വിയ്യൂരില്‍ കനാല്‍ തകര്‍ന്ന് വെള്ളം പൊങ്ങിയത് പരിഭ്രാന്തി പരത്തി
കൊയിലാണ്ടി: കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ ഇരിങ്ങല്‍ ബ്രാഞ്ച് കനാല്‍ തകര്‍ന്നത് പരിഭ്രാന്തിക്കിടയാക്കി. കൊയിലാണ്ടി വിയ്യൂരില്‍ ചെട്ട്യാംകണ്ടി ഭാഗത്താണ് കനാല്‍ തകര്‍ന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 1.30ഓടെയാണ് സംഭവം. സമീപത്തെ പറമ്പുകളിലെ നിരവധി വീടുകളില്‍ മുറ്റം വരെ വെള്ളം കയറി. പുരയിടങ്ങളിലെ പച്ചക്കറി കൃഷിയും വെള്ളത്തില്‍ മുങ്ങി. പത്തു മീറ്റര്‍ നീളത്തില്‍ കനാല്‍ ഭാഗം ഇടിഞ്ഞുതാഴുകയായിരുന്നു.
മേപ്പയൂര്‍ റോഡിലും വെള്ളം കയറിയത് ഗതാഗത തടസമുണ്ടാക്കി. കൊയിലാണ്ടി എസ്.ഐ പി.പി രാജന്റെ നേതൃത്വത്തില്‍ പൊലിസ്, ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരെത്തി പെരുവെട്ടൂരിലെ ഷട്ടര്‍ അടച്ചതിനെ തുടര്‍ന്നാണ് ഒഴുക്കിന്റെ ശക്തി കുറഞ്ഞത്. കനാല്‍ അറ്റകുറ്റപ്പണികള്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി നടത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. കനാലില്‍ ചെറിയ പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്നു ചാക്ക് വച്ച് അടക്കുകയായിരുന്നു. ഒഴുക്ക് ശക്തമായതോടെ ഇവിടെയുള്ള മണ്ണ് ഒലിച്ചുപോയതാണ് വിനയായത്. സ്ഥലം എം.എല്‍.എ കെ. ദാസന് ഇറിഗേഷേന് വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ കനാലിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. റവന്യൂ അധികൃതര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."