ഭീതിയൊഴിയാതെ ദേശീയപാത
രാമപുരം: ദേശീയപാതയില്‍ തിരൂര്‍ക്കാടിനും കൂട്ടിലങ്ങാടിക്കുമിടയില്‍ ഒരാഴ്ചയ്ക്കിടെ ഉണ്ടായത് മൂന്ന് അപകടങ്ങള്‍. ഇതില്‍ ജീവന്‍ പൊലിഞ്ഞത് എട്ടുപേര്‍ക്ക്. പത്ത്‌പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഒന്നിന് തടത്തില്‍ വളവില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് രാമപുരം സ്വദേശിയായ യുവാവ് മരിക്കുകയും അഞ്ചുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. തൊട്ടടുത്തദിവസം തിരൂര്‍ക്കാട് കാല്‍നട യാത്രക്കാരന്‍ വാഹനമിടിച്ച് മരിച്ചിരുന്നു. അപകടങ്ങളുടെ അലയൊലി മാറുംമുന്‍പാണ് കഴിഞ്ഞ തിങ്കളാഴ്ച രാത്രി പനങ്ങാങ്ങരയില്‍ അപകടമുണ്ടായത്. രാമപുരത്ത് നിന്നുവരികയായിരുന്ന കാര്‍ ലോറിയെ മറികടക്കുന്നതിനിടെ എതിരേ വന്ന ലോറിയിയിലിടിച്ച് രണ്ട് ലോറികള്‍ക്കിടയില്‍പ്പെടുകയായിരുന്നു. അപകടത്തില്‍ താഴേക്കോട് അരക്കുപറമ്പ് മാട്ടറക്കല്‍ പട്ടണത്ത് സൈതാലിയുടെ മകന്‍ ഹംസപ്പ, മകന്‍ ബാദുഷ, മകള്‍ ഹര്‍ഷീന എന്നിവര്‍ മരിച്ചിരുന്നു. ഹംസപ്പയുടെ ഭാര്യ റഹീന, മകള്‍ ഹിഷാന എന്നിവര്‍ പരുക്കേറ്റ് ചികിത്സയിലാണ്.
ദേശീയ പാതയില്‍ തിരൂര്‍ക്കാടിനും കൂട്ടിലങ്ങാടിക്കുമിടയില്‍ അപകടങ്ങള്‍ നിത്യസംഭവമാണ്. തിരൂര്‍ക്കാട് തടത്തില്‍ വളവ്, അരിപ്ര, പനങ്ങാങ്ങര, നാറാണത്ത്, പുണര്‍പ്പ, കടുങ്ങുത്ത്, കൂട്ടിലങ്ങാടി എന്നിവിടങ്ങളിലാണ് സ്ഥിരം അപകടങ്ങളുണ്ടാകുന്നത്. തടത്തില്‍ വളവ്, അരിപ്ര എന്നിവിടങ്ങളിലെ എസ് വളവുകളിലാണ് അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നത്.കൂട്ടിലങ്ങാടിയില്‍ ടാങ്കര്‍ ലോറി ഗുഡ്‌സ് ഓട്ടോയില്‍ ഇടിച്ച് മൂന്ന് പേര്‍ മരിച്ചത് ഇന്നലെ പുലര്‍ച്ചെയാണ്.
ദേശീയപാതയില്‍ കൂട്ടിലങ്ങാടി പെട്രോള്‍ പമ്പിന് സമീപം ടാങ്കര്‍ ലോറി ഗുഡ്‌സ് ഓട്ടോയില്‍ ഇടിച്ചാണ് ഓട്ടോയില്‍ ഉണ്ടായിരുന്ന ഇതരസംസ്ഥാന തൊഴിലാളികളായ മൂന്ന് പേര്‍ മരിച്ചത്. പെരിന്തല്‍മണ്ണ ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കര്‍ ലോറി തൊട്ടു മുന്നിലുണ്ടായിരുന്ന ജീപ്പ് പെട്രോള്‍ പമ്പിലേക്ക് തിരിക്കുന്നതിനിടയില്‍ ജീപ്പിലും ശേഷം മലപ്പുറം ഭാഗത്തേക്ക് വരികയായിരുന്ന ഗുഡ്‌സ് ഓട്ടോയിലും ഇടിക്കുകയായിരുന്നു. ടാങ്കര്‍ മറിയാതിരുന്നതിനാല്‍ ഗ്യാസ് ചോര്‍ച്ച ഉള്‍പ്പെടെ വന്‍ ദുരന്തം ഒഴിവായി. അപകടമേഖലകളില്‍ ഡിവൈഡര്‍ സ്ഥാപിച്ച് വാഹനങ്ങളുടെ മറികടക്കല്‍ തടയുകയും ചെയ്താല്‍ അപകടങ്ങള്‍ ഏറെക്കുറെ ഒഴിവാക്കാനാകും. മോട്ടോര്‍വാഹന വകുപ്പ്, പൊലിസ്, ഹൈവേ പൊലിസ് എന്നിവര്‍ അപകടസ്ഥലത്ത് ഇന്നലെ പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."