പോക്കറ്റ് റോഡുകള്‍ക്ക് സമീപം മാലിന്യം തള്ളുന്നത് പതിവാകുന്നു
വളാഞ്ചേരി: വളാഞ്ചേരി ടൗണിലെ പോക്കറ്റ് റോഡുകളില്‍ വ്യാപകമായ തോതില്‍ മാലിന്യം തളളുന്നത് പതിവാകുന്നു. വൈക്കത്തൂര്‍ ക്ഷേത്രം റോഡിലാണ് വ്യാപകമായി മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്. പെരിന്തല്‍മണ്ണ റോഡില്‍ നിന്നും ആരംഭിച്ച് നഗരസഭ ഓഫീസിന് സമീപം ദേശീയപാതയില്‍ എത്തിച്ചേരുന്ന ഈ റോഡിന് സമീപം പ്ലാസ്റ്റിക് ഉള്‍പ്പടെയുളള മാലിന്യങ്ങള്‍ നിക്ഷേപിക്കുകയും നിരവധി മദ്യ ക്കുപ്പികള്‍ പൊട്ടിച്ചിടുകയും ചെയ്തിട്ടും അധികൃതരുടെ ഭാഗത്തുനിന്നും അവ നീക്കം ചെയ്യുവാനോ രാത്രിയുടെ മറവില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താനോ ഒരു നടപടിയും ഇല്ലാത്തതില്‍ പ്രദേശവാസികളില്‍ പ്രതിഷേധം ശക്തമാണ്.
പെരിന്തല്‍മണ്ണ റോഡുമുതല്‍ ക്ഷേത്രത്തിലേക്ക് തിരിയുന്നതുവരെയുളള ഈ റോഡിനോട് ചേര്‍ന്ന സ്വകാര്യ വ്യക്തിയുടെ പറമ്പിലും വലിയ തോതില്‍ മാലിന്യം നിക്ഷേപിച്ചിട്ടുണ്ട്. മുമ്പ് ഇവിടെ നിക്ഷേപിച്ചിരുന്ന മാലിന്യം വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ രണ്ടു പ്രാവശ്യം നീക്കം ചെയ്തിരുന്നു. നഗരസഭയില്‍ ആറോളം പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചിട്ടും മാലിന്യം നീക്കം ചെയ്യുവാന്‍ അധികൃതര്‍ വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ടൗണിലെ കടകളില്‍ നിന്നുമുളള മാലിന്യങ്ങളും വൈക്കത്തൂര്‍ പ്രദേശത്തെ ഇതര സംസ്ഥാന തൊഴിലാളികളുമാണ് പ്രധാനമായും മാലിന്യം നിക്ഷേപിക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.മുന്നറിയിപ്പ് ബോര്‍ഡുകള്‍ക്ക് തൊട്ടുതാഴെയും മാലിന്യം നിക്ഷേപിച്ചിട്ടുണ്ട്. മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടുപിടിക്കുന്നതിനായി റോഡിന് സമീപം നിരീക്ഷണ കാമറ വെക്കുവാനുളള ഒരുക്കത്തിലാണ് വൈക്കത്തൂര്‍ റസിഡന്‍സ് അസോസിയേഷന്. മെയ് മൂന്നിന് ആരംഭിക്കുന്ന വൈക്കത്തൂര്‍ ക്ഷേത്രോത്സവത്തിന് മുന്നോടിയായെങ്കിലും പ്രദേശത്ത് നിക്ഷേപിച്ച മാലിന്യം നീക്കം ചെയ്യാനാവശ്യമായ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് പരിസര വാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."