പൊതുപ്രവര്‍ത്തകരെ ഇറക്കിവിട്ടതായി പരാതി
കൊടുങ്ങല്ലൂര്‍: പുല്ലൂറ്റ് വില്ലേജില്‍ കുടിവെള്ളം ദുര്‍വിനിയോഗം ചെയ്യുന്നതായി പരാതി പറയാനെത്തിയ രണ്ട് പൊതുപ്രവര്‍ത്തകരെ വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ പൊലിസിനെ വിളിച്ചുവരുത്തി ഇറക്കിവിടുകയും പെറ്റി കേസെടുപ്പിക്കുകയും ചെയ്തതായി പരാതി.
കഴിഞ്ഞ ഒരാഴ്ചയിലധികമായി കുടിവെള്ളം ലഭിക്കാത്ത പുല്ലൂറ്റ് വടക്കുംപുറം ഭാഗത്തെ താമസക്കാരും പൊതുപ്രവര്‍ത്തകരുമായ പി.പി. സതീഷ്ബാബു, മജീദ് വെളുത്തേരി എന്നിവരാണ് രാവിലെ 11 മണിയോടെ നാരായണമംഗലത്തുള്ള വാട്ടര്‍ അതോറിറ്റി ഓഫീസില്‍ പരാതി പറയാന്‍ എത്തിയത്.
വാട്ടര്‍ അതോറിറ്റി ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലമടക്കമുള്ള ഭാഗത്ത് കുടിവെള്ള പൈപ്പില്‍ നിന്നും കിണറ്റിലേക്ക് ശേഖരിക്കുന്നതും കൃഷിക്ക് നനക്കുന്നതും ശ്രദ്ധയില്‍പ്പെടുത്തുന്നതിനാണ് ഇവര്‍ ഓഫിസിലെത്തിയത്. ഈ സമയത്ത് എ.ഇ.യോ മറ്റ് പ്രധാന ഉദ്യോഗസ്ഥരോ ഓഫിസിലുണ്ടായിരുന്നില്ല.
ഇതേ തുടര്‍ന്ന് ഓഫിസിലുണ്ടായിരുന്നവരുമായി ഇവര്‍ ബഹളം വച്ചു. ഇതേ തുടര്‍ന്നാണ് പൊലിസ് എത്തിയത്. പൊലിസ് ഇവരെ ഗേറ്റിന് പുറത്താക്കുകയായിരുന്നു.
അതേസമയം ഓഫിസില്‍ യാതൊരുവിധ ബഹളവും ഉണ്ടാക്കിയിട്ടില്ലെന്നും പരാതി പറയാനെത്തിയപ്പോള്‍ ബന്ധപ്പെട്ടവരാരും ഓഫിസിലില്ലായിരുന്നുവെന്നും പരാതി നല്‍കാനെത്തിയവര്‍ പറയുന്നു.
ഇതിനിടെ ഏതോ ജീവനക്കാരന്‍ ഫോണ്‍ ചെയ്താണ് പൊലിസിനെ വരുത്തി തങ്ങളെ പുറത്താക്കി കേസെടുത്തതെന്നും ഇവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."