കിയോസ്‌കുകളില്‍ ജലലഭ്യത ഉറപ്പാക്കണം: ജില്ലാ വികസന സമിതി
കാസര്‍കോട്: ജില്ലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ വെള്ളം ലഭിക്കുന്നുവെന്നുറപ്പു വരുത്തണമെന്ന് ജില്ലാ വികസന സമിതി യോഗം നിര്‍ദേശം നല്‍കി. വാര്‍ഡുകളില്‍ സ്ഥാപിച്ച വാട്ടര്‍ കിയോസ്‌കുകളില്‍ ജല ലഭ്യത ഉറപ്പു വരുത്തണം. ജലത്തിന്റെ ദുരുപയോഗം കര്‍ശനമായി തടയണം. കാസര്‍കോട് മണ്ഡലത്തില്‍ നഗരസഭയിലും വിവിധ പഞ്ചായത്തുകളിലും ജലവിതരണം മുടങ്ങുന്നതായുളള പരാതികള്‍ പരിഹരിക്കണം.
ഉദുമ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലും കുടിവെളള വിതരണം തടസപ്പെട്ടതായി ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ആവശ്യമുള്ള പ്രദേശങ്ങളിലെല്ലാം കുടിവെള്ളം എത്തിക്കുന്നതിനു നടപടി സ്വീകരിച്ചിട്ടുണ്ടെന്നു റവന്യു ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. മറ്റുള്ള പരാതി പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കും.
ജലദുരുപയോഗം കര്‍ശനമായി തടയുന്നതിനു നടപടി സ്വീകരിച്ചിട്ടുണ്ടെന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജലസേചന വകുപ്പിന്റെ അനുമതിയില്ലാതെ പുഴയില്‍ നിന്നു പമ്പ് ചെയ്യുന്നതിനു സ്ഥാപിച്ചിട്ടുള്ള അഞ്ചു കുതിരശക്തിക്കു മുകളിലുളള മോട്ടോറുകളുടെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. ചെങ്കള, മുളിയാര്‍, മധൂര്‍, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തുകളിലേക്കുള്ള ശുദ്ധജലവിതരണ പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിന് കാസര്‍കോട്, ഉദുമ എം.എല്‍.എമാരുടെ യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കും.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കു ജലവിതരണം നടത്തുന്നതിനു വേണ്ടിയുള്ള കുടിവെള്ള പദ്ധതിയുടെ നിര്‍മാണ പുരോഗതി ചര്‍ച്ച ചെയ്യുന്നതിനു പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കുമെന്നു ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു പറഞ്ഞു. പദ്ധതി സംബന്ധിച്ചു പ്രദേശവാസികളുടെ എതിര്‍പ്പു പരിഹരിക്കുന്നതിനു നടപടി സ്വീകരിക്കും.
കാറഡുക്ക ഗ്രാമപഞ്ചായത്തിലെ നാല്‍ത്തടുക്ക കോളനിയിലെ ഒന്‍പതു കുടുംബങ്ങള്‍ക്കു കൂടി മെയ് 13നു നടക്കുന്ന പട്ടയമേളയില്‍ പട്ടയം വിതരണം ചെയ്യുമെന്നു യോഗത്തില്‍ അറിയിച്ചു. കാര്‍ഷികമേഖലയില്‍ നടപ്പാക്കുന്ന പ്രൊജക്ടുകള്‍ നിര്‍വഹണ പുരോഗതി കൈവരിക്കുന്നതിനു പദ്ധതികളുടെ പ്രപ്പോസലുകള്‍ അടിയന്തിരമായി സമര്‍പ്പിക്കാന്‍ യോഗം നിര്‍ദേശം നല്‍കി.
സര്‍ക്കാര്‍ ഉത്തരവനുസരിച്ച് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ അടിയന്തിര നടപടി സ്വീകരിക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി നടപടികള്‍ സമയബന്ധിതമായി നടപ്പാക്കാനും യോഗം നിര്‍ദേശിച്ചു. റേഷന്‍കാര്‍ഡ് മുന്‍ഗണനാപട്ടിക നടപടികള്‍ ഊര്‍ജിതമാക്കും.
മെയ് മാസത്തോടെ റേഷന്‍ കാര്‍ഡ് പ്രിന്റ് ചെയ്തു ലഭിക്കും. റേഷന്‍ കാര്‍ഡ് വിതരണത്തിനു ശേഷവും അനര്‍ഹരെ ഒഴിവാക്കുന്നതിനും അര്‍ഹരെ ഉള്‍പ്പെടുത്തുന്നതിനുമുള്ള നടപടിയുണ്ടാകുമെന്നും യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫിസര്‍ റിപ്പോര്‍ട്ട് ചെയ്തു.
കലക്ടര്‍ കെ ജീവന്‍ബാബു അധ്യക്ഷനായി. എം.എല്‍.എമാരായ പി.ബി അബ്ദുല്‍റസാഖ്, എന്‍.എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമന്‍, എം രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, വൈസ് പ്രസിഡന്റ് ശാന്തമ്മാ ഫിലിപ്പ്, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് എ.എ ജലീല്‍, നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ.പി ജയരാജന്‍, ഡിവൈ.എസ്.പി കെ പ്രേമരാജന്‍, ഡെപ്യൂട്ടി കലക്ടര്‍ സജീവ് ദാമോദര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."