ഭൂമിപൂജാ കാലത്തെ മതേതര മൗലികവാദം
രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ഞാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പാര്‍ട്ടി തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. പ്രതീക്ഷിച്ച പോലെ അദ്ദേഹം തോറ്റു. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഭാവിയെക്കുറിച്ചുള്ള പ്രത്യാശകള്‍ നിശ്ശൂന്യമായിരിക്കുന്ന കാലത്താണ് എന്റെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. പിന്നെയെന്തിനു ഞാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു? പ്രധാനമായും മഹാത്മാ ഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റുവും നമുക്ക് അനന്തരാവകാശമായി നല്‍കുകയും ലോക്‌സഭയില്‍ താന്‍ തന്നെ തുടങ്ങിവച്ച ഒരു ചര്‍ച്ചക്ക് ആമുഖമായി പ്രധാനമന്ത്രി വിശദീകരിക്കുകയും ചെയ്ത ആശയത്തിന്റെ പ്രതീകമായി വര്‍ത്തിക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കുകയുള്ളൂ എന്നതിനാല്‍. അദ്ദേഹം ഇങ്ങനെയാണ് പറഞ്ഞത്: ' മതേതര ഇന്ത്യ മാത്രമായിരിക്കും അതിജീവിക്കാന്‍ അര്‍ഹതയുള്ള ഇന്ത്യ. ഒരുപക്ഷേ മതേതരമല്ലാത്ത ഒരു ഇന്ത്യയുണ്ടാവാം. അതിനു നിലനില്‍ക്കാന്‍ അര്‍ഹത ഉണ്ടാവുകയില്ല'. മതേതര ഇന്ത്യ അതേവരെയായി സെക്കുലറിസത്തിനുമേല്‍ വന്നുപതിക്കുന്ന ഗുരുതരമായ വെല്ലുവിളികളെ അഭിമുഖീകരിക്കുകയാണെന്ന് നാലുപതിറ്റാണ്ട് കാലമായി നമുക്ക് അറിയാമായിരുന്നു. പ്രസ്തുത അഭിമുഖീകരണത്തിന്റെ ഭാഗമാകുവാന്‍ ഞാന്‍ ആഗ്രഹിച്ചു.
നഷ്ടപ്പെടുന്ന വാക്ക്
എങ്കില്‍ത്തന്നെയും സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ മുമ്പൊരിക്കലുമില്ലാത്ത തരത്തില്‍ മതേതരത്വത്തോടുള്ള നമ്മുടെ അചഞ്ചലമായ പ്രതിബദ്ധത പറഞ്ഞുറപ്പിക്കേണ്ടത് അനിവാര്യമായിത്തീര്‍ന്നിട്ടുള്ള സന്ദര്‍ഭത്തില്‍ ആ വാക്ക് പാര്‍ട്ടിയുടെ പദകോശത്തില്‍നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. അയോധ്യയില്‍ ന്യൂനപക്ഷ സമുദായത്തിന്റെ ആരാധനാലയം തകര്‍ത്തു കൊണ്ടു മതനിന്ദ നടത്തിയ അതേ സ്ഥലത്താണ് ഭൂമിപൂജ നടന്നത് എന്ന സത്യത്തെ ഒരു വശത്തേക്ക് തള്ളി മാറ്റി പ്രസ്തുത സംഭവം ആഘോഷിക്കുകയാണ് നാം. നാം പറയുന്നത്, സുപ്രിം കോടതി വിധി പാലിക്കുകയാണ് എന്നാണ്. ഇത് എപ്പോഴും പറയുന്നതാണ്. എന്നാല്‍, പള്ളി തകര്‍ത്തത് കിരാതമായ പ്രവര്‍ത്തിയാണെന്നു കൂടി സുപ്രിം കോടതിയിലുണ്ട് എന്ന വസ്തുത നാം മറന്നുപോയിരിക്കുന്നു എന്ന് തോന്നുന്നു. ആ കിരാത പ്രവര്‍ത്തിയാണ് ഭൂമിപൂജയിലേക്കുള്ള വഴി തുറന്നിട്ടത്. എല്‍.കെ. അദ്വാനിയുടെ തീ തുപ്പിയ രഥയാത്രക്കു ശേഷവും ബാബരി മസ്ജിദ് നിലംപരിശാക്കിയതിന്റെ അനന്തരഫലങ്ങളോടനുബന്ധിച്ചും കശാപ്പ് ചെയ്യപ്പെട്ട ആയിരക്കണക്കിന് നിരപരാധികളായ ഇന്ത്യക്കാരെ നമുക്ക് മറക്കാന്‍ കഴിയുകയില്ല. മറക്കുകയും അരുത്.
