സിറ്റിയോ റയലോ...
മാഞ്ചസ്റ്റര്‍: 144 ദിവസങ്ങള്‍ക്കു ശേഷം വീണ്ടും യൂറോപ്പ് മാമാങ്കത്തിന്റെ കാല്‍പ്പന്താരവം. ഫുട്‌ബോള്‍ പ്രേമികള്‍ക്കിടയില്‍ ആവേശത്തിരി ആളിക്കത്തിച്ചാണ് ലീഗ് ഫുട്‌ബോളിലെ തന്നെ പോരാട്ടച്ചൂടായി മാറിയ ചാംപ്യന്‍സ് ലീഗ് പുനരാരംഭിക്കുന്നത്. ലോക ക്ലാസിക് പോരാട്ടങ്ങളിലൊന്നായ റയല്‍ മാഡ്രിഡും മാഞ്ചസ്റ്റര്‍ സിറ്റിയുമാണ് ഇടവേളയ്ക്കു ശേഷമുള്ള ആദ്യ മത്സരത്തില്‍ കൊമ്പുകോര്‍ക്കുന്നത്. സീരി എ ചാംപ്യന്‍മാരായ യുവന്റസും ഇന്ന് കളത്തിലിറങ്ങുന്നുണ്ട്. ഫ്രഞ്ച് ലീഗില്‍ നിന്നുള്ള ലിയോണ്‍സാണ് എതിരാളി. നേരത്തെ മത്സരങ്ങള്‍ നിശ്ചയിച്ചിരുന്നെങ്കിലും കൊവിഡ് വ്യാപനത്തോടെയാണ് മത്സരക്രമം നീണ്ടത്. മാര്‍ച്ച് 15നു പി.എസ്.ജി-വലന്‍സിയ പ്രീക്വാര്‍ട്ടറാണ് അവസാനം നടന്നത്. കാണികളില്ലാതെയാണ് മത്സരം നടക്കുക.
രാത്രി 12.30നാണ് സിറ്റിയും റയലും പ്രീക്വാര്‍ട്ടറിലെ രണ്ടാംപാദ മത്സരത്തിനായി ഇറങ്ങുക. ചാംപ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ (13) കിരീടം ചൂടിയ റയല്‍ മാഡ്രിഡിനെ വിന്നര്‍മാരുടെ ലിസ്റ്റില്‍ കയറിപ്പറ്റാത്ത മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തം തട്ടകത്തില്‍ വിരുന്നൂട്ടത് തോല്‍വിയെ മറന്നാവും. കാരണം, നേരത്തെ റയലിന്റെ തട്ടകത്തില്‍ നടന്ന ആദ്യപാദ മത്സരത്തില്‍ സിറ്റി 2-1നു ജയം സ്വന്തമാക്കിയിരുന്നു. ഇന്നത്തെ മത്സരം തോല്‍ക്കാതെ സമനിലയിലെങ്കിലും അവസാനിപ്പിച്ചാല്‍ സിറ്റിക്ക് ക്വാര്‍ട്ടര്‍ സീറ്റുറപ്പിക്കാം. ഇത്തവണത്തെ പ്രീമിയര്‍ ലീഗും എഫ്.എ കപ്പും ഉയര്‍ത്താന്‍ കഴിയാതിരുന്ന സിറ്റിക്ക് തലയെടുപ്പോടെ മടങ്ങണമെങ്കില്‍ ചാംപ്യന്‍സ് ലീഗെങ്കിലും സ്വന്തമാക്കണം. ഗ്വാര്‍ഡിയോളയുടേയും ശിശ്യരുടേയും ലക്ഷ്യവും അതുതന്നെ.
അതേസമയം, ലാലിഗയില്‍ പോരാട്ടവീര്യം പുറത്തെടുത്ത് ബാഴ്‌സയെ പിന്നിലാക്കി ലീഗ് കിരീടം ചൂടിയാണ് റയലിന്റെ വരവ്. അവസാനം കളിച്ച 11 മത്സരങ്ങളില്‍ പത്തിലും വെന്നിക്കൊടി നാട്ടിയ റയല്‍ സമനില വഴങ്ങിയത് ലെഗാനസിനോടാണ്, അതും കിരീടം ഉറപ്പിച്ച ശേഷം.
യുവന്റസ്- ലിയോണ്‍
ടൂറിന്‍: സീരി എ ചാംപ്യന്‍മാരായാണ് യുവന്റസ് ലിയോണുമായുള്ള രണ്ടാംപാദ മത്സരത്തിനൊരുങ്ങുന്നതെങ്കിലും ആദ്യ പാദത്തില്‍ കൈവിട്ട 1-0ന്റെ പരാജയം ടീമിനെ അലട്ടുന്നുണ്ട്. എന്നാല്‍ രണ്ടാം പാദം സ്വന്തം തട്ടകത്താണെന്നത് റോണോ ക്ലബ്ബിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതൊന്നുമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."