ഓപറേഷന്‍ ഒളിംപ്യ പരിശീലകരായി ഒളിംപ്യന്‍മാരും വിദേശ കോച്ചുമാരും
തിരുവനന്തപുരം: ഓപറേഷന്‍ ഒളിംപ്യയുടെ ഭാഗമായി കൂടുതല്‍ പരിശീലനം നല്‍കാന്‍ ഒളിംപ്യന്‍മാരും വിദേശ പരിശീലകരും എത്തുന്നു. ആദ്യ ഘട്ടമായി ഒളിംപ്യന്‍മാരായ പി അനില്‍ കുമാര്‍, ഒ.പി ജെയ്ഷ, പി.ടി പൗലോസ് എന്നിവരെ പരിശീലകരായി നിയമിക്കാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തീരുമാനിച്ചു. ജൂണ്‍ ഒന്നിന് മൂവര്‍ക്കും നിയമനം നല്‍കും.
ജില്ലകള്‍ തോറും ടാലന്റ് ഹണ്ട് നടത്തി മികച്ച പ്രതിഭകളെ കണ്ടെത്തുകയാണ് മൂവരുടെയും ചുമതല. ഒളിംപ്യന്‍മാരായ നാല് പേരാണ് പരിശീലകരാകാന്‍ താത്പര്യം പ്രകടിപ്പിച്ച് സ്‌പോര്‍ട്‌സ് കൗണ്‍സിലിന് അപേക്ഷ നല്‍കിയിരുന്നത്. ഇവരില്‍ റിയോ ഒളിംപിക്‌സില്‍ 400 മീറ്ററില്‍ പങ്കെടുത്ത മുഹമ്മദ് അനസിനെ ഒഴിവാക്കി. അടുത്ത ഒളിംപിക്‌സിലേക്കും അനസ് യോഗ്യത നേടാനുള്ള സാധ്യത കണക്കിലെടുത്താണ് തത്കാലത്തേക്ക് ഒഴിവാക്കിയത്. നിലവില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ എലൈറ്റ് സ്‌കീം അത്‌ലറ്റാണ് അനസ്.
ഓപറേഷന്‍ ഒളിംപ്യയുടെ ഭാഗമായി 11 കായിക ഇനങ്ങളുടെ പരിശീലനത്തിനായി 13 ഒളിംപിക്ക് സെന്ററുകളാണ് വിവിധ ജില്ലകളിലായി ആരംഭിക്കുന്നത്. 250 താരങ്ങള്‍ക്ക് പരിശീലനം നല്‍കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയില്‍ 28 ദേശീയ പരിശീലകര്‍ ഉള്‍പ്പടെ 32 പേരെയാണ് പരിശീലനം നല്‍കാനായി നിയോഗിക്കുക. 17 വിദേശ പരിശീലകരും എത്തും.
സിഡ്‌നി ഒളിംപിക്‌സില്‍ 100 മീറ്ററില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച താരമാണ് അനില്‍ കുമാര്‍. നിലവില്‍ കൊല്ലം സായിയിലാണ് ജോലി. റെയില്‍വേ ഉദ്യോഗസ്ഥയായ ഒ.പി ജെയ്ഷ ദീര്‍ഘദൂര ഓട്ടത്തിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളാണ്. അത്‌ലറ്റിക്‌സിലാണ് ഇരുവരും പരിശീലനം നല്‍കുക. പി.ടി പൗലോസ് റോവിങില്‍ പുതിയ തലമുറയ്ക്ക് പരിശീലനം നല്‍കുന്ന ചുമതല ഏറ്റെടുക്കും.
കൂടുതല്‍ ഒളിംപ്യന്‍മാരെ പരിശീലകരായി നിയമിക്കാനാണ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ തീരുമാനം. താത്പര്യം പ്രകടിപ്പിക്കുന്നവര്‍ക്ക് നിയമനം നല്‍കാനും ദീര്‍ഘകാലമായി അവധിയിലുള്ള പരിശീലകരെ പിരിച്ചു വിടാനും തീരുമാനമായിട്ടുണ്ട്. കൂടാതെ മികവ് പുലര്‍ത്താത്ത പരിശീലകരെയും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഒഴിവാക്കും.
വിദേശ കോച്ചുമാരെ കേരളത്തില്‍ എത്തിച്ച് പരിശീലകര്‍ക്ക് പരിശീലനം നല്‍കാനുള്ള പദ്ധതിയും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തയ്യാറാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."