കുറിച്ചി വില്ലേജിനെ വിഭജിക്കണമെന്ന ആവശ്യം ശക്തം; നടപടി വൈകുന്നതില്‍ പ്രതിഷേധം
കുറിച്ചി: ഗ്രാമവാസികളുടെ നാളുകളായുള്ള ആവശ്യമാണ് കുറിച്ചി വില്ലേജ് വിഭജനം. എന്നാല്‍ ഇക്കാര്യത്തില്‍ രാഷ്ട്രീയ നേതൃത്വം വേണ്ട പ്രധാന്യം നല്‍കുന്നില്ലെന്നു നാട്ടുകാര്‍ പറയുന്നു.
ഒരു വില്ലേജിലെ ജനസംഖ്യ 40,000 നു മുകളിലായാല്‍ ആ വില്ലേജിനെ വിഭജിക്കണമെന്ന് നിയമം നിലനില്‍ക്കുമ്പോള്‍ കുറിച്ചിയില്‍ അവ പ്രാബല്യത്തില്‍ വരുന്നില്ലെന്നതാണ് സത്യം. കുറിച്ചിയിലെ ജനസംഖ്യ 40,000 മുകളിലായിട്ടും ഇതുവരെ റവന്യൂ തലത്തില്‍ വില്ലേജിനെ വിഭജിക്കുന്ന യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല.
ജനസംഖ്യ വര്‍ധിച്ചതിനെതുടര്‍ന്ന് ജനങ്ങള്‍ക്ക് വില്ലേജ് ഓഫിസില്‍ നിന്നും ലഭിക്കുന്ന സേവനങ്ങളുടെ കാലതാമസം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്.
വില്ലേജ് ഓഫിസിലെ പരിമിതമായ സ്റ്റാഫുമാത്രമാണ് നിലവില്‍. കൂടാതെ വില്ലേജില്‍ ഏകദേശം 22ലധികം കോളനികളാണുള്ളത്. ഇവിടെ താമസിക്കുന്നവരുടെ നിരവധി പ്രശ്‌നങ്ങള്‍ക്ക് തീര്‍പ്പുകല്‍പ്പിക്കാനും ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതിലും പലപ്പോഴും താമസം നേരിടുന്നുവെന്ന പരാതി ശക്തമാണ്.
കഴിഞ്ഞ വര്‍ഷം നടന്ന ഒരു സര്‍വേ പ്രകാരം കുറിച്ചി വില്ലേജില്‍ 9,546 കുടുംബങ്ങള്‍ താമസിക്കുന്നതായി കണ്ടെത്തുകയുണ്ടായി. ജനങ്ങളുടെ ബാഹുല്യം മൂലം, കുറിച്ചിയിലേക്ക് സ്ഥലംമാറി വരുന്ന വില്ലേജ് ഓഫിസര്‍മാര്‍ ഇവിടത്തെ സാഹചര്യങ്ങള്‍ മനസിലാക്കുന്നതോടുകൂടി എത്രയും പെട്ടെന്ന് സ്ഥലംമാറ്റം നേടി രക്ഷപെടുകയാണ്.
പലപ്പോഴും മാസങ്ങളോളം വില്ലേജ് ഓഫിസര്‍മാര്‍ ഇല്ലാത്ത സ്ഥിതിവിശേഷം ഇവിടെ സംജാതമാകുന്നു. അതുമല്ലെങ്കില്‍ സമീപ വില്ലേജുകളില്‍ നിന്നും ഓഫിസര്‍മാരെ പാര്‍ട്ട്‌ടൈം ആയി കടമെടുക്കേണ്ട ഗതികേടിലാണ്. ഈയൊരു സാഹചര്യത്തില്‍ കുറിച്ചി വില്ലേജിനെ വിഭജിച്ച് കുറിച്ചി, ഇത്തിത്താനം വില്ലേജുകളാക്കി മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."