നടപടികള്‍ അതിവേഗം: കരിപ്പൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി
കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച 18 പേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍.
പൈലറ്റ് ദീപക് വസന്ത് സാഠേ (60)യുടെ മൃതദേഹം കൊച്ചി വിമാനത്താവളം വഴി നാളെ സ്വദേശമായ മുംബൈയിലേക്ക് കൊണ്ടുപോകും. സഹപൈലറ്റ് അഖിലേഷ് കുമാറിന്റെ മൃതദേഹം രാത്രിയോടെ ഡല്‍ഹിയിലേക്ക് കൊണ്ടുപോയി.
പാലക്കാട് ചളവറ മുണ്ടക്കോട്ടുകൊറുശ്ശി വട്ടപ്പറമ്പില്‍ വി.പി മുഹമ്മദ് റിയാസിന്റെ (24) മൃതദേഹമാണ് ആദ്യം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. മരിച്ചവരില്‍ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച വളാഞ്ചേരി കൊളമംഗലം കാരാട്ട് വെള്ളാട്ട് ഹൗസ് സുധീര്‍ വാരിയത്തിന്റെ (45) മൃതദേഹമാണ് ഏറ്റവുമൊടുവില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. സുധീറിന്റെ മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നാട്ടിലെ ശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ തീരുമാനമായിട്ടുണ്ട്.
കോഴിക്കോട് ജില്ലക്കാരായ സൗത്ത് ബീച്ച് റോഡ് പുതിയ പന്തക്കലകം സനോബിയ (40), മേരിക്കുന്ന് എഴുത്തച്ഛന്‍കണ്ടി പറമ്പ് നിഷി മന്‍സില്‍ സഹീറാ ബാനു മാഞ്ചറ (29), മകന്‍ അസം മുഹമ്മദ് ചെമ്പായി (ഒന്ന്), കക്കട്ടില്‍ ചീക്കോന്നുമ്മല്‍ പീടികക്കണ്ടിയില്‍ രമ്യ മുരളീധന്‍ (32), മകള്‍ ശിവാത്മീക മുരളീധരന്‍ രമ്യ (5), നടുവണ്ണൂര്‍ മൂലാട് തണ്ടപ്പുറത്തുമ്മേല്‍ കുന്നോത്ത് ജാനകി (55), നാദാപുരം പാലോള്ളതില്‍ മനാല്‍ അഹമ്മദ് (25), കുന്നമംഗലം മേലെ മരുതക്കോട്ടില്‍ ശറഫുദ്ധീന്‍ (35), ബാലുശ്ശേരി കോക്കല്ലൂരചേരിക്കപറമ്പില്‍ രാജീവന്‍ (61), മലപ്പുറം ജില്ലക്കാരായ തിരൂര്‍ തെക്കേ കുറൂര്‍ ചേവപ്പാറ ശഹീര്‍ സയീദ് (38), എടപ്പാള്‍ കൊളോളമണ്ണ കുന്നത്തേല്‍ ഹൗസ് കെ.വി ലൈലാബി(51), തിരൂര്‍ കല്ലിങ്ങല്‍ കൊട്ട് കീഴടത്തില്‍ ഹൗസ് ഷെസ ഫാത്തിമ (രണ്ട്), തിരൂര്‍ നിറമരുതൂര്‍ കൊളങ്ങര ഹൗസ് ശാന്ത മരക്കാട്ട് (59), പാലക്കാട് മണ്ണാര്‍ക്കാട് കോടതിപ്പടി പുത്തന്‍ക്കളത്തില്‍ ഹൗസ് ആയിശ ദുഅ (രണ്ട്) എന്നിവരുടെ മൃതദേഹങ്ങളും നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
ഇവരുടെ മൃതദേഹങ്ങള്‍ വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച രാവിലെയുമായാണ് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലെത്തിച്ചത്. മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ ബന്ധുക്കളും നാട്ടുകാരും രാവിലെ തന്നെ മോര്‍ച്ചറി പരിസരത്ത് എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."