ഇന്ത്യ എന്ന ആശയത്തിനു ബദല്‍
ഇന്ത്യ എന്ന ആശയത്തിന്റെ ബദല്‍ ആശയമാണ് ഹിന്ദു രാഷ്ട്രം. ഭൂമി പൂജ ഈ ആശയത്തിന്റെ ആഘോഷമാണ്. മുഹമ്മദ് അലി ജിന്നയുടെ ദ്വിരാഷ്ട്രസിദ്ധാന്തത്തെ ഏത് കാരണത്താല്‍ നിരാകരിച്ചുവോ അതേ കാരണത്താല്‍ ഈ ആശയത്തിന് എതിരാണ് കോണ്‍ഗ്രസ്. പാകിസ്താന്‍ സൃഷ്ടിക്കപ്പെട്ടപ്പോള്‍ നാം ഒരു കാര്യം ഊന്നിപ്പറഞ്ഞു: പാകിസ്താന്‍ ഇസ്‌ലാമികരാജ്യമായി പ്രഖ്യാപിക്കപ്പെട്ടാല്‍ തന്നെയും ഹിന്ദു രാജ്യമായിത്തീര്‍ന്നുകൊണ്ട് നാം ജിന്നയുടെ സിദ്ധാന്തത്തെ സാധൂരിക്കുകയില്ല എന്ന്. നാം നമ്മുടെ മതേതരമൂല്യങ്ങളെ അഭിമാനപൂര്‍വം ഉയര്‍ത്തിപ്പിടിക്കുമെന്ന്. 'ഇന്ത്യ എന്ന അത്ഭുത'ത്തിന്റെ തുല്യാവകാശികളാണ് എന്ന് നാം സ്വയം കണക്കാക്കി. സഹസ്രാബ്ദങ്ങളായി ഇന്ത്യയുടെ ഭാഗമായി വര്‍ത്തിച്ച എല്ലാറ്റിന്റെയും ഭാഗം, നമ്മുടെ ഇസ്‌ലാമികമായ പിന്തുടര്‍ച്ചയും അതില്‍ പെടും. അതുകൊണ്ടാണ് തന്റെ ഉറ്റ ചങ്ങാതിയായ വല്ലഭായ് പട്ടേലിന്റെ പിന്തുണയുണ്ടായിട്ടു പോലും സോമനാഥ ക്ഷേത്രത്തിന്റെ പുനര്‍ നിര്‍മാണത്തില്‍ തന്റെ സര്‍ക്കാര്‍ പങ്കാളിയാവുന്നതിന് ഒരു മതേതര രാഷ്ട്രത്തിന്റെ പ്രധാനമന്ത്രി എന്ന നിലയില്‍ ജവഹര്‍ലാല്‍ നെഹ്‌റു വിസമ്മതിച്ചത്. മതേതര രാഷ്ട്രത്തിന്റെ തലവന്‍ എന്ന നിലയില്‍ പുതുക്കിപ്പണിത ക്ഷേത്രത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ രാഷ്ട്രപതി രാജേന്ദ്ര പ്രസാദിന് അനുവാദം നല്‍കാനും അദ്ദേഹം വിസമ്മതിച്ചു. ഇപ്പോഴും മതേതരമെന്ന് പറയപ്പെടുന്ന ഇന്ത്യയുടെ പ്രധാനമന്ത്രി ഭൂമി പൂജാ ചടങ്ങില്‍ പങ്കെടുക്കുന്ന കാഴ്ച ഇന്ന് നാം കാണുന്നു. മതേതര പാര്‍ട്ടിയെന്ന നിലയില്‍ നഗ്നമാം വിധം പക്ഷപാതപരവും വിഭാഗീയവുമായ ഈ പ്രവര്‍ത്തിക്കെതിരില്‍ ശബ്ദമുയര്‍ത്താന്‍ നമുക്ക് പേടിയാണ്. പ്രസ്തുത സന്ദര്‍ഭത്തില്‍ ഗാന്ധിജിക്ക് ഏറ്റവും പ്രിയപ്പെട്ട 'ഈശ്വര്‍ അല്ലാഹ് തേരോ നാം / സബ്‌കോ സന്മതി ദേ ഭഗവാന്‍' എന്ന രാംധുന്‍ ആലപിക്കണമെന്ന് പോലും നാം നിര്‍ദേശിച്ചില്ല. ഡല്‍ഹിയില്‍ കലാപം കത്തിനിന്ന സമയത്ത് ഗാന്ധിജി ശഠിച്ചത് കൈയടക്കിയ പള്ളികള്‍ മുഴുവനും മുസ്‌ലിം സമുദായത്തിന് തിരിച്ചുകൊടുക്കാനായിരുന്നു എന്ന് കൂടി നാം ഓര്‍ക്കുക. വിശ്വസിച്ചിരുന്ന കാര്യങ്ങളില്‍നിന്ന് നാം വളരെയധികം അകന്നുപോയി. അതിലൊന്നും നാം വിശ്വസിക്കുന്നില്ല എന്നതാണ് കാരണമെന്ന് തോന്നുന്നു.
