ബിജെപിയുമായി സഖ്യത്തിന് ആലോചനപോലുമില്ല: കേരളാ കോണ്‍ഗ്രസ് (എം)
കോട്ടയം: ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് കേരളാ കോണ്‍ഗ്രസ് (എം) ആലോചിക്കുകയോ തീരുമാനിക്കുകയോ ചെയ്തിട്ടില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോസഫ് എം. പുതുശ്ശേരി വ്യക്തമാക്കി.
ഞായറാഴ്ച കോട്ടയത്ത്കൂടിയ പാര്‍ട്ടി സ്റ്റീയറിംഗ് കമ്മറ്റി യോഗത്തിനുശേഷം ചെയര്‍മാന്‍ കെ.എം. മാണി തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
കേരളാ കോണ്‍ഗ്രസ്(എം)നെ സ്വാഗതം ചെയ്തുകൊണ്ട് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പ്രകടിപ്പിച്ച ആഭിമുഖ്യത്തിന് നന്ദി. എന്നാല്‍ തങ്ങള്‍ ഇക്കാര്യം ആലോചിച്ചിട്ടില്ല. കെ.എം. മാണിയുടേയും കേരളാ കോണ്‍ഗ്രസിന്റേയും സ്വീകാര്യതയാണ് ഇതില്‍ അന്തര്‍ലീനമായിരിക്കുന്നത്.
കേരളത്തിലെ എല്ലാ മുന്നണി നേതാക്കളും കേരളാ കോണ്‍ഗ്രസിനെ ക്ഷണിച്ചുകൊണ്ട് പല ഘട്ടങ്ങളിലായി പല പരസ്യ പ്രസ്ഥാവനകള്‍ നടത്തിയിട്ടുണ്ട്. സഖ്യത്തില്‍ ഏര്‍പ്പെടാന്‍ എല്ലാ പാര്‍ട്ടികളും ആഗ്രഹിക്കുന്ന രാഷ്ട്രീയ കക്ഷിയാണ് കേരളാ കോണ്‍ഗ്രസ് (എം) എന്നത് അഭിമാനകരമാണ്.
എന്നാല്‍ ഇത്തരം പ്രലോഭനങ്ങളിലോ പ്രശംസാ വചനങ്ങളിലോ വശംവദരാകുന്ന പാര്‍ട്ടി അല്ല കേരളാ കോണ്‍ഗ്രസ് എന്ന് കാലം തെളിയിച്ചിട്ടുണ്ട്. വസ്തുതാപരമായ വിലയിരുത്തലും ജനങ്ങളോടുള്ള പ്രതിബദ്ധയും രാജ്യതാല്‍പര്യവുമാണ് പാര്‍ട്ടിയെ നയിക്കുന്നതെന്നും പുതുശ്ശേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."