സുല്‍ത്താന്‍ അസ്ലന്‍ ഷാ കപ്പ് ഹോക്കി ഇന്ത്യക്ക് സമനിലത്തുടക്കം
ക്വാലാലംപൂര്‍: സുല്‍ത്താന്‍ അസ്ലന്‍ ഷാ കപ്പ് ഹോക്കി ടൂര്‍ണമെന്റില്‍ ബ്രിട്ടനെതിരായ ഉദ്ഘാടന പോരാട്ടത്തില്‍ ഇന്ത്യക്ക് സമനില തുടക്കം. 2-2നാണ് ഇന്ത്യയും ബ്രിട്ടനും സമനിലയില്‍ പിരിഞ്ഞത്.
അടിക്ക് തിരിച്ചടിയെന്ന നിലയിലാണ് ബ്രിട്ടന്‍ സമനില പിടിച്ചത്. 19ാം മിനുട്ടില്‍ അക്ഷദീപ് സിങിലൂടെ മുന്നിലെത്തിയ ഇന്ത്യയെ 25ാം മിനുട്ടില്‍ ടോം കാര്‍സന്‍ നേടിയ ഗോളില്‍ ബ്രിട്ടന്‍ ഒപ്പം പിടിച്ചു. 48ാം മന്‍ദീപ് സിങ് ഇന്ത്യയ്ക്ക് വീണ്ടും ലീഡൊരുക്കി. എന്നാല്‍ നാല് മിനുട്ടിനുള്ളില്‍ അലന്‍ ഫോര്‍സിതിലൂടെ ബ്രിട്ടന്‍ സമനില പിടിച്ചു വാങ്ങി. കഴിഞ്ഞ വര്‍ഷം ബ്രിട്ടനെ 2-1ന് പരാജയപ്പെടുത്തി ഇന്ത്യ ചാംപ്യന്‍സ് ട്രോഫി കിരീടം സ്വന്തമാക്കിയിരുന്നു. ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുന്ന ഇന്ത്യയ്ക്ക് ന്യൂസിലന്‍ഡാണ് എതിരാളികള്‍. ഈ മാസം രണ്ടിന് ഇന്ത്യ- ആസ്‌ത്രേലിയയുമായും മൂന്നിന് ജപാനുമായും അഞ്ചിന് മലേഷ്യയുമായും ഏറ്റുമുട്ടും.
ഉച്ചയ്ക്ക് ശേഷം കനത്ത മഴ പെയ്‌തൊഴിഞ്ഞ ശേഷമാണ് ടീമുകള്‍ ആദ്യ പോരിനിറങ്ങിയത്. കളിയുടെ തുടക്കത്തില്‍ ബ്രിട്ടന്റെ മുന്നേറ്റമാണ് കണ്ടത്. മൂന്ന് മിനുട്ടില്‍ ഇന്ത്യയുടെ പ്രത്യാക്രമണവും നടന്നെങ്കിലും അക്ഷദീപ് നേരിട്ട് നല്‍കിയ പാസില്‍ ഗോള്‍ നേടാനുള്ള എസ്.വി സുനിലിന്റെ ശ്രമം പാളി. 19ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ ഗോളാക്കി മാറ്റാനുള്ള മന്‍പ്രീദിന്റെ ശ്രമം ബ്രിട്ടീഷ് ഗോളി തട്ടി. പന്ത് റീ ബൗണ്ട് ചെയ്തപ്പോള്‍ ലഭിച്ചത് അക്ഷദീപിന്റെ പാകത്തില്‍. ഫ്‌ളിക്ക് ഷോട്ടിലൂടെ പന്ത് ഗോള്‍ പോസ്റ്റില്‍ നിക്ഷേപിക്കാന്‍ അക്ഷദീപിന് സാധിച്ചു. തൊട്ടടുത്ത മിനുട്ടില്‍ തന്നെ ബ്രിട്ടന്റെ പ്രത്യാക്രണം. പിന്നീട് തുടരെ ഇന്ത്യന്‍ പ്രതിരോധത്തെ പരീക്ഷിച്ച ബ്രിട്ടന് അതിന്റെ ഫലം 25ാം മിനുട്ടില്‍ തന്നെ ലഭിച്ചു. ഒല്ലി വില്ലേഴ്‌സിന്റെ മുന്നേറ്റം. മുന്നോട്ട് കുതിച്ച വില്ലേഴ്‌സ് പന്ത് കാര്‍സന് മറിയ്ക്കുന്നു. പന്ത് കൃത്യമായ ദിശയില്‍ വച്ച് ഗോളിലേക്ക് തൊടുക്കേണ്ട ബാധ്യത കാര്‍സന്‍ നിര്‍വഹിച്ചപ്പോള്‍ മലയാളി ഗോള്‍ കീപ്പര്‍ പി.ആര്‍ ശ്രീജേഷ് നിസഹായനായിരുന്നു.
48ാം മിനുട്ടില്‍ ഇന്ത്യയുടെ ലീഡ് ഗോള്‍. സുനിലിന്റെ പാസില്‍ നിന്ന് മന്‍പ്രീതിന്റെ ഗോള്‍ ഇന്ത്യയെ മുന്നിലെത്തിച്ചു. രണ്ടാം ഗോളിന്റെ ലീഡിനും അധികം ആയുസുണ്ടായില്ല. നാല് മിനുട്ടില്‍ വീണ്ടും ബ്രിട്ടന്റെ മറുപടി. ഫോര്‍സിതിന്റെ ഗോള്‍ ശ്രമം തടുക്കാന്‍ ഇന്ത്യന്‍ പ്രതിരോധത്തിന് സാധിക്കാതെ വന്നതോടെ ബ്രിട്ടന്‍ സമനില സ്വന്തമാക്കി.
ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ന്യൂസിലന്‍ഡ്- ആസ്‌ത്രേലിയ ടീമുകളും സമനിലയില്‍ പിരിഞ്ഞു. 1-1നാണ് മത്സരം സമനിലയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."