അയോധ്യയില്‍ രാജീവ് ഗാന്ധിയാണ് മസ്ജിദിന്റെ വാതിലുകള്‍ തുറന്നുകൊടുത്തത് എന്ന് വീമ്പ് പറയുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നുണ്ട്. അദ്ദേഹം അങ്ങനെ ചെയ്തിട്ടില്ല. അദ്ദേഹം അറിയാതെ തന്ത്രപൂര്‍വം ചെയ്ത പണിയാണത്. പ്രാദേശിക കോടതിയെക്കൊണ്ട് ഒരു ഉത്തരവു പുറപ്പെടുവിപ്പിച്ചു. ഉത്തരവ് പാസാക്കി അരമണിക്കൂറിനുള്ളില്‍ ധൃതിപ്പെട്ടു അത് നടപ്പില്‍വരുത്തി. നിര്‍വഹിക്കപ്പെട്ടു കഴിഞ്ഞ നിയമപരമായ നിര്‍ദേശം എന്ന നിലയില്‍ പൂര്‍ത്തീകരിക്കപ്പെട്ട ശേഷം പ്രധാനമന്ത്രി അക്കാര്യം അറിഞ്ഞുള്ളൂ. അയോധ്യയിലെ തര്‍ക്ക സ്ഥലത്ത് തല്‍സ്ഥിതി നിലനിര്‍ത്തുന്നതിലും അതിക്രമങ്ങളില്‍നിന്ന് സ്മാരകത്തെ സംരക്ഷിച്ചു നിര്‍ത്തുന്നതിലുമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ഉല്‍ക്കണ്ഠ. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയില്‍ ഞാന്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. മുസ്‌ലിം സമുദായ നേതാക്കളെ അയോധ്യയിലേക്ക് കൊണ്ടുവരാന്‍ അദ്ദേഹം പരിസര പ്രദേശങ്ങളിലെ കോണ്‍ഗ്രസ് നേതാക്കളോട് ആവശ്യപ്പെട്ടു. ശിലാന്യാസം നടത്തിയതായുള്ള പ്രചരണങ്ങള്‍ക്കിടയിലും മസ്ജിദ് നിലനില്‍ക്കുന്നുണ്ട് എന്ന് അവര്‍ക്ക് സ്വയം കണ്ടു ബോധ്യപ്പെടാന്‍ വേണ്ടിയായിരുന്നു ഇത്. കല്‍പ്പനാഥ് റായ് മാത്രമാണ് അങ്ങനെ ചെയ്ത ഒരേ ഒരാള്‍. അമേത്തിക്കും കല്‍ക്കത്തക്കുമിടയിലുള്ള പ്രദേശങ്ങളില്‍നിന്ന് വിജയിച്ച ഒരേ ഒരു കോണ്‍ഗ്രസുകാരനും അദ്ദേഹമായിരുന്നു.
സുപ്രിം കോടതി പറഞ്ഞതെന്ത്?
സുപ്രിം കോടതി വിധിയെ ബഹുമാനിക്കുക എന്നതിന് മസ്ജിദ് തകര്‍ത്തത് ആഘോഷിക്കുക എന്ന് അര്‍ഥമില്ല. ഇതേ സുപ്രിം കോടതി തന്നെ ലിബര്‍ഹാന്‍ കമ്മിഷന്‍ അടക്കം മസ്ജിദ് തകര്‍ച്ചക്ക് ഉത്തരവാദികള്‍ എന്ന് കുറ്റപ്പെടുത്തിയവരുടെ വിചാരണ അതിവേഗം പൂര്‍ത്തിയാക്കണമെന്ന് അനുശാസിച്ചിട്ടുണ്ടെന്ന് കൂടി നാം എല്ലാവരെയും തീര്‍ച്ചയായും ഓര്‍മ്മിപ്പിക്കേണ്ടതുണ്ട്. സുപ്രിം കോടതി വിധിപ്രകാരം നിര്‍മിക്കുന്ന മസ്ജിദിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുത്തു കൊണ്ട് 'സര്‍വധര്‍മ്മ സംഭവ'ത്തിലുള്ള രാഷ്ട്രത്തിന്റെ മതേതര വിശ്വാസം പ്രധാനമന്ത്രി പ്രകടമാക്കുമോ എന്നും നാം ആലോചിക്കണം. ഇതേവരെ, എല്ലാതരം തലപ്പാവുകളുമണിഞ്ഞ് ഫോട്ടോക്ക് പോസ് ചെയ്ത് സന്തോഷിച്ചിട്ടുണ്ട് മൂപ്പര്‍. മുസ്‌ലിം തൊപ്പിയൊഴിച്ച്. ഈദ് മിലനില്‍ പോലും അതിനു വിസമ്മതിക്കുകയായിരുന്നു കക്ഷി.
കോണ്‍ഗ്രസുകാര്‍ എന്ന നിലയിലും മനുഷ്യരെന്ന നിലയിലും എല്ലാവരെയും ഒരു കാര്യം നാം ഓര്‍മിപ്പിക്കേണ്ടതുണ്ട്. തര്‍ക്കമൊന്നുമില്ലാത്ത സ്ഥലമെന്ന് തനിക്ക് ഉറപ്പ് നല്‍കപ്പെട്ട സ്ഥലത്ത് മാത്രമേ രാജീവ് ഗാന്ധി ശിലാന്യാസം അനുവദിച്ചിരുന്നുള്ളൂ. ഭൂമി പൂജാ ദിവസം ആഘോഷിച്ചത് തകര്‍ത്ത പള്ളിയുടെ സ്ഥാനത്ത് ക്ഷേത്രനിര്‍മാണമാണ്. പള്ളി തകര്‍ത്തതിന്റെ പിറ്റേ ദിവസം ഒരു കോണ്‍ഗ്രസ് പ്രധാനമന്ത്രി, തകര്‍ത്ത പള്ളിയുടെ സ്ഥാനത്ത് മറ്റൊരു മസ്ജിദ് നിര്‍മിച്ചു നല്‍കുമെന്ന് വാഗ്ദാനം ചെയ്ത കാര്യം നാം മറന്നു പോയി എന്ന് തോന്നുന്നു. 'ഏക്ക് ധാക്കാ ഓര്‍ ദോ/ ബാബ്രി മസ്ജിദ് തോഡ് ദോ' എന്ന് ആര്‍ത്ത് വിളിക്കുന്ന കണ്ഠങ്ങളില്‍നിന്ന് ഉയരുന്ന വിഭാഗീയമായ അലമുറകള്‍ക്കൊപ്പം ചേരാതെ നാം ഉയര്‍ത്തിപ്പിടിക്കേണ്ടത് ഈ വിഷയങ്ങളാണ്
മുസ്‌ലിം സമൂഹം നിശബ്ദമാണ്. പക്ഷേ അവര്‍ ഉല്‍ക്കണ്ഠാകുലരാണ്. മുസ്‌ലിംകളെ പ്രീണിപ്പിക്കുന്നവര്‍ എന്ന് മുദ്രകുത്തപ്പെടുന്നത് പേടിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി തങ്ങളുടെ മതേതരസ്വഭാവം നഷ്ടപ്പെടുത്തി എന്ന തോന്നല്‍ അവര്‍ക്കുണ്ട്. വിഭജനാനന്തര വിക്ഷുബ്ധതകളില്‍ ദൃഷ്ടമായ വര്‍ഗീയുടെ തീച്ചൂളയില്‍നിന്ന് ഉയര്‍ന്നുവന്ന ഒരു രാജ്യത്ത് നടന്ന സമ്പൂര്‍ണ പ്രായപൂര്‍ത്തിയുടെ അടിസ്ഥാനത്തിലുള്ള ആദ്യത്തെ തെരഞ്ഞെടുപ്പ് വേളയിലും ജവഹര്‍ലാല്‍ നെഹ്‌റുവിന് ഉയര്‍ത്തിപ്പിടിക്കാന്‍ യാതൊരു സന്ദേഹവും ഇല്ലാതിരുന്നത് എന്തായിരുന്നുവോ അതില്‍ ഉറച്ച് നില്‍ക്കാന്‍ നാം ശങ്കിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ ജയിക്കട്ടെ, തോല്‍ക്കട്ടെ ഫലമെന്തായാലും ശരി വര്‍ഗീയ ഭ്രാന്തിനോടൊപ്പം പോവാന്‍ താന്‍ കോണ്‍ഗ്രസിനെ അനുവദിക്കുകയില്ലെന്ന് അദ്ദേഹം നിസ്സന്ദേഹം പറഞ്ഞു. 1951 ലെ ഗാന്ധി ജയന്തി വേളയില്‍ രാംലീലാ ഗ്രൗണ്ടില്‍ നടന്ന ഒരു പൊതുറാലിയില്‍ അദ്ദേഹം പറഞ്ഞു: 'ആരെങ്കിലുമൊരാള്‍, ഗവണ്‍മെന്റിന് അകത്ത് നിന്നാവട്ടെ, പുറത്ത് നിന്നാവട്ടെ മതത്തിന്റെ പേരില്‍ ആര്‍ക്കെങ്കിലും എതിരായി കൈ ഉയര്‍ത്തിയാല്‍ ആ മനുഷ്യനെതിരായി ഞാന്‍ അവസാന ശ്വാസംവരെ പൊരുതും'. ന്യൂനപക്ഷ വര്‍ഗീയതയേക്കാള്‍ മോശമാണ് ഭൂരിപക്ഷ വര്‍ഗീയത എന്നായിരുന്നു അദ്ദേഹത്തിന്റെ സുസ്ഥിരമായ അഭിപ്രായം.
നിലപാട് പുലര്‍ത്തല്‍
കോണ്‍ഗ്രസോ ഭാരതീയ ജനതാ പാര്‍ട്ടിയോ ആരാണ് കൂടുതല്‍ ഹിന്ദു എന്ന കാര്യത്തില്‍ മത്സരിക്കുന്നതിലേറെ കാവിയണിഞ്ഞ സഹോദരന്മാരോട് നാം ഇന്ന് പറയേണ്ടത് ഇതാണ്. ആരാണ് കൂടുതല്‍ ഹിന്ദു എന്ന കാര്യത്തില്‍ മത്സരിക്കുന്നതിന് പകരം നാം ചോദിക്കേണ്ടത് ആരാണ് കൂടുതല്‍ മതേതരവാദികള്‍ എന്നാണ്, കോണ്‍ഗ്രസോ ബി.ജെ.പിയോ? അവരുടെ സ്ഥാനം പിടിച്ചടക്കാനാണ് നാം ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം എന്തായാലും ശരി മതേതര ഇന്ത്യ എന്ന നമ്മുടെ തത്വാധിഷ്ഠിത നിലപാടിനു വേണ്ടി പൊരുതാന്‍ നാം പഠിക്കണം. എങ്കില്‍ മാത്രമേ ബി.ജെ.പിയുടെ നിറം കെട്ട അനുകരണമാവാതെ, ബദല്‍ എന്ന നിലയില്‍ രാഷ്ട്രത്തിന്റെ കണ്ണില്‍ നമ്മുടെ അസ്തിത്വത്തെ ന്യായീകരിക്കാന്‍ സാധിക്കുകയുള്ളൂ.
(മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ
ലേഖകന്‍ 'ദ ഹിന്ദു'വില്‍ എഴുതിയത്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."