കരംപിടിച്ച് 37 പേര്‍; കരളലിഞ്ഞ സ്‌നേഹത്തണലായി ഷാഹുല്‍ ഹമീദ്
മലപ്പുറം: 'ജീവിതത്തില്‍ മറക്കാനാവാത്ത രംഗമായിരുന്നു മുന്നില്‍. വിമാനം തകര്‍ന്നു ചിന്നിച്ചിതറിയ കാഴ്ച.വേദനകൊണ്ട് പുളയുന്നവര്‍ കൂടെപിറപ്പുകളായ 37 മനുഷ്യരെ കൈകളില്‍ വാരിയെടുത്തു. അതിലൊന്ന് അഞ്ചു വയസ് തോന്നിക്കുന്ന പിഞ്ചു കുഞ്ഞായിരുന്നു,' ഭീതി ഇനിയും വിട്ടകലാത്ത, ദുരന്ത മുഖത്തെ കാഴ്ച ഓര്‍ത്തെടുക്കാന്‍ ഒരിക്കലും ആഗ്രഹിക്കാത്തതാണെന്നു രക്ഷാപ്രവര്‍ത്തനത്തിനു ആദ്യ മെത്തിയവരില്‍ ഒരാളായ പെരുവള്ളൂര്‍ സിദ്ദീഖാബാദ് സ്വദേശിയും വിഖായ വളണ്ടിയറുമായ ഷാഹുല്‍ ഹമീദ്.അപകട സ്ഥലത്തുനിന്നു അഞ്ഞൂറ് മീറ്റര്‍ അകലെ ചിറയില്‍ ചുങ്കത്തെ തറവാട്ടു വീട്ടിലിരിക്കുകയായിരുന്നു ഈ യുവാവ്. കനത്ത മഴ പെയ്യുന്ന സമയം. ദുബൈയില്‍നിന്നു കരിപ്പൂരിലെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആകാശത്ത് പതിവിലുപരി മൂന്നു പ്രാവശ്യം വട്ടമിടുന്നത് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അടുത്ത നിമിഷത്തില്‍ തന്നെ ഭയാനകമായ ശബ്ദവും.
അപകടം മനസിലാക്കിയതോടെ ഓടിച്ചെല്ലുമ്പോള്‍ കണ്ട രംഗം വിവരണാതീതമായിരുന്നു. സുരക്ഷാ ജീവനക്കാരായ നാലു പേരാണ് പ്രദേശത്തുണ്ടായിരുന്നത്. ആദ്യമെത്തിയ പത്തോളം പേരും. എല്ലാവരും ഉടന്‍ പൊളിഞ്ഞു ചിതറിയ വിമാനത്തിനകത്ത് ചാടിക്കയറി. ചിറക് ഭാഗം വഴിയാണ് ഷാഹുല്‍ അകത്തുകടന്നത്. വിമാനത്തിന്റെ മധ്യഭാഗത്തും പിന്‍നിരയിലുമുള്ളവര്‍ ഇരുന്ന ഭാഗത്താണ് എത്തിയത്. ഓരോരുത്തരേയും എത്രയും വേഗം വാരിയെടുത്തു ചേര്‍ത്തുപിടിച്ചു ആദ്യമെത്തിയ ഓട്ടോറിക്ഷ, ലോറി, കാര്‍ തുടങ്ങിയവ വാഹനങ്ങളിലേക്ക് മാറ്റി.
ആദ്യ ഇരുപതു മിനുട്ടില്‍ നാല്‍പതോളം പേരെയാണ് ഓടിക്കൂടിയവര്‍ പുറത്തെത്തിച്ചത്. വിമാനത്തിന്റെ മുന്‍വശത്തു കുടുങ്ങിയവരെ പുറത്തെടുക്കുന്നതായിരുന്നു ഏറെ സാഹസികം. ആ ഭാഗം ജെ.സി.ബി ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ വെട്ടിപ്പൊളിച്ചത്. കൊവിഡ് ഭീതി മറന്ന്, അല്ലാഹുവില്‍ എല്ലാം സമര്‍പ്പിച്ചു. അത്രയൊക്കെ ചെയ്യാനായതില്‍ സംതൃപ്തിയുണ്ടെന്നും ഇനി ക്വാറന്റൈന്‍ പാലിച്ചു വീട്ടില്‍ വിശ്രമിക്കുകയാണ് ഞങ്ങളുടെ ഉത്തരാവാദിത്വമെന്നും ഷാഹുല്‍ ഹമീദ് പറഞ്ഞു.
കോട്ടക്കുന്നത് രായിന്‍ കുട്ടി - ബിയ്യക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ: ഫരീദ. മക്കള്‍ : ജല്‍വ ഹമീദ്, മുഹമ്മദ് യാസീന്‍, ഫാത്വിമ ജസ.
നിര്‍മാണത്തൊഴിലാളിയായ ഷാഹുല്‍ എസ്.കെ.എസ്.എസ്.എഫ് സിദീഖാബാദ് വിഖായ സെക്രട്ടറിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."