റെയ്ഡില്‍ ഒന്നും കണ്ടെത്തിയില്ല; ഇത് ബി.ജെ.പി ആസൂത്രണം ചെയ്തതെന്ന് കനിമൊഴി
തൂത്തുക്കുടി: ഡി.എം.കെ നേതാവ് കനിമൊഴിയുടെ തൂത്തുക്കുടിയിലെ വസതിയില്‍ ചൊവ്വാഴ്ച രാത്രി ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ ഒന്നും കണ്ടെത്തിയില്ല. പണമോ പണംകൈമാറിയതുസംബന്ധിച്ച രേഖകളോ സംശയിക്കത്തക്ക മറ്റോ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് വിവരം. ഒരു മണിക്കൂറോളം നീണ്ട റെയ്ഡില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. വീടിന്റെ ഒന്നാംനിലയില്‍ അനധികൃതമായി വന്‍തുക സൂക്ഷിച്ചിട്ടുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തമിഴ്‌നാട്ടിലെ 39ല്‍ 38 മണ്ഡലങ്ങളിലും ഇന്നു വോട്ടെടുപ്പ് നടക്കാനിരിക്കുകയാണ്. ഇതിന്റെ മുന്നോടിയായി കൊട്ടിക്കലാശം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു പരിശോധന. രാത്രി വൈകി ഉദ്യോഗസ്ഥര്‍ റെയ്ഡ് പൂര്‍ത്തിയാക്കി മടങ്ങി. ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്റെ സഹോദരിയും രാജ്യസഭാംഗവുമായ കനിമൊഴി പാര്‍ട്ടിയുടെ തൂത്തുകിടിയിലെ സ്ഥാനാര്‍ഥിയാണ്.
ഡി.എം.കെ സ്ഥാനാര്‍ഥിയുടെ വസതിയില്‍നിന്ന് 11 കോടി രൂപ പിടിച്ചെടുത്തതിന് പിന്നാലെ തമിഴ്‌നാട്ടിലെ വെല്ലൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഇന്നു നടക്കാനിരുന്ന വോട്ടെടുപ്പ് റദ്ദാക്കിയിരുന്നു. തൊട്ടുപിന്നാലെയാണ് കനിമൊഴിയുടെ വസതിയില്‍ റെയ്ഡ് നടന്നത്. വോട്ടിന് പണം നല്‍കുന്നതുമായി ബന്ധപ്പെട്ട ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കുന്നത് ആദ്യമായാണ്.
അതേസമയം, റെയ്ഡ് നടത്തിയത് നിയമവിരുദ്ധമാണെന്നും അതിനു പിന്നില്‍ രാഷ്ട്രീയ പകപോക്കലാണെന്നും കനിമൊഴി പ്രതികരിച്ചു. തെരഞ്ഞെടുപ്പില്‍ തോല്‍വി മുന്നില്‍ക്കണ്ട് ഉദ്യോഗസ്ഥരില്‍ സമ്മര്‍ദം ചെലുത്തി ബി.ജെ.പിയാണ് റെയ്ഡ് നടത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശാനുസരണമാണ് ആദായനികുതി വകുപ്പ് പ്രവര്‍ത്തിക്കുന്നതെന്നും കനിമൊഴി പ്രതികരിച്ചു. തൂത്തുകുടിയിലെ ബി.ജെ.പി സ്ഥാനാര്‍ഥി തമിഴിസെ സൗന്ദരരാജന്റെ വീട്ടില്‍ കോടികള്‍ സൂക്ഷിക്കുന്നതായി ആരോപണമുണ്ടെന്നും അവിടെ റെയ്ഡ് നടത്താന്‍ ആദായനികുതി വകുപ്പിന് ധൈര്യമുണ്ടോയെന്നും കനിമൊഴി ചോദിച്ചു. ജനാധിപത്യത്തിന്റെ മരണമാണ് റെയ്‌ഡെന്ന് സ്റ്റാലിനും പ്രതികരിച്ചു.
ഡി.എം.കെയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താനാണ് നരേന്ദ്രമോദി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഏജന്‍സികളെ കൂട്ടുപിടിച്ചുള്ള റെയ്ഡുകള്‍
ബി.ജെ.പിയുടെ അവസാന ആയുധമെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: സര്‍ക്കാരിനു കീഴിലുള്ള ഏജന്‍സികളായ ആദായനികുതി വകുപ്പിനെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിനെ(ഇ.ഡി)യും കൂട്ടുപിടിച്ചു പ്രതിപക്ഷ നേതാക്കളെ ലക്ഷ്യംവച്ചുള്ള റെയ്ഡുകള്‍ ബി.ജെ.പിയുടെ അവസാന ആയുധമാണെന്ന് കോണ്‍ഗ്രസ്.
പ്രതിപക്ഷത്തെ നേരിടാന്‍ പ്രധാനമന്ത്രി മോദിയുടെ കൈവശം അവശേഷിക്കുന്ന ഏക ആയുധം റെയ്ഡുകള്‍ മാത്രമാണെന്ന് മുഖ്യ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ജനങ്ങള്‍ക്ക് കാര്യങ്ങള്‍ മനസിലായിത്തുടങ്ങുന്നുണ്ട്. ഫലം പുറത്തുവരുന്ന മെയ് 23 ന് ഇതിനെല്ലാമുള്ള മറുപടി ബി.ജെ.പിക്കു ലഭിക്കും.
ബി.ജെ.പിക്ക് നാലുസഖ്യകക്ഷികളാണുള്ളത്. മോദി, അമിത് ഷാ, ആദായനികുതി വകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് എന്നിവയാണവ- അദ്ദേഹം പരിഹസിച്ചു. തമിഴ്‌നാട്ടില്‍ നിന്നുള്ള മുതിര്‍ന്ന നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരവും മറ്റൊരു മുതിര്‍ന്ന നേതാവ് കപില്‍ സിബലും റെയ്ഡിനെതിരെ രംഗത്തുവന്നിട്ടുണ്ട്. കനിമൊഴിയുടെ വസതിയില്‍ കഴിഞ്ഞദിവസം നടന്ന റെയ്ഡിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിമര്‍ശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."