ഇടതുപക്ഷത്തിന്റെ നിലപാടുകളില്‍നിന്നു സര്‍ക്കാര്‍ വ്യതിചലിക്കുമ്പോഴാണ് സിപിഐ പ്രതികരിക്കുന്നത്: സത്യന്‍ മൊകേരി
ദോഹ: കേരള സര്‍ക്കാര്‍ ഇടതുപക്ഷത്തിന്റെ യഥാര്‍ഥ നിലപാടുകളില്‍നിന്നും വ്യതിചലിയ്ക്കുന്നുവെന്നു തോന്നുമ്പോഴാണ് സിപി ഐ പ്രതികരിക്കുന്നതെന്നു സിപിഐയുടെ മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായ സത്യന്‍ മൊകേരി.
മാവോവാദി വേട്ട, യുഎപിഎ, പോലിസിന്റെ അമിതാധികാര പ്രയോഗങ്ങള്‍, വര്‍ഗീസുമായി ബന്ധപ്പെട്ട സത്യവാങ്മൂലം തുടങ്ങിയവ അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.
ഖത്തറില്‍ ഹ്രസ്വ സന്ദര്‍ശനത്തിനെത്തിയ സത്യന്‍ മൊകേരി വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
സിപിഐ യഥാര്‍ഥ ഇടതുപക്ഷ നിലപാടാണ് പിന്തുടരുന്നത്. മൂന്നാറില്‍ ഉദ്യോഗസ്ഥന്‍മാര്‍ പ്രവര്‍ത്തിക്കുന്നത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. അവരെ ആര് ചീത്ത പറഞ്ഞാലും അത് അംഗീകരിക്കാനാവില്ല. ഇക്കാര്യത്തില്‍ മന്ത്രി എം എം മണിയുടെ നിലപാട് ശരിയല്ലെന്നും സത്യന്‍ മൊകേരി വ്യക്തമാക്കി.
ആതിരപ്പള്ളി പദ്ധതിയെക്കുറിച്ച് എല്‍ഡിഎഫ് പ്രകടന പത്രികയില്‍ ഒന്നും പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ അക്കാര്യത്തില്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കാന്‍ സിപിഐക്ക് അവകാശമുണ്ട്. സര്‍ക്കാരിന്റെ പല പ്രവര്‍ത്തനങ്ങളും സിപിഎമ്മിന്റെ തന്നെ നിലപാടുകള്‍ക്ക് വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊലിസ് തോന്നിയ പോലെ പ്രവര്‍ത്തിക്കുന്ന സാഹചര്യമുണ്ട്. ഇത് നിയന്ത്രിക്കപ്പെടേണ്ടതാണ്. സഖാവ് വര്‍ഗീസിന്റെ കാര്യത്തില്‍ അഫിഡവിറ്റ് നല്‍കിയതും ഇടതുപക്ഷ നിലപാടിന് എതിരാണ്.
ഇത്തരം വ്യതിചലനങ്ങള്‍ ഇടതിന്റെ പ്രതിഛായയെയാണ് ബാധിക്കുന്നത്. അത് തിരുത്തണമെന്നാണ് സിപിഐ പറയുന്നത്.
മലപ്പുറത്തിന്റെ മനസ്സ് വര്‍ഗീയമാണെന്ന അഭിപ്രായം സിപിഐക്കില്ല. എന്നാല്‍ അവിടെ ന്യൂനപക്ഷ, ഭൂരിപക്ഷ വര്‍ഗീയത ഉയര്‍ത്തിക്കൊണ്ട് വന്ന് മുതലെടുക്കാന്‍ ശ്രമിച്ച ശക്തികള്‍ക്കെതിരായ വിജയമാണ് എല്‍ഡിഎഫിനുണ്ടായ വോട്ട് വര്‍ധന.
ദേശീയ തലത്തില്‍ ബിജെപിക്കെതിരേ ഇടതു പാര്‍ട്ടികളും മതേതര ജനാധിപത്യ കക്ഷികളും വിശാലാടിസ്ഥാനത്തില്‍ യോജിച്ചു നില്‍ക്കണമെന്നാണ് സിപിഐ നിലപാട്. ഇത് തിരഞ്ഞെടുപ്പ് സഖ്യത്തില്‍ നിന്ന് വ്യത്യസ്തമാണ്. എന്നാല്‍, ഭാവിയില്‍ ഇത് എങ്ങിനെ ഉരുത്തിരിഞ്ഞു വരുമെന്നത് ഇപ്പോള്‍ പറയാനാവില്ല. സിപിഐ ദേശീയ കമ്മിറ്റിയുടെ ഇക്കാര്യത്തിലുള്ള തീരുമാനം സിപിഎമ്മുമായും ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സിപിഐയേക്കാള്‍ കോണ്‍ഗ്രസ്സുമായി യോജിച്ചു പ്രവര്‍ത്തിച്ചിട്ടുള്ളത് സിപിഎമ്മാണെന്ന് അതു സംബന്ധമായ ആരോപണങ്ങളോട് പ്രതികരിച്ചു കൊണ്ട് സത്യന്‍ മൊകേരി പറഞ്ഞു. യുപിഎ സര്‍ക്കാരിന് പിന്തുണ നല്‍കിയത്, ഇന്ധിരാ ഗാന്ധി മന്ത്രിസഭയെ പിന്തുണച്ചത്, വെസ്റ്റ് ബംഗാളിലെ സഖ്യം തുടങ്ങിയ കാര്യങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രവാസി ക്ഷേമ കമ്മിറ്റികളില്‍ സിപിഐക്ക് വേണ്ടത്ര പ്രാതിനിധ്യം ലഭിച്ചിട്ടില്ല. ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും സത്യന്‍ മൊകേരി പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ യുവ കലാസാഹിതി ഭാരവാഹികളായ കെ ഇ ലാലു, ഇബ്രു ഇബ്‌റാഹിം, അനില്‍, ഷാനവാസ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."