ഇനി 'ഹിന്ദുത്വം' മാത്രം, വികസനമില്ല; ബി.ജെ.പി തന്ത്രം വെളിപ്പെടുത്തി സുബ്രഹ്മണ്യം സ്വാമി
ന്യൂഡല്‍ഹി: പൊതുതെരഞ്ഞെടുപ്പില്‍ വികസനവിഷയങ്ങള്‍ മാറ്റിനിര്‍ത്തി ഹിന്ദുത്വത്തിലൂന്നിയുള്ള പ്രചാരണത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന തന്ത്രം ബി.ജെ.പി സ്വീകരിച്ചതായി വെളിപ്പെടുത്തി മുതിര്‍ന്ന നേതാവും എം.പിയുമായ സുബ്രഹ്മണ്യംസ്വാമി.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വികസനം പ്രചാരണവിഷയമാക്കുന്നത് നിര്‍ത്തി ഹിന്ദുത്വവിഷയങ്ങള്‍ മാത്രം ഉപയോഗിക്കാനാണ് ബി.ജെ.പി തീരുമാനമെന്ന് സുബ്രഹ്മണ്യംസ്വാമി പറഞ്ഞു. ഇതിനൊപ്പം അഴിമതിയും വിഷയമാക്കുമെന്നും അദ്ദേഹം ട്വിറ്ററിലെഴുതിയ കുറിപ്പിലാണ് വെളിപ്പെടുത്തിയത്.
ഇനിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണം ഹിന്ദുത്വവും അഴിമതി ആരോപണങ്ങളും ഉപയോഗിച്ചായിരിക്കണമെന്ന് ഞാന്‍ നരേന്ദ്രമോദിയോട് അഭ്യര്‍ഥിച്ചിരുന്നു. ഇതിനായി നരേന്ദ്രമോദിയില്‍ ഞാന്‍ നിര്‍ബന്ധം ചെലുത്തുകയും ചെയ്തു. വികസനം ഇനി മുതല്‍ പ്രചാരണ വിഷയമാകില്ല.
ഇപ്പോള്‍ അദ്ദേഹം ആ ഉപദേശം സ്വീകരിച്ചതായി ഞാന്‍ മനസ്സിലാക്കുന്നു. ഇനി വിജയം ഉറപ്പാണ്- സ്വാമി ട്വിറ്ററില്‍ കുറിച്ചു. മലേഗാവ് സ്ഫോടന കേസിലെ മുഖ്യപ്രതി സാധ്വി പ്രാഗ്യാസിങ് ഠാക്കൂറിനു ബി.ജെ.പി അംഗത്വം നല്കി ഭോപ്പാലിലെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച തീരുമാനം വന്നതിനു പിന്നാലെയാണ് സുബ്രമണ്യംസ്വാമി ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
വര്‍ഗീയപ്രചാരണത്തിന്റെ പേരില്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിക്കിരയായി വരുന്നതിനിടെയുള്ള സ്വാമിയുടെ ട്വീറ്റ് സോഷ്യല്‍മീഡിയയിലും കാര്യമായ ചര്‍ച്ചയ്ക്കു കാരണമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."