മലമാനിനെ കൊന്ന സജി മറ്റൊരു കേസിലും പ്രതി
കൂത്തുപറമ്പ്: മലമാനിനെ വേട്ടയാടി കൊന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുഖ്യപ്രതി ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുന്നവരില്‍ നിന്നു നാടന്‍ തോക്ക് പിടികൂടിയെന്ന കേസിലും പ്രതിയാണെന്ന് പൊലിസ്. ശാന്തിഗിരി രാമച്ചിയില്‍ വച്ച് മലമാനിനെ വേട്ടയാടിക്കൊന്നുവെന്ന സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന ശാന്തിഗിരിയിലെ പി.ടി സജി (49) ആംസ് ആക്ട് പ്രകാരമുള്ള മറ്റൊരു കേസിലും പ്രതിയാണെന്ന് വ്യക്തമാക്കിയാണ് കേളകം പൊലിസ് കൂത്തുപറമ്പ് ജുഡിഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതോടൊപ്പം ഈ കേസില്‍ ജയിലില്‍ കഴിയുന്ന സജിയുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ അനുവാദം തേടിയുള്ള അപേക്ഷയും കോടതി അനുവദിച്ചു. ഇതിനു ശേഷം ഈ കേസില്‍ ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത് തെളിവെടുക്കാനും പൊലിസ് കോടതിയില്‍ അപേക്ഷ നല്‍കും. 2016ല്‍ രാത്രി വാഹന പരിശോധന നടത്തവെയാണ് ഓട്ടോയില്‍ സഞ്ചരിക്കുന്ന സംഘത്തില്‍ നിന്നു കേളകം പൊലിസ് നാടന്‍ തോക്ക് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തപ്പോഴായിരുന്നു സംഭവത്തില്‍ സജിയുടെ പങ്ക് വ്യക്തമായത്. ഇതേ തുടര്‍ന്നാണ് പൊലിസ് സജിയേയും പ്രതിചേര്‍ത്തത്. മല മാനിനെ വേട്ടയാടിക്കൊന്ന സംഭവത്തില്‍ കൊട്ടിയൂര്‍ വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഒളിവില്‍ കഴിയുകയായിരുന്ന സജി കഴിഞ്ഞ ദിവസം കൂത്തുപറമ്പ് കോടതിയില്‍ കീഴടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."