നിന്റെയും മനോധൈര്യത്തിന്റെയും പിന്‍ബലത്തിലാണു നിപായെ അതിജിവിച്ച് അജന്യ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. നിപാ വൈറസ് ബാധയെ തുടര്‍ന്ന് 17 പേര്‍ മരിച്ചപ്പോള്‍ അജന്യ ഉള്‍പ്പെടെ രണ്ടു പേര്‍ മാത്രമാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."