പാലപ്പിള്ളിയില്‍ വീണ്ടും കാട്ടാനശല്യം: നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാഡികളില്‍ ഭയന്ന് കഴിയുന്നത് നാല്‍പതിലേറെ കുടുംബങ്ങള്‍
പുതുക്കാട്: തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പാഡികള്‍ക്ക് സമീപാണ് ചൊവാഴ്ച പുലര്‍ച്ച കാട്ടാനക്കൂട്ടം ഇറങ്ങി ഭീതി പരത്തിയത്.കുന്നക്കാടന്‍ റഷീദിന്റെ പാഡിയോട് ചേര്‍ന്ന് പത്ത് മീറ്റര്‍ അകലെയാണ് ആനകൂട്ടം ഇറങ്ങിയത്.
സമീപത്തെ പറമ്പിലെ വാഴകള്‍ കാട്ടാന നശിപ്പിച്ചു. ഹാരിസണ്‍ റബര്‍ എസ്റ്റേറ്റിന്റെ കരിങ്കല്‍ ഭിത്തി തകര്‍ത്താണ് ആനകൂട്ടം പാഡിയില്‍ ഇറങ്ങിയത്.
നൂറിലേറെ വര്‍ഷം പഴക്കമുള്ള പാഡികളുടെ ഭിത്തികള്‍ മഴ നഞ്ഞ് കുതിര്‍ന്ന നിലയിലാണ്. ആനകള്‍ തൊട്ടാല്‍ കെട്ടിടം ഒന്നടങ്കം നിലംപൊത്താന്‍ സാധ്യതയേറെയാണ്.
കാട്ടാനക്കൂട്ടം ഇറങ്ങിയ പറമ്പില്‍ നില്‍ക്കുന്ന ഉണങ്ങിയ മാവ് പാഡികള്‍ക്ക് മുകളിലേക്ക് ആനകള്‍ മറിച്ചിടുമെന്ന ആശങ്കയിലാണ് തൊഴിലാളി കുടുംബങ്ങള്‍.
ഈ മാവ് മുറിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും യാതൊരു നടപടിയും എടുത്തില്ലെന്ന ആക്ഷേപമുണ്ട്.
ഹാരിസണ്‍ കമ്പനിയുടെ റബര്‍ ടാപ്പിങ് തൊഴിലാളി കുടുംബങ്ങളാണ് ഒറ്റമുറി പാഡികളില്‍ താമസിക്കുന്നത്.
നാല്‍പ്പതോളം മുറികളിലായി കുട്ടികള്‍ ഉള്‍പ്പടെ ഇരുനൂറിലേറെ പേരാണ് പാഡികളില്‍ തിങ്ങിപ്പാര്‍ക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ പൊറുതിമുട്ടി ജീവിക്കുന്നതിനിടയില്‍ കാട്ടാനശല്യവും പെരുകിയതോടെ പകച്ചു നില്‍ക്കുകയാണ് തൊഴിലാളികള്‍.
ജനവാസ കേന്ദ്രമായ പാഡികളില്‍ കാട്ടാനയുള്‍പ്പടെയുള്ള വന്യമൃഗങ്ങള്‍ ഇറങ്ങാതിരിക്കാന്‍ വൈദ്യുതവേലി തീര്‍ക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു.
ഏതു നിമിഷവും നിലംപൊത്താറായ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി തൊഴിലാളികള്‍ക്ക് അടച്ചുറപ്പുള്ള വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ കമ്പനി അധികൃതര്‍ തയ്യാറാകണമെന്ന് തൊഴിലാളി യൂനിയനുകള്‍ ആവശ്യപ്പെട്ടു.
പകല്‍ സമയത്ത് പോലും കാട്ടാനകള്‍ ഇറങ്ങിയതോടെ ചിമ്മിനി ഡാമിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളും ഭീതിയിലാണ്. വലിയകുളത്തിന് സമീപം കാട്ടാനകൂട്ടം ഇറങ്ങി ഭീതിപരത്തിയതോടെ പാലപ്പിള്ളിയിലെ അള്ള് വെള്ളച്ചാട്ടത്തിലേക്ക് വിനോദ സഞ്ചാരികള്‍ പോകുന്നത് വനം വകുപ്പ് വിലക്കി.കാട്ടാനയിറങ്ങി നാശം വിതച്ച സ്ഥലങ്ങള്‍ പാലപ്പിള്ളി ഫോറസ്റ്റ് റേഞ്ച് ഓഫിസറുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."