ഇനി പുഴയുത്സവത്തിന്റെ ആവേശക്കാഴ്ചകള്‍
തിരുവമ്പാടി: ഇനി അഞ്ചുനാള്‍ കോഴിക്കോടിനു പുഴയുത്സവത്തിന്റെ ആവേശക്കാഴ്ചകള്‍. ആറാമതു മലബാര്‍ റിവര്‍ ഫെസ്റ്റിനും ആദ്യ അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ് ചാംപ്യന്‍ഷിപ്പിനും ഇന്നു തുടക്കമാകും. കാലവര്‍ഷം കലിതുള്ളിയ പുഴകളില്‍ ഇനി കരുത്തിന്റെ തുഴയെറിയാന്‍ താരങ്ങള്‍ ഇറങ്ങും. രാവിലെ ഒന്‍പതിനു ചക്കിട്ടപാറ മീന്‍തുള്ളിപ്പാറയില്‍ നടക്കുന്ന ചടങ്ങില്‍ താരങ്ങള്‍ക്ക് തുഴ കൈമാറി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി കയാക്കിങ് ചാംപ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. എട്ടു രാജ്യങ്ങളില്‍ നിന്നുള്ള 30 താരങ്ങള്‍ ആദ്യദിനം നടക്കുന്ന ഫ്രീസ്‌റ്റൈല്‍ മത്സരങ്ങളില്‍ പങ്കെടുക്കും.
മീന്‍തുള്ളിപ്പാറയില്‍ നടക്കുന്ന ഫ്രീസ്റ്റൈല്‍ മത്സരങ്ങള്‍ക്കു ശേഷം നാളെ ഇന്റര്‍ മീഡിയറ്റ് മത്സരങ്ങള്‍ കോടഞ്ചേരി പുലിക്കയം ചാലിപ്പുഴയില്‍ നടക്കും. 20ന് സ്ലാലോം, ബോട്ടോര്‍ ക്രോസ് മത്സരങ്ങള്‍ പുല്ലൂരാംപാറ അരിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ ഇരുവഞ്ഞിപ്പുഴയില്‍, 21ന് ബോട്ടോര്‍ ക്രോസ് ഫൈനല്‍, ഡൗണ്‍ റിവര്‍ മത്സരങ്ങള്‍ ഇരുവഴിഞ്ഞിപ്പുഴയില്‍, 22ന് സൂപ്പര്‍ ഫൈനല്‍ അരിപ്പാറയില്‍, 22ന് ഇന്റര്‍ മീഡിയറ്റ് ഫൈനല്‍ പുലിക്കയം ചാലിപ്പുഴയില്‍ എന്നിങ്ങനെയാണു മത്സരക്രമം.
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലാണ് സംഘാടകര്‍. മത്സരത്തില്‍ 15 ലക്ഷം രൂപയാണു സമ്മാനത്തുക. ബംഗളൂരുവിലെ മദ്രാസ് ഫണ്‍ ടൂള്‍സാണ് മത്സരങ്ങള്‍ക്കുള്ള സാങ്കേതികസഹായം നല്‍കുന്നത്. ലോകം ഉറ്റുനോക്കുന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ് ചാംപ്യന്‍ഷിപ്പ് സാഹസിക വിനോദസഞ്ചാര മേഖലയിലെ അവിഭാജ്യ ഘടകമായി കോഴിക്കോടിനെ മാറ്റാനുള്ള ശ്രമത്തിലാണു സംഘാടകര്‍.
കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകളിലെ ചാലിപ്പുഴ, ഇരുവഴിഞ്ഞിപ്പുഴ, ചക്കിട്ടപാറ പഞ്ചായത്തിലെ മീന്‍തുള്ളിപ്പാറ എന്നിവിടങ്ങളില്‍ 18 മുതല്‍ 22 വരെയാണു മലബാര്‍ റിവര്‍ ഫെസ്റ്റിലെ മത്സരങ്ങള്‍ നടക്കുന്നത്. അഞ്ചുദിവസങ്ങളിലായി 20 രാജ്യങ്ങളെ പ്രതിനിധീകരിച്ച് ടീമുകള്‍ പങ്കെടുക്കും. ചാംപ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് അഞ്ചിന് പുലിക്കയത്തു സഹകരണ, വിനോദസഞ്ചാര, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. ജോര്‍ജ്ജ് എം. തോമസ് എം.എല്‍.എ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കലക്ടര്‍ യു.വി ജോസ്, ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി, വൈസ് പ്രസിഡന്റ് കെ. സുനില്‍കുമാര്‍, ടൂറിസം വകുപ്പ് റീജ്യനല്‍ ജോയിന്റ് ഡയറക്ടര്‍ സി.എന്‍ അനിതാകുമാരി, ഡി.ടി.പി.സി സെക്രട്ടറി ബിനോയ് വേണുഗോപാല്‍ സംബന്ധിക്കും.
ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലും റാമ്പ് നിര്‍മാണം പുരോഗമിക്കുകയാണ്. മീന്‍തുള്ളിപ്പാറയടക്കം മൂന്നു കേന്ദ്രങ്ങളിലും പവലിയനുകളുടെ നിര്‍മാണം പൂര്‍ത്തിയായി. പുഴകളില്‍ മത്സരത്തിനാവശ്യമായ ട്രാക്കുകളും സ്ഥാപിച്ചിച്ചിട്ടുണ്ട്. സമാപന സമ്മേളനവും സമ്മാനദാന വിതരണവും 22ന് വൈകിട്ട് അഞ്ചിന് പുല്ലൂരാംപാറയില്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
ഫെസ്റ്റിന്റെ ഭാഗമായി ഓഗസ്റ്റ് 12 വരെ മൗണ്ടയിന്‍ ടെറൈന്‍ ബൈക്കിങ്, ഓഫ് റോഡ് ചാംപ്യന്‍ഷിപ്പ് തുടങ്ങിയ സാഹസിക പരിപാടികളും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."