തിരുവള്ളുവര്‍ പ്രതിമയുടെ കേടുപാടുകള്‍ പരിഹരിക്കാന്‍ പദ്ധതി
കന്യാകുമാരി: 20004 ലെ സുനാമിയെ പോലും അതിജീവിച്ച കന്യാകുമാരിയിലെ തിരുവള്ളുവര്‍ പ്രതിമയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കാന്‍ പദ്ധതി. പ്രതിമയുടെ കേടുപാടുകള്‍ പരിശോധിക്കാനും നവീകരിക്കാനും പണികള്‍ ആരംഭിച്ചു. ഇനി ആറുമാസക്കാലം ഇവിടേയ്ക്ക് പ്രവേശനം നിരോധിക്കുകയും ചെയ്തു.
കന്യാകുമാരി കടലില്‍ 133 അടി ( 40.5 മീറ്റര്‍) ഉയരത്തിലാണ് തിരുവള്ളുവരുടെ പൂര്‍ണകായ പ്രതിമ തല ഉയര്‍ത്തി നില്‍ക്കുന്നത്. തിരുക്കുറുളിന്റെ 133 അധ്യയങ്ങളെ ഓര്‍മ്മിപ്പിക്കുന്നതാണ് ഇതിന്റെ ഉയരം. പ്രതിമയ്ക്ക് 7000 ടണ്‍ ഭാരമുണ്ട്. ആധാര പീഠത്തിന് 38 അടിയും പ്രതിമക്ക് 95 അടിയും ഉയരമുണ്ട്. ഇതിന്റെ 19 അടി നീളമുള്ള അര്‍ധകായ ഭാഗം( കാത്, ചെവി, കണ്ണുകള്‍, വായ്, വയര്‍) എന്നിവ നിര്‍മിച്ചിരിക്കുന്നത് ഒരൊറ്റ കല്ലിലാണ്.
ഏത് പ്രതികൂല കാലാവസ്ഥയെയും അതീജിവിക്കുംവിധമാണ് പ്രതിമ നിര്‍മിച്ചിരിക്കുന്നത്. 1976ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് പ്രതിമക്ക് തറക്കല്ലിട്ടത്. എന്നാല്‍ തുടര്‍നടപടികളുണ്ടായത് 1990 ലാണ് . 1997 ല്‍ ഫണ്ട് അനുവദിക്കുകയും 2001 ല്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധിയാണ് തുറന്നു കൊടുത്തത്. 61.4 മില്യന്‍ കോടി രൂപയാണ് ഇതിനായി ചിലവഴിച്ചത്.
ഡോ. വി. ഗണപതി സ്ഥാപതിയാണ് ഇതിന്റെ ശില്‍പ്പി. അംബാസമുദ്രത്തില്‍ നിന്നും കല്‍ക്കുളത്തുനിന്നും മധുരയില്‍ നിന്നും വരുത്തിയ പ്രത്യേക കല്ലുകള്‍ കൊണ്ട് രൂപപ്പെടുത്തിയ ഈ ശില്‍പ്പം കന്യാകുമാരിയിലെ പ്രധാന ആകര്‍ഷണമാണ്. പ്രതിമയ്ക്ക് ഉപ്പുരസം കാരണം കേടുപാടുകള്‍ സംഭവിച്ചതായി ഇവിടം സന്ദര്‍ശിച്ച ശാസ്ത്രസംഘം കണ്ടെത്തിയിരുന്നു. അത് പരിഹരിക്കുന്നതിനാണ് ഇപ്പോഴത്തെ ശ്രമം. ഇതിനായി തമിഴ്‌നാട് സര്‍ക്കാര്‍ 1.10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. തിരുവള്ളുവര്‍ പ്രതിമയിലേക്കുള്ള ബോട്ട് സര്‍വീസ് ആറുമാസത